കൊന്നാലും ചിരിനിർത്തില്ല, അങ്ങനെയൊരാൾ കൂട്ടത്തിലുണ്ടോ? ഈ രോ​ഗമാകാം

ഒരു ചെറിയ തമാശ കേട്ടാൽ മതി, അവർക്ക് പത്തോ ഇരുപതോ മിനിറ്റ് നേരത്തേക്ക് നിർത്താതെ ചിരിക്കേണ്ടി വരുന്നു

Update: 2026-03-31 15:08 GMT

എല്ലാ കൂട്ടത്തിലും കാണും നിർത്താതെ ചിരിക്കുന്ന ഒരു സുഹൃത്ത്. ഒരു ചെറിയ തമാശ കേട്ടാൽ മതി, പിന്നെ അവരെ പിടിച്ചാൽ കിട്ടില്ല. ചിരിച്ചു ചിരിച്ച് കണ്ണിൽ വെള്ളം വരുന്നത് വരെ ആ ചിരി നീണ്ടുനിൽക്കും. എന്നാൽ ചിലരിലെങ്കിലും ഈ ചിരി വെറും സന്തോഷം കൊണ്ടല്ല, മറിച്ച് തലച്ചോറിലെ ചില സങ്കീർണ്ണമായ തകരാറുകൾ മൂലമാകാമെന്ന് എത്രപേർക്കറിയാം? ചിരിയും കരച്ചിലും പോലും സ്വന്തം നിയന്ത്രണത്തിലല്ലാതെ വരികയും, അത് ജീവിതത്തിന്റെ താളം തെറ്റിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയുണ്ട്. മെഡിക്കൽ ലോകം ഇതിനെ സ്യൂഡോബൾബർ അഫെക്ട് എന്നാണ് വിളിക്കുന്നത്. കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും, ഈ രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവർ അനുഭവിക്കുന്ന മാനസികവും സാമൂഹികവുമായ ഒറ്റപ്പെടൽ വിവരിക്കാനാവാത്തതാണ്.

Advertising
Advertising

സാധാരണഗതിയിൽ ഒരാൾ ചിരിക്കുകയോ കരയുകയോ ചെയ്യുന്നത് ആ സാഹചര്യത്തിന് അനുസരിച്ചുള്ള വികാരങ്ങൾ മനസ്സിലുണ്ടാകുമ്പോഴാണ്. എന്നാൽ പിബിഎ ബാധിച്ചവർക്ക് അവരുടെ വൈകാരിക പ്രകടനങ്ങളുടെ മേൽ യാതൊരു നിയന്ത്രണവുമുണ്ടാകില്ല. ഒരു ചെറിയ തമാശ കേട്ടാൽ മതി, അവർക്ക് പത്തോ ഇരുപതോ മിനിറ്റ് നേരത്തേക്ക് നിർത്താതെ ചിരിക്കേണ്ടി വരുന്നു. അതുപോലെ തന്നെ തീരെ നിസ്സാരമായ കാര്യങ്ങൾക്ക് പോലും അനിയന്ത്രിതമായി പൊട്ടിക്കരയുകയും ചെയ്യും. ഇതിലും വിചിത്രമായ മറ്റൊരു വശമുണ്ട്; ചിലർക്ക് തമാശ കേൾക്കുമ്പോൾ കരച്ചിലും, സങ്കടം തോന്നുമ്പോൾ അകാരണമായ പൊട്ടിച്ചിരിയുമാണ് വരിക. ഈ വൈകാരിക വൈരുധ്യം പലപ്പോഴും മറ്റുള്ളവരിൽ വലിയ രീതിയിലുള്ള തെറ്റിദ്ധാരണകൾ ഉണ്ടാക്കാൻ കാരണമാകാറുണ്ട്.

തലച്ചോറിനെ ബാധിക്കുന്ന ഗൗരവകരമായ ചില നാഡീരോഗങ്ങളുടെ അനുബന്ധമായാണ് പിബിഎ പ്രത്യക്ഷപ്പെടാറുള്ളത്. പക്ഷാഘാതം, അൽഷിമേഴ്‌സ്, പാർക്കിൻസൺസ് രോഗം, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, അല്ലെങ്കിൽ തലയ്ക്കേറ്റ ഗുരുതരമായ പരിക്കുകൾ എന്നിവ ഇതിന് കാരണമാകാം. നമ്മുടെ തലച്ചോറിൽ വൈകാരിക പ്രതികരണങ്ങളെ നിയന്ത്രിക്കുന്ന പാതകളിലുണ്ടാകുന്ന തകരാറാണ് ഇതിന് പിന്നിലെ വില്ലൻ. വികാരങ്ങളെ നിയന്ത്രിക്കാനുള്ള സിഗ്നലുകൾ കൃത്യമായി കൈമാറ്റം ചെയ്യപ്പെടാത്തതുകൊണ്ട്, ആ സാഹചര്യത്തിന് ഒട്ടും അനുയോജ്യമല്ലാത്ത പ്രതികരണങ്ങൾ ശരീരം താനേ പുറപ്പെടുവിക്കുന്നു.

പൊതുസ്ഥലങ്ങളിലും ഔദ്യോഗിക ചടങ്ങുകളിലും ഇത്തരത്തിലുള്ള അപ്രതീക്ഷിത പ്രതികരണങ്ങൾ ഉണ്ടാകുന്നത് രോഗിയെ മാനസികമായി തളർത്തുന്ന കാര്യമാണ്. മറ്റുള്ളവർ ഇവരെ പരിഹസിക്കാനോ അല്ലെങ്കിൽ ഇവർക്ക് മാനസിക നില തെറ്റിയെന്ന് മുദ്രകുത്താനോ ഉള്ള സാധ്യത വളരെ കൂടുതലാണ്. പലപ്പോഴും ഇത്തരം ലക്ഷണങ്ങളെ വിഷാദരോഗമോ മറ്റു മാനസിക പ്രശ്നങ്ങളോ ആയി വൈദ്യശാസ്ത്ര രംഗത്തുള്ളവർ പോലും തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ പിബിഎ എന്നത് ഒരു പക്കാ നാഡീരോഗാവസ്ഥയാണ്. രോഗിക്ക് ഉള്ളിൽ വലിയ സങ്കടം തോന്നണമെന്നില്ല, പക്ഷേ പുറത്തേക്ക് വരുന്നത് അനിയന്ത്രിതമായ കരച്ചിലായിരിക്കും. ഈ വ്യത്യാസം തിരിച്ചറിയാത്തതാണ് രോഗിയെ സമൂഹത്തിൽ നിന്ന് കൂടുതൽ ഒറ്റപ്പെടുത്തുന്നത്.

ഈ അവസ്ഥ പൂർണ്ണമായും ചികിത്സിച്ചു മാറ്റാൻ നിലവിൽ ശാശ്വതമായ മാർഗങ്ങളില്ല. എങ്കിലും, കൃത്യമായ രോഗനിർണ്ണയത്തിലൂടെയും മരുന്നുകളിലൂടെയും ഇതിനെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും. മസ്തിഷ്കത്തിലെ രാസപ്രവർത്തനങ്ങളെ ക്രമീകരിക്കുന്ന 'ഡെക്‌സ്ട്രോമെത്തോർഫൻ', 'ക്വിനിഡിൻ' തുടങ്ങിയ മരുന്നുകൾ ഇത്തരം അനിയന്ത്രിതമായ വികാര പ്രകടനങ്ങളുടെ തീവ്രത കുറയ്ക്കാൻ സഹായിക്കാറുണ്ട്. ഇതിനോടൊപ്പം തന്നെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും പിന്തുണ അത്യാവശ്യമാണ്. ഇതൊരു രോഗാവസ്ഥയാണെന്നും ബോധപൂർവ്വം ചെയ്യുന്നതല്ലെന്നും ചുറ്റുമുള്ളവർ തിരിച്ചറിയുന്നതാണ് ഇതിനുള്ള ഏറ്റവും വലിയ ആശ്വാസം. അകാരണമായി ചിരിക്കുന്നവരെയോ കരയുന്നവരെയോ നോക്കി നെറ്റി ചുളിക്കുന്നതിന് മുൻപ്, അതൊരുപക്ഷേ അവരുടെ നിയന്ത്രണത്തിന് അപ്പുറത്തുള്ള ഈ അവസ്ഥയാകാമെന്ന് നമ്മൾ ഓർത്തുവെക്കണം.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - ഹെൽത്ത് ഡെസ്ക്

contributor

Similar News