പ്രായം കുറക്കാനുള്ള മരുന്നോ? തീൻമേശയിലുണ്ട് ഉത്തരം; ഈ 10 ഭക്ഷണരീതികൾ ശീലിച്ചുനോക്കൂ, മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തും

തീൻമേശയിൽ ശീലിച്ച് തുടങ്ങാവുന്ന പത്ത് ഭക്ഷണരീതികൾ പരിചയപ്പെടാം

Update: 2026-11-09 11:50 GMT

ആരോഗ്യത്തോടെ ഒരുപാട് കാലം ജീവിക്കണം. പ്രായം കൂടുമ്പോഴും ശരീരവും മനസും ചെറുപ്പമായിരിക്കണം. ഇത്തരമൊരു ആഗ്രഹമില്ലാത്തവർ കുറവായിരിക്കും നമുക്കിടയിൽ. പ്രായോഗികമായി, വാർധക്യത്തെ തടഞ്ഞുനിർത്താനാകില്ലെങ്കിലും, അതിന്റെ വേഗത കുറയ്ക്കുന്നതിൽ നാം കഴിക്കുന്ന ഭക്ഷണത്തിന് പങ്കുണ്ടോ? ഉണ്ടെന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ പറയുന്നത്. പ്രത്യേക ഭക്ഷണക്രമങ്ങളൊന്നും പിന്തുടരാതെ, ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ മാത്രം ആരോഗ്യകരമായ ശാരീരികാവസ്ഥയിലേക്ക് നീങ്ങാൻ കഴിഞ്ഞേക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

Advertising
Advertising

വർഷാവർഷവുമുള്ള പിറന്നാൾ ആഘോഷങ്ങളോടൊപ്പം പ്രായം കൂടുന്നത് സ്വാഭാവികമായിരിക്കും. എന്നാൽ ജനനത്തീയതി നോക്കി ഒരാളുടെ ശരീരത്തിന്റെ യഥാർഥ പ്രായം കണക്കാക്കാനൊക്കുമോ? ഒരേ പ്രായമുള്ള രണ്ടുപേരെ എടുത്ത് നോക്കിയാൽ തന്നെയും ഒരാൾ കൂടുതൽ ആരോഗ്യവാനായിരിക്കാം. മറ്റൊരാൾക്ക് ചെറുപ്രായത്തിൽ തന്നെ വാർധക്യത്തിന്‍റേതിന് സമമായ സൂചനകൾ കണ്ടുതുടങ്ങിയിട്ടുമുണ്ടാകും. അഥവാ, കലണ്ടറിൽ രേഖപ്പെടുത്തിയ പ്രായവും ശരീരത്തിന്റെ ജൈവിക പ്രായവും എല്ലായ്പ്പോഴും ഒന്നായിരിക്കണമെന്നില്ലെന്ന് ചുരുക്കം.

ഈ വ്യത്യാസത്തിലേക്കാണ് ജർമൻ സെന്റർ ഫോർ ന്യൂറോഡിജനറേറ്റീവ് ഡിസീസസിലെ ഗവേഷകർ ഏറ്റവും പുതിയ പഠനറിപ്പോർട്ടിലൂടെ വെളിച്ചം വീശാൻ ശ്രമം നടത്തിയത്. 6,470 പേരുടെ ഭക്ഷണശീലങ്ങളും ഡിഎൻഎയിലെ മാറ്റങ്ങളും വിശകലനം ചെയ്തപ്പോൾ ആരോഗ്യകരമായ ഭക്ഷണരീതികൾ പിന്തുടരുന്നവരിൽ ജൈവികമായ വാർധക്യത്തിന്റെ വേഗത കുറവാണെന്നതാണ് ഇവരുടെ കണ്ടെത്തൽ. നാച്വർ കമ്യൂണിക്കേഷൻ ജേണലിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏകദേശം 8.5 ലക്ഷം ഡിഎൻഎകൾ പരിശോധിച്ചാണ് ഗവേഷകർ ശരീരത്തിന്റെ ജൈവിക പ്രായവുമായി ബന്ധപ്പെട്ട സൂചനകൾ കണ്ടെത്തിയത്. 

ആരോഗ്യകരമായ വാർധക്യത്തിന് സഹായിക്കുന്ന 10 ഭക്ഷണരീതികൾ

1. മെഡിറ്ററേനിയൻ ഡയറ്റ്

പഴങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, നട്സ്, ധാന്യങ്ങൾ, മത്സ്യം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഭക്ഷണരീതിയാണിത്. ഒലിവ് ഓയിൽ പോലുള്ള ആരോഗ്യകരമായ വസ്തുക്കളും ഇതിന്റെ ഭാഗമാണ്. അമിതമായി എണ്ണയിൽ പൊരിച്ചെടുക്കുന്ന മാംസ പലഹാരങ്ങൾ നിയന്ത്രിച്ചുകൊണ്ടുള്ളതാണ് ഈ ഭക്ഷണരീതി.

2. ഡാഷ് ഡയറ്റ്

രക്തസമ്മർദം നിയന്ത്രിക്കാൻ രൂപപ്പെടുത്തിയ ഭക്ഷണരീതി ഡാഷ് ഡയറ്റ്. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുകയും പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്നതാണിത്.

3. മൈൻഡ് ഡയറ്റ്

തലച്ചോറിന്റെ ആരോഗ്യത്തിന് പ്രാധാന്യം നൽകുന്ന ഭക്ഷണക്രമം. മെഡിറ്ററേനിയൻ, ഡാഷ് ഭക്ഷണരീതികളുടെ സവിശേഷതകൾ കൂട്ടിച്ചേർത്തതാണ് ഇത്. ഇലക്കറികൾ, ബെറികൾ, നട്സ്, ധാന്യങ്ങൾ എന്നിവയുടെ ഉപയോഗം ഈ ഡയറ്റിൽ സുപ്രധാനം.

4. ആൾട്ടർനേറ്റീവ് ഹെൽത്തി ഈറ്റിങ് ഇൻഡക്സ്

ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ജീവിതശൈലീരോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ഭക്ഷണങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്ന രീതിയാണിത്. ആരോഗ്യകരമായ ജീവിതരീതി പിന്തുടരുന്നവർക്ക് ഈ ഭക്ഷണരീതി പ്രധാനം.

5. നോർഡിക് ഡയറ്റ്

വടക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ പരമ്പരാഗത ഭക്ഷണശീലങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് നോർഡിക് ഡയറ്റ്. ഓട്സ്, റൈ, പച്ചക്കറികൾ, മത്സ്യം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതാണ് ഈ രീതി.

6. ഈറ്റ് ലാൻസെറ്റ് ഡയറ്റ്

മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം പരിസ്ഥിതിയുടെ സംരക്ഷണവും പരിഗണിക്കുന്ന ഭക്ഷണരീതിയാണിത്. സസ്യാധിഷ്ഠിത ഭക്ഷണങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം.

7. പ്ലാന്റ് ബേസ്ഡ് ഡയറ്റ് ഇൻഡക്സ്

മാംസാഹാരത്തേക്കാൾ സസ്യാധിഷ്ഠിത ഭക്ഷണങ്ങൾക്ക് എത്രത്തോളം പ്രാധാന്യം നൽകുന്നു എന്ന് വിലയിരുത്തുന്ന ഡയറ്റ് രീതിയാണിത്.

8. ഹെൽത്ത്ഫുൾ പ്ലാന്റ് ബേസ്ഡ് ഡയറ്റ്

പഴങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, മുഴുധാന്യങ്ങൾ തുടങ്ങിയ പോഷകസമൃദ്ധമായ സസ്യാഹാരങ്ങൾക്ക് മുൻഗണന നൽകും.

9. അൺഹെൽത്ത്ഫുൾ പ്ലാന്റ് ബേസ്ഡ് ഡയറ്റ്

പഞ്ചസാര ചേർത്ത പാനീയങ്ങൾ, മധുരപലഹാരങ്ങൾ, സംസ്കരിച്ച ധാന്യങ്ങൾ തുടങ്ങിയ പോഷകഗുണം കുറഞ്ഞ സസ്യാധിഷ്ഠിത ഭക്ഷണങ്ങളുടെ ഉപയോഗം വിലയിരുത്തുന്ന രീതിയാണിത്.

10. ഡയറ്ററി ഇൻഫ്ലമേറ്ററി ഇൻഡക്സ്

ഒരു വ്യക്തിയുടെ ഭക്ഷണക്രമം ശരീരത്തിലെ വീക്കമുണ്ടാക്കുന്ന പ്രക്രിയയെ എത്രത്തോളം സ്വാധീനിക്കാമെന്ന് വിലയിരുത്തുന്ന രീതിയാണിത്.

ഇത് കൂടാതെ, പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതുകൊണ്ട് മാത്രം ഭക്ഷണക്രമം ആരോഗ്യകരമാകില്ലെന്ന മുന്നറിയിപ്പും പഠനം നൽകുന്നുണ്ട്. സസ്യാഹാരമാണെങ്കിലും സംസ്കരിച്ച ധാന്യങ്ങൾ, മധുരപലഹാരങ്ങൾ, പഞ്ചസാര ചേർത്ത പാനീയങ്ങൾ എന്നിവ അമിതമായി ഉൾപ്പെടുത്തിയാൽ അത് ആരോഗ്യകരമായ ഭക്ഷണക്രമമാകണമെന്നില്ല. അതുകൊണ്ടാണ് ആരോഗ്യകരവും അനാരോഗ്യകരവുമായ സസ്യാധിഷ്ഠിത ഭക്ഷണരീതികളെ ഗവേഷകർ പ്രത്യേകം വിലയിരുത്തിയത്. ഭക്ഷണത്തിൽ എന്തൊക്കെ ഉൾപ്പെടുത്തുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് എന്തൊക്കെ ഉപേക്ഷിക്കുന്നുവെന്നതും.

നമ്മുടെ തീൻമേശയിലും മാറ്റങ്ങൾ വരുത്താം

മെഡിറ്ററേനിയൻ ഡയറ്റോ നോർഡിക് ഡയറ്റോ അതേപടി പിന്തുടരാൻ എല്ലാവർക്കും കഴിയണമെന്നില്ല. അതിന് ചെലവും ലഭ്യതയും ഭക്ഷണശീലങ്ങളുമെല്ലാം തടസമാവാനുള്ള സാധ്യതയേറെയാണ്. എന്നാൽ, ഈ ഭക്ഷണരീതികളിലെ ആരോഗ്യകരമായ ചില ശീലങ്ങൾ നമ്മുടെ പതിവ് ഭക്ഷണക്രമത്തിലും ഉൾപ്പെടുത്താനാകും. ചോറിനൊപ്പം പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്തുക. പയർവർഗങ്ങൾ, കടല, ചെറുപയർ എന്നിവ ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തുക. പഴങ്ങൾ പതിവാക്കുക. അമിതമായ ഉപ്പും പഞ്ചസാരയും കുറയ്ക്കുക. എണ്ണയിൽ വറുത്തതും അമിതമായി സംസ്കരിച്ചതുമായ ഭക്ഷണങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക. മത്സ്യം, നട്സ് തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ലഭ്യതയ്ക്കും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ച് ഉൾപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്കും ആരോഗ്യത്തോടെ ഇനിയുള്ള നാളുകൾ തള്ളിനീക്കാനായേക്കും.

ആരോഗ്യകരമായി ജീവിക്കാൻ ഭക്ഷണത്തിൽ വലിയ വിപ്ലവം തന്നെ വേണമെന്നില്ല. ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതും അവ സ്ഥിരമായി തുടരുന്നതും പ്രധാനമാണ്. പ്രായം കൂടുന്നത് നമുക്ക് തടയാനാകില്ലെന്നത് പ്രത്യേകം ഓർക്കുകകൂടി വേണം. എങ്കിലും, പ്രായം കൂടുമ്പോഴും ആരോഗ്യവും ഓർമശക്തിയും ശാരീരികക്ഷമതയും നിലനിർത്താൻ നമുക്കെല്ലാവർക്കും ചെയ്യാനാകുന്ന ചില കാര്യങ്ങളുണ്ട്. അതിന്റെ തുടക്കവും നമ്മുടെ തീൻമേശയിൽ നിന്നുതന്നെയാകാമെന്നതാണ് പുതിയ പഠനങ്ങൾ.

ഈ ലേഖനം പൊതുവായ ആരോഗ്യവിവരങ്ങൾക്കായുള്ളതാണ്. വ്യക്തിഗത ഭക്ഷണക്രമത്തിനോ വ്യായാമപദ്ധതിക്കോ വിദഗ്ധോപദേശം തേടുക.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - ഹെൽത്ത് ഡെസ്ക്

contributor

Similar News