വ്യായാമം ശരീരത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ ഇന്ന് പലരിലും വ്യായാമം ഒരു ലഹരിയായി മാറിക്കൊണ്ടിരിക്കുകയാണ്. ജിമ്മുകളിൽ മണിക്കൂറുകളോളം ചിലവഴിക്കുന്നതും കഠിനമായ വ്യായാമമുറകൾ ശീലിക്കുന്നതും ഒരു ട്രെൻഡായി മാറിയിരിക്കുന്നു. എന്നാൽ ശാസ്ത്രീയമായ അറിവില്ലാതെയും ശരീരത്തിന്റെ പരിമിതികൾ മനസ്സിലാക്കാതെയും ചെയ്യുന്ന അമിത വ്യായാമം ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. നാം ചെയ്യുന്ന വ്യായാമം ആരോഗ്യത്തിനാണോ അതോ നാശത്തിനാണോ എന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താനാണ് ഭൂരിഭാഗം പേരും വ്യായാമം തുടങ്ങുന്നത്. എന്നാൽ അമിതമായാൽ ഇത് ഹൃദയത്തെ തന്നെ തകർക്കും എന്നതാണ് വസ്തുത. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം ഹൃദയാരോഗ്യത്തിന് ദിവസവും 30 മിനിറ്റ് മിതമായ രീതിയിലുള്ള എയറോബിക് വ്യായാമങ്ങൾ മാത്രം മതിയാകും. എന്നാൽ ഇതിൽ കൂടുതൽ കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നവരിൽ ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നത് പതിവാകുന്നു. മാരത്തോൺ അല്ലെങ്കിൽ ട്രയാത്ത്‌ലോൺ പോലുള്ള അതിതീവ്രമായ അധ്വാനങ്ങൾ ഹൃദയ പേശികളിൽ സൂക്ഷ്മമായ പരിക്കുകൾ ഏൽപ്പിക്കാൻ കാരണമാകുന്നു. ഇത് ഹൃദയത്തിന് കടുത്ത സമ്മർദം നൽകുകയും പിൽക്കാലത്ത് ഗുരുതരമായ ഹൃദയരോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
തുടർച്ചയായി വർഷങ്ങളോളം അതിതീവ്ര വ്യായാമങ്ങൾ ചെയ്യുന്നവരിൽ ഹൃദയധമനികളിൽ മാറ്റങ്ങൾ വരുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. കഠിനമായ അധ്വാനം ഹൃദയ ഭിത്തികളിൽ തഴമ്പുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. കൂടാതെ ധമനികളിൽ കാൽസ്യം അടിഞ്ഞുകൂടുന്നത് രക്തപ്രവാഹത്തെ തടസ്സപ്പെടുത്തും. അത്‌ലറ്റുകളിലും കഠിന വ്യായാമം ചെയ്യുന്നവരിലും കാണപ്പെടുന്ന 'സ്പോർട്സ് ഹാർട്ട് സിൻഡ്രോം' നിസ്സാരമായി കാണരുത്. വ്യായാമത്തിനിടയിൽ ഉണ്ടാകുന്ന അമിതമായ നെഞ്ചിടിപ്പും ശ്വാസംമുട്ടലും ശരീരം നൽകുന്ന അപായസൂചനകളാണ്. ഇവ അവഗണിക്കുന്നത് പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന് പോലും കാരണമായേക്കാം.
സൗന്ദര്യം വർധിപ്പിക്കാൻ വ്യായാമം ചെയ്യുന്നവരും ജാഗ്രത പാലിക്കണം. മിതമായ വ്യായാമം ശരീരത്തിലെ രക്തയോട്ടം കൂട്ടി ചർമ്മത്തിന് തിളക്കം നൽകുമെന്നത് ശരിയാണ്. എന്നാൽ വ്യായാമം പരിധി വിടുമ്പോൾ ശരീരത്തിൽ കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോണിന്റെ അളവ് കുതിച്ചുയരുന്നു. ഇത് ചർമ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുകയും ചർമ്മം തളർന്ന് പ്രായം കൂടുതൽ തോന്നിപ്പിക്കുകയും ചെയ്യും. ചർമ്മത്തിലെ ഇലാസ്തികത നഷ്ടപ്പെടാൻ അമിത വ്യായാമം കാരണമാകുന്നുണ്ട്. അമിതമായ വിയർപ്പ് മൂലം ശരീരത്തിലെ ജലാംശം കുറയുന്നതും ചർമ്മത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
പേശികളുടെ ആരോഗ്യത്തിന് വ്യായാമം അത്യാവശ്യമാണെങ്കിലും മതിയായ വിശ്രമം നൽകേണ്ടത് അതിനേക്കാൾ പ്രധാനമാണ്. വ്യായാമം ചെയ്യുമ്പോൾ പേശികളിൽ ചെറിയ തോതിൽ മുറിവുകൾ സംഭവിക്കുന്നുണ്ട്. ഇവ ഉണങ്ങാനും പേശികൾ കരുത്താർജ്ജിക്കാനും വിശ്രമം ആവശ്യമാണ്. വിശ്രമമില്ലാതെ കഠിന വ്യായാമം തുടരുന്നത് പേശികളുടെ തകർച്ചയ്ക്കും വിട്ടുമാറാത്ത സന്ധിവേദനയ്ക്കും വഴിവെക്കും. ഓരോ ദിവസത്തെ വർക്ക്ഔട്ടിന് ശേഷവും ശരീരം വീണ്ടെടുക്കാൻ സമയം നൽകണം. ഇല്ലെങ്കിൽ അത് ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രതിരോധശേഷിയെ തന്നെ ദുർബലപ്പെടുത്തും.
വ്യായാമം ആരംഭിക്കുന്നതിന് മുൻപ് സ്വന്തം ശരീരത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുക എന്നതാണ് പ്രധാനം. പ്രായം, ജീവിതശൈലി, ആരോഗ്യസ്ഥിതി എന്നിവ നോക്കി വേണം ഓരോരുത്തരും വ്യായാമങ്ങൾ തിരഞ്ഞെടുക്കാൻ. മറ്റൊരു വ്യക്തി ചെയ്യുന്നത് കണ്ടോ സോഷ്യൽ മീഡിയയിലെ ട്രെൻഡുകൾ നോക്കിയോ വ്യായാമം പ്ലാൻ ചെയ്യുന്നത് അപകടകരമാണ്. ശരീരത്തിന് താങ്ങാൻ കഴിയുന്നതിലപ്പുറം ഭാരം ഉയർത്തുന്നതും ദീർഘദൂരം ഓടുന്നതും ഒഴിവാക്കുക. എപ്പോഴും മിതത്വം പാലിക്കുക എന്നതാണ് ആരോഗ്യത്തിലേക്കുള്ള എളുപ്പവഴി.
ഉയർന്ന രക്തസമ്മർദമോ പ്രമേഹമോ ഉള്ളവർ വ്യായാമം തുടങ്ങുന്നതിന് മുൻപ് തീർച്ചയായും ഡോക്ടറുടെ നിർദേശം തേടിയിരിക്കണം. വ്യായാമത്തോടൊപ്പം സമീകൃതമായ ഭക്ഷണക്രമവും ധാരാളം വെള്ളം കുടിക്കുന്നതും നിർബന്ധമാണ്. ശരീരം നൽകുന്ന തളർച്ചയുടെയും വേദനയുടെയും സൂചനകൾ ഒരിക്കലും അവഗണിക്കരുത്. ഓർക്കുക, ആരോഗ്യം സംരക്ഷിക്കാനാണ് നാം വ്യായാമം ചെയ്യുന്നത്, അത് സ്വന്തം ജീവനെടുക്കാനുള്ള ഒന്നായി മാറരുത്. കൃത്യമായ പ്ലാനിംഗും മിതത്വവും ഉണ്ടെങ്കിൽ വ്യായാമത്തിലൂടെ നമുക്ക് ഉന്മേഷദായകമായ ജീവിതം നയിക്കാം.