ഏറെ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളിലൊന്നാണ് പുഴുങ്ങിയ മുട്ട.പ്രോട്ടീൻ,വിറ്റമിനുകൾ ,ധാതുക്കൾ എന്നിവയടങ്ങിയതിനാൽ പ്രഭാതഭക്ഷണത്തിനൊപ്പമോ,ലഘുഭക്ഷണമായോ പുഴുങ്ങിയ മുട്ട ഉപയോഗിക്കാൻ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. കൂടാതെ എണ്ണ ഉപയോഗിച്ച് പാകം ചെയ്യാത്തതിനാൽ ഇതിൽ കലോറിയും കുറവാണ്.
അതേസമയം,പുഴുങ്ങിയ മുട്ട എത്രസമയം സൂക്ഷിക്കാമെന്നതിനെക്കുറിച്ച് പലർക്കും ഇപ്പോഴും സംശയമാണ്..യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ (യുഎസ്ഡിഎ) നിര്‍ദേശമനുസരിച്ച്, തൊലികളഞ്ഞതോ അല്ലാത്തതോ ആയ മുട്ട ഏകദേശം ഒരു ആഴ്ച വരെ റഫ്രിജറേറ്ററിൽ സുരക്ഷിതമായി സൂക്ഷിക്കാം.തൊലി കളയാത്ത, പുഴുങ്ങിയ മുട്ടകൾ 40°F (4°C) അല്ലെങ്കിൽ അതിൽ താഴെയുള്ള താപനിലയിൽ ഫ്രിഡ്ജിൽ ഏഴ് ദിവസം വരെ സൂക്ഷിക്കാമെന്നാണ് പറയുന്നത്.
മുട്ട പുഴങ്ങുന്ന സമയത്ത് അതിന്‍റെ പുറംതോടിനെ മൂടുന്ന സംരക്ഷണ പാളി നീക്കം ചെയ്യപ്പെടുന്നുണ്ട്.പുഴുങ്ങിയ ശേഷം കൂടുതല്‍ നേരം പുറത്ത് വെക്കുന്നത് മുട്ടക്കുള്ളിലേക്ക് ബാക്ടീരിയകള്‍ എളുപ്പത്തില്‍ പ്രവേശിക്കാന്‍ ഇടയാക്കും. അതുകൊണ്ട് വേവിച്ച മുട്ടകൾ 2 മണിക്കൂറിൽ കൂടുതൽ റൂം ടെമ്പറേച്ചറില്‍ വെക്കരുത്.
മുട്ട എപ്പോഴും വായുകടക്കാത്ത പാത്രത്തിലാണ് സൂക്ഷിക്കേണ്ടത്. ഇതിന് പുറമെ ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതിനാല്‍ ഒരിക്കലും ഫ്രിഡ്ജിന്‍റെ ഡോറില്‍ സൂക്ഷിക്കരുത്.ഇവിടെ സൂക്ഷിക്കുന്നത് താപനിലയില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകും.അതുകൊണ്ട് ഫ്രിഡ്ജിനകത്തെ ഷെല്‍ഫില്‍ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.എന്ന് കരുതി ഒരിക്കലും പുഴുങ്ങിയ മുട്ട ഫ്രീസറില്‍ സൂക്ഷിക്കരുത്. മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും ഫ്രീസായിപ്പോകുകയും അവയുടെ രുചിയില്‍ വ്യത്യാസമുണ്ടാകാനും ഇത് കാരണമാകും. ഫ്രിഡ്ജില്‍ പുഴുങ്ങിയ മുട്ട സൂക്ഷിക്കുന്ന പാത്രങ്ങളില്‍ തീയതി എഴുതി വെക്കുന്നതും നല്ലതാണ്.
അതേസമയം,തൊലി കളഞ്ഞ മുട്ടയാണെങ്കില്‍ നനഞ്ഞ പേപ്പര്‍ ടബ്ബലിനൊപ്പം വായുകടക്കാത്ത പാത്രത്തില്‍ സൂക്ഷിക്കണം. തൊലി കളഞ്ഞ മുട്ടകള്‍ മുറിയിലെ റൂം ടെമ്പറേച്ചറില്‍ കൂടുതല്‍ നേരം വെക്കരുത്.കഴിയുന്നത്ര വേഗം ഇവ ഫ്രിഡ്ജിലേക്ക് മാറ്റണം.
മുട്ട കേടായതിന്റെ ലക്ഷണങ്ങൾ
പുഴുങ്ങിയ മുട്ടകൾ തൊലി കളയുമ്പോൾ ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവ കേടുവന്നുവെന്നാണ് അര്‍ഥം. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പച്ചകലർന്ന ചാരനിറത്തില്‍ കാണാറുണ്ട്. എന്നാല്‍ ഇത് മുട്ട മോശമായിപ്പോയി എന്നര്‍ഥമില്ല. അമിതമായി മുട്ട വേവിക്കുന്നതുകൊണ്ടാണ് മുട്ടക്കരു പച്ചകലര്‍ന്ന ചാരനിറമാകുന്നത്. അവ കഴിക്കുന്നതുകൊണ്ട് പ്രശ്നമില്ല. അതേസമയം,മുട്ടയുടെ വെള്ളനിറത്തിലുണ്ടാകുന്ന നിറവ്യത്യാസം,വഴുവഴുക്കല്‍,പൂപ്പല്‍ എന്നിവ കാണുന്നത് മുട്ട കേടായി എന്നതിന്‍റെ സൂചനയാണ്. മുട്ട കേടായിട്ടുണ്ട് എന്ന് തോന്നിയാല്‍ പിന്നെ അവ കഴിക്കാതിരിക്കുന്നതാണ് നല്ലത്.