അലാറം കേട്ട് ഞെട്ടിയുണരാറാണോ പതിവ്? ഹൃദയം വലിയ പണി തരുമെന്ന് ഡോക്ടര്‍മാര്‍

സ്ഥിരമായി ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് ശീലമാക്കേണ്ടതും നിര്‍ബന്ധമാണ്

Update: 2025-09-22 07:18 GMT
Editor : Lissy P | By : Web Desk

എന്നും അതിരാവിലെ ഉണരുന്നത് ആരോഗ്യകരമായ ശീലമാണെന്ന് നമുക്കറിയാം. നിങ്ങളെ ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലമാക്കി നിര്‍ത്താനും മികച്ച ആരോഗ്യത്തിനും രാവിലെ ഉണരുന്നത് നല്ലതാണെന്ന് ഡോക്ടര്‍മാരടക്കം പറയുന്നു. എന്നാല്‍ രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കണമെങ്കില്‍ അലാറാം കേള്‍ക്കണമെന്ന് നിര്‍ബന്ധമുള്ളവരും ഏറെയാണ്. സ്ഥിരമായി അലാറം കേട്ട് ഉണരുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നുമാണ് പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാര്‍ പറയുന്നത്.

മിക്ക ആളുകളും രാവിലെ ഉണരാൻ അലാറത്തെയാണ് ആശ്രയിക്കുന്നത്.ഇത് സർക്കാഡിയൻ റിഥം എന്നറിയപ്പെടുന്ന ശരീരത്തിലെ  ആന്തരിക ഘടികാരത്തെ കൂടുതല്‍ അസ്വസ്ഥമാക്കുന്നു.സാധാരണയായി നിങ്ങള്‍ക്ക് ശരിയായ ഉറക്കം ലഭിക്കുന്ന സമയത്ത്  ശരീരത്തിനോട് ഉണരാൻ തലച്ചോർ  സിഗ്നൽ നൽകുകയാണ് പതിവ്. എന്നാല്‍ അലാറമടിക്കുന്ന സമയത്ത് ഗാഢനിദ്രയിലായിരിക്കുന്ന നിങ്ങളെ അസ്വസ്ഥതപ്പെടുത്തുകയും  പരിഭ്രാന്തിയും ഉത്കണ്ഠയും ഉണ്ടാക്കുകയും ചെയ്യുന്നു.ഇത് വഴി നിങ്ങളില്‍ വല്ലാത്ത അലസതയും മടിയും മടുപ്പുമെല്ലാം തോന്നിപ്പിക്കുകയും ചെയ്യുന്നു.

Advertising
Advertising

അലാറമടിക്കുന്നതിന്‍റെ സമ്മർദം മൂലം രാവിലെ ശരീരത്തിലെ കോർട്ടിസോളിന്‍റെ അളവ് ക്രമേണ ഉയരുകയും ഉയർന്ന രക്തസമ്മർദത്തിനും കാരണമാകുകയും ചെയ്യും. കോര്‍ട്ടിസോളിന്‍റെ അളവ് കൂടുന്നത് അനാവശ്യമായി ഉത്കണ്ഠയും ദേഷ്യവും തോന്നിപ്പിക്കുവാനും കാരണമാകും. ഇത് ഹൃദയത്തിലും അനാവശ്യമായ സമ്മര്‍ദമുണ്ടാക്കുകയും ചെയ്യും.  സ്ഥിരമായി ഇത്തരത്തില്‍ ഉണരുന്നത്  രക്ത സമ്മര്‍ദ്ദം കൂട്ടുമെന്നും ഏഴുമണിക്കൂറില്‍ താഴെ മാത്രം ഉറങ്ങുന്നത് ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

അലാറമില്ലാതെ ഉണരാൻ ഏറ്റവും നല്ല മാർഗം ഏതാണ്?

യാതൊരു ബുദ്ധിമുട്ടും കൂടാതെ ഉന്മേഷത്തോടെ ഉണരാനുള്ള ഏറ്റവും നല്ല മാർഗം സ്വാഭാവികമായി ഉണരുക എന്നതാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.അതിന് ദിവസവും ഏഴോ എട്ടോ മണിക്കൂര്‍ ഉറങ്ങുക എന്നത് തന്നെയാണ് മാര്‍ഗം. നന്നായി ഉറങ്ങിയാല്‍ ശരീരം ഉണരാന്‍ സജ്ജമാകും. അതുവഴി ദിവസം മുഴുവന്‍ നിലനില്‍ക്കുന്ന ഉന്മേഷവും ഊർജ്ജസ്വലതയും അനുഭവപ്പെടും. കൂടാതെ, ഒരു അലാറത്തിന്റെ ശബ്ദമോ വൈബ്രേഷനോ കേട്ട് ഉണരുമ്പോൾ ഉണ്ടാകുന്ന ഒരു സമ്മര്‍ദവുമുണ്ടാകില്ല.

സ്ഥിരമായി ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് ശീലമാക്കേണ്ടതും നിര്‍ബന്ധമാണ്. നിങ്ങളുടെ ദിനചര്യയിൽ ചില ലളിതമായ മാറ്റങ്ങൾ വരുത്തുന്നത് മൂലം എപ്പോഴാണ് ഉണർന്നിരിക്കേണ്ടതെന്നും എപ്പോഴാണ് ഉറങ്ങാൻ പോകേണ്ടതെന്നും ശരീരത്തിന് മനസിലാക്കാനും സാധിക്കും.

രാവിലെ അൽപം സൂര്യപ്രകാശം കൊള്ളുന്ന രീതിയില്‍ മുറി ഒരുക്കുന്നതും നല്ലതാണ്. ഉണരാനുള്ള സമയമായി എന്ന ശരീരത്തിന് മനസിലാക്കാനും ഇത് സഹായിക്കും.ഇത് പകൽ സമയത്ത് നിങ്ങളെ കൂടുതൽ ഉണർന്നിരിക്കാൻ സഹായിക്കുകയും വൈകുന്നേരം ഉറക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News