തേൻ തിളച്ച വെള്ളത്തിൽ ഒഴിക്കാറുണ്ടോ?; എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം...

തേൻ കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതും

Update: 2026-04-01 10:21 GMT

നമ്മുടെ ഭക്ഷണക്രമത്തിൽ പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച പ്രകൃതിദത്ത മധുരമാണ് തേൻ. ചായയിലോ ബ്രഡിലോ,ചപ്പാത്തിയിലോ രാവിലെ എഴുന്നേൽക്കുമ്പോൾ ഇളംചൂടുവെള്ളത്തിലോ ചേർത്ത് തേൻ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് നമ്മൾ വിശ്വസിക്കുന്നു. എന്നാൽ, തേൻ കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതും.

തേൻ സുരക്ഷിതമാണ്, പക്ഷേ 

നൂറ്റാണ്ടുകളായി മനുഷ്യൻ ഭക്ഷണത്തിന്റെ ഭാഗമാണ് തേൻ. ഇതിലെ ഔഷധഗുണങ്ങളും രുചിയും തന്നെയാണ് ഇതിനെ പ്രിയങ്കരമാക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ ഭക്ഷണക്രമത്തിൽ തേൻ ഉൾപ്പെടുത്തുന്നത് സുരക്ഷിതമാണ്.പക്ഷേ നമ്മള്‍ തേന്‍ ഉപയോഗിക്കുന്ന രീതി ചിലപ്പോള്‍ തേനിന്‍റെ ഗുണങ്ങള്‍ നഷ്ടപ്പെടുത്തിയേക്കാം. 

Advertising
Advertising

തേനിന്റെ ആരോഗ്യ ഗുണം നിലനിർത്തുന്നതിൽ അതിന്റെ താപനില, സൂക്ഷിക്കുന്ന രീതി, പാചകം ചെയ്യുന്ന വിധം എന്നിവയ്ക്ക് വലിയ പങ്കുണ്ട്. പലരും ഇതിനെക്കുറിച്ച് ബോധവാന്മാരല്ല.

തേൻ ചൂടാക്കുമ്പോൾ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്നും അത് എങ്ങനെ ശരിയായ രീതിയിൽ ഉപയോഗിക്കാമെന്നും പറയുകയാണ്  പോഷകാഹാര വിദഗ്ധയായ നമാമി അഗർവാൾ. ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വിഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 


തേൻ ചൂടാക്കിയാൽ എന്ത് സംഭവിക്കും?

മിതമായ ചൂട് കുഴപ്പമില്ല

ഭക്ഷണത്തിലോ ബേക്കിംഗിലോ തേൻ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്ന്  നമാമി അഗർവാൾ പറയുന്നു.  ചെറിയ ചൂടുള്ള ഭക്ഷണങ്ങളിൽ തേൻ ചേർക്കുന്നതിനെക്കുറിച്ച് ഓർത്ത് പരിഭ്രാന്തിപ്പെടേണ്ടതില്ലെന്ന് നമാമി അഗർവാൾ വ്യക്തമാക്കുന്നു.

വില്ലന്‍ അമിതമായ ചൂട്

യഥാർത്ഥ പ്രശ്നം തുടങ്ങുന്നത് അമിതമായ ചൂടിലാണ്. ഉയർന്ന താപനിലയിൽ തേൻ ചൂടാക്കുമ്പോൾ അതിലെ പ്രകൃതിദത്ത ഘടകങ്ങൾ വിഘടിക്കപ്പെടുന്നു. തേനിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍, എൻസൈമുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ നശിക്കാൻ ഇത് കാരണമാകുന്നു.

പോഷകഗുണം കുറയുന്നു

അമിതമായി ചൂടാകുമ്പോൾ തേനിന്റെ യഥാർത്ഥ ഗുണങ്ങൾ നഷ്ടപ്പെടുന്നു. തേനിന്റെ സ്വാഭാവിക രുചി, ഗന്ധം, നിറം എന്നിവയിൽ മാറ്റം വരാം. ഇങ്ങനെ ചെയ്യുമ്പോൾ തേനിന് മധുരം അനുഭവപ്പെടുമെങ്കിലും, അതിൽ നിന്ന് ലഭിക്കേണ്ട ഔഷധ-പോഷക ഗുണങ്ങൾ ലഭിക്കില്ല.

ഉയർന്ന ചൂട് ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?

ഏകദേശം 40°C (104°F) ന് മുകളിലുള്ള താപനില തേനിന്റെ ഘടനയെ മാറ്റാൻ തുടങ്ങുമെന്ന് നമാമി അഗർവാൾ ചൂണ്ടിക്കാട്ടുന്നു. ഇതിനെ 'തെർമൽ ഡീഗ്രേഡേഷൻ'  എന്നാണ് വിളിക്കുന്നത്. ഉയർന്ന ചൂടിൽ ദീർഘനേരം ഇരിക്കുന്നത് തേനിന്റെ ഗുണനിലവാരം പൂർണ്ണമായും ഇല്ലാതാക്കും.കാലക്രമേണ, ഇത് അതിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം കുറയ്ക്കുന്നു.


തേന്‍ എങ്ങനെ ഉപയോഗിക്കാം...

തേനിൽ നിന്നുള്ള പരമാവധി ഗുണങ്ങൾ ശരീരത്തിന് ലഭിക്കണമെങ്കിൽ നിങ്ങളുടെ ശീലങ്ങളിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ മതി:

തിളച്ച വെള്ളം വേണ്ട

തേൻ എപ്പോഴും ഇളം ചൂടുള്ള  വെള്ളത്തിൽ മാത്രം ചേർക്കുക; തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ ചേർക്കുന്നത് ഒഴിവാക്കുക.

പാചകത്തിന് ശേഷം ചേർക്കാം

ഉയർന്ന ചൂടിൽ പാചകം ചെയ്യുന്ന സമയത്ത് തേൻ ചേർക്കുന്നതിന് പകരം, വിഭവം തയ്യാറായിക്കഴിഞ്ഞ ശേഷം അതിനു മുകളിൽ ഒഴിച്ചുപയോഗിക്കുക.

വീണ്ടും വീണ്ടും ചൂടാക്കരുത്

തേൻ വീണ്ടും വീണ്ടും ചൂടാക്കുന്നത് അതിന്റെ ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കും.

പാചകത്തിന്‍റെ അവസാന ഘട്ടത്തിൽ മാത്രം

പാചകം തുടങ്ങുമ്പോൾ ചേർക്കുന്ന ഒരു പ്രധാന ഘടകമായി ഉപയോഗിക്കാതെ, വിഭവത്തിന് രുചി കൂട്ടാൻ ഏറ്റവും അവസാനം ചേർക്കുന്ന ചേരുവയായി തേനിനെ മാറ്റുക.

മുറിയിലെ താപനിലയിൽ സൂക്ഷിക്കുക

 തേൻ കേടുകൂടാതെ ഇരിക്കാൻ ഫ്രിഡ്ജിൽ വെക്കേണ്ട ആവശ്യമില്ല. ഈർപ്പമില്ലാത്ത സ്ഥലത്ത് മുറിയിലെ താപനിലയിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.

ചൂടാക്കുന്നത് കൊണ്ട് തേൻ പൂർണ്ണമായും വിഷാംശമായി മാറുന്നില്ല. എങ്കിലും, അതിലെ സ്വാഭാവിക ഗുണങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നത് മാത്രമല്ല, അത് ശരിയായ രീതിയിൽ ഉപയോഗിക്കുക എന്നത് കൂടി പ്രധാനമാണെന്ന് മറക്കാതിരിക്കുക.രുചികരവും ആരോഗ്യപ്രദവുമായ ഈ പ്രകൃതിദത്ത മധുരം അതിന്റെ പൂർണ്ണമായ ഗുണത്തോടെ ആസ്വദിക്കാൻ ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഏറെ ഉപകരിക്കും.


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - ഹെൽത്ത് ഡെസ്ക്

contributor

Similar News