ഹോട്ടലിൽ നിന്നടക്കം ഭക്ഷണം പാഴ്‌സൽ ചെയ്യുന്നത് കൂടുതലും കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളിലാണ്. കൊണ്ടുപോകാനുള്ള സൗകര്യം,വിലക്കുറവും, കൂടുതൽ ഈട് നിൽക്കുമെന്നതുകൊണ്ടാണ് ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. ഇതിന് പുറമെ ഭക്ഷണം കഴിച്ചുകഴിഞ്ഞാലും ഈ പാത്രങ്ങൾ ഭക്ഷണവും മറ്റ് വസ്തുക്കളും സൂക്ഷിക്കാനടക്കം ഉപയോഗിക്കുന്നവരുമുണ്ട്.
ബ്ലാക് പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് ഒരുവർഷം മുമ്പ് ചിരാഗ് ബർജാത്യ എന്നയാൾ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചർച്ചയാകുകയാണ്. കറുത്ത പ്ലാസ്റ്റിക് കണ്ടെയ്‌നറുകൾ ഉപയോഗിക്കുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധരും പറയുന്നത്.
പലവിധ രോഗങ്ങൾക്ക് കാരണമാകുന്ന രാസവസ്തുക്കൾകൊണ്ടാണ് ഈ പ്ലാസ്റ്റിക് പാത്രങ്ങൾ നിർമിക്കുന്നത്. ഇലക്ട്രോണിക് മാലിന്യങ്ങൾ ഉൾപ്പടെയുള്ളവ റീസൈക്കിൾ ചെയ്തും രാസവസ്തുക്കൾ ചേർത്തുമാണ് ബ്ലാക്ക് പ്ലാസ്റ്റിക്കുകൾ നിർമിക്കുന്നത്.ഇതിന് പുറമെ പോളിമറുകൾ,കെമിക്കൽ അഡിറ്റീവുകൾ എന്നിവയുടെ മിശ്രിതവും ബോക്സുകള്‍ നിര്‍മിക്കുന്ന വേളയില്‍ ചേർക്കുന്നുണ്ട്.
ചൂടായ ഭക്ഷണപദാർഥങ്ങൾ പാത്രത്തിലാക്കുമ്പോൾ ഇവയിലേക്ക് രാസവസ്തുക്കൾ ചേരുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിന് പുറമെ മൈക്രോ പ്ലാസ്റ്റിക്കുകൾ ഭക്ഷണത്തിലേക്ക് കടത്തിവിടുമെന്നും ഇത് അർബുദത്തിന് കാരണമാകുമെന്നും ബിഡിആർ ഫാർമസ്യൂട്ടിക്കൽസിലെ സാങ്കേതിക ഡയറക്ടർ ഡോ. അരവിന്ദ് ബാഡിഗർ അഭിപ്രായപ്പെടുന്നു.
കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളിൽ കാണപ്പെടുന്ന ബിസ്‌ഫെനോൾ എ(ബിപിഎ) ഫ്താലേറ്റുകളും ഹോർമോൺ തകരാറുകൾ,ഹൃദയസംബന്ധമായ അസുഖങ്ങൾ, പ്രത്യുൽപാദന പ്രശ്‌നങ്ങൾ എന്നിവക്കും കാരണമാകുമെന്ന് എച്ച്സിജി കാൻസർ സെന്ററിലെ മെഡിക്കൽ ഓങ്കോളജി ഡയറക്ടർ ഡോ. സച്ചിൻ ത്രിവേദി പറയുന്നു. ബ്ലാക് പ്ലാസ്റ്റിക്കിലെ രാസവസ്തുക്കൾ കുട്ടികളുടെ നാഡീവ്യവസ്ഥയുടെ വികാസത്തെ ബാധിച്ചേക്കും.ഇത് ബുദ്ധിശക്തിയെയും ഐക്യുവിനെയും ബാധിച്ചേക്കുമെന്നും ഡോക്ടർമാർ പറയുന്നു.
പരിസ്ഥിതിക്കും ദോഷം
കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ മനുഷ്യന്റെ ആരോഗ്യത്തിന് മാത്രമല്ല,പരിസ്ഥിതിക്കും വലിയ ദോഷമാണുണ്ടാക്കുന്നുത്. ഈ പാത്രങ്ങൾ ഉപേക്ഷിക്കുമ്പോൾ ഇവയിൽ നിന്നുള്ള മൈക്രോ പ്ലാസ്റ്റിക് ഭക്ഷണത്തിലും വെള്ളത്തിലും എന്തിനേറെ നമ്മൾ ശ്വസിക്കുന്ന വായുവിൽ പോലും പ്രവേശിക്കുന്നു. ഇതുവഴിയും നിരവധി അസുഖങ്ങൾ നമ്മളെ തേടിവരും. ഇവ കത്തിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുമ്പോൾ ഡയോക്‌സിനുകൾ,ഫ്യൂറാൻ തുടങ്ങിയ വിഷ സംയുക്തങ്ങളും പുറത്ത് വിടുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇതും മനുഷ്യരിൽ അർബുദത്തിന് കാരണമായേക്കും.
ബദൽ മാർഗങ്ങൾ
കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരം സുരക്ഷിതമായ മറ്റ് പാത്രങ്ങൾ ഉപയോഗിക്കാനാണ് വിദഗ്ധർ പറയുന്നത്.ഭക്ഷണം സൂക്ഷിക്കാനായി പരമാവധി ഗ്ലാസ്,സറ്റെയിൻലെസ് സ്റ്റീൽ,തടിപാത്രങ്ങൾ എന്നിവ ഉപയോഗിക്കുക. കറുത്തപ്ലാസ്റ്റിക് പാത്രങ്ങളിൽ കൊണ്ടുവരുന്ന ഭക്ഷണങ്ങൾ എത്രയും പെട്ടന്ന് സ്റ്റീലിന്റേയോ ഗ്ലാസിന്റേയോ പാത്രത്തിലേക്ക് മാറ്റണം. എത്രനേരം ഭക്ഷണം പ്ലാസ്റ്റിക് പാത്രത്തിലിരിക്കുന്നുവോ അത്രയും അപകടം കൂടും.
കൂടാതെ ബ്ലാക് പ്ലാസ്റ്റിക് ബോക്‌സുകൾ ഒരു തവണ മാത്രം ഉപയോഗിക്കുക,ഇതിലെ ഭക്ഷണം മൈക്രോവേവിലോ സ്റ്റൗവിലോ വെച്ച് ചൂടാക്കുന്നത് ഒഴിവാക്കുകയും വേണം..