പൊറോട്ടയെ പേടിക്കണോ? ആരോഗ്യകരമായി എങ്ങനെ കഴിക്കാം?

പൊറോട്ട ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് എല്ലാവർക്കുമറിയാം എന്നതാണ് വസ്തുത. അതുകൊണ്ട് പൊറോട്ട കഴിക്കാനേ പാടില്ലേ?

Update: 2024-02-14 12:19 GMT
Advertising

മലയാളികള്‍ക്ക് പ്രിയപ്പെട്ട ഭക്ഷണമായ പൊറോട്ട. ചിലർക്ക് ചോറിനേക്കാൾ പ്രിയമാണ് പൊറോട്ടയോട്. മട്ടനും ബീഫും ചിക്കനും തുടങ്ങി സ്വാദിഷ്ടമായ കോമ്പോകൾക്കൊപ്പം പൊറോട്ട കഴിക്കുന്ന സുഖം മറ്റൊന്നിനുമില്ലെന്ന് പറയുന്നവരുമുണ്ട്. രാവിലെ രണ്ടു പൊറോട്ട കഴിച്ചാല്‍ ഉച്ചവരെ നന്നായി ജോലി ചെയ്താലും വിശപ്പ് തോന്നുകയില്ല എന്നതുകൊണ്ട് പെറോട്ടയെ ഇഷ്ടപ്പെടുന്നവരാണ് ചിലർ. എന്നാല്‍ പൊറോട്ട ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് എല്ലാവർക്കുമറിയാം എന്നതാണ് വസ്തുത. അതുകൊണ്ട് പൊറോട്ട കഴിക്കാനേ പാടില്ലേ? ആരോഗ്യകരമായി എങ്ങനെ പൊറോട്ട കഴിക്കാം? 


പൊറോട്ടയിൽ എന്തുണ്ട്?

പൊറോട്ട മൈദ കൊണ്ടുണ്ടാക്കുന്ന ഭക്ഷണമാണ്. യാതൊരു ഫൈബറുമില്ലാത്ത ഭക്ഷണപദാർഥമാണ് മൈദ. ഒരു ആവറേജ് പൊറോട്ടയില്‍ 340 വരെ കലോറി അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വർധിപ്പിക്കും. പെണ്ണത്തടി, പ്രമേയം, ഹൃദ്രോഗം എന്നിവയ്ക്കും കാരണമാകും. ദഹിക്കാൻ സമയമെടുക്കുന്നതിനാൽ ദഹന പ്രശ്നങ്ങളും സൃഷ്ടിക്കും. മൈദ, എണ്ണ, മുട്ട, ട്രാന്‍സ്ഫാറ്റുകള്‍ എന്നിവയെല്ലാം തന്നെ പൊറോട്ട ഉണ്ടാക്കാന്‍ ഉപയോഗിയ്ക്കാറുണ്ട്. ഈ കോമ്പിനേഷനുകൾ പൊറോട്ടക്ക് രുചി നല്‍കുന്നുണ്ടെങ്കിലും ശരീരത്തിന് അപകടമാവുകയും ചെയ്യും. 

പൊറോട്ട ക്രിസ്പിയാകാൻ ട്രാൻഫാറ്റ് ചേർക്കുന്നുണ്ട്. വനസ്പതി പോലുള്ളവയാണ് ട്രാന്‍സ്ഫാറ്റായി ഉപയോഗിയ്ക്കുന്നത്. വെജിറ്റബിള്‍ ഓയിലില്‍ ഹൈഡ്രജന്‍ മോളിക്യൂളുകള്‍ കടത്തി വിട്ടാണിത് ഉണ്ടാക്കുന്നത്. ട്രാന്‍സ്ഫാറ്റ് കരളിന് അപകടമാണ്. ഇത് നല്ല കൊളസ്ട്രോൾ കുറക്കും. മോശം കൊളസ്ട്രോൾ വർധിപ്പിക്കുകയും ചെയ്യും. ഇത് ഹൃദയാഘാതത്തിനും മറ്റും കാരണമാകും.  


പൊറോട്ട കഴിക്കാനേ പാടില്ലേ?

പൊറോട്ട കഴിച്ച് നല്ലതു പോലെ വ്യായാമം ചെയ്താല്‍ കുഴപ്പമില്ല. പൊറോട്ടയ്‌ക്കൊപ്പം പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് ദോഷം ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായിക്കും. മൈദയില്‍ കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പുമാണ് അടങ്ങിയിട്ടുള്ളത്. നാരുകളോ പ്രോട്ടീനോ മിനറൽസോ ഇല്ല. ഗ്ലൈസമിന്‍ ഇന്‍ഡെക്‌സ് കൂടുതലായതിനാൽ മൈദ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും വർധിപ്പിക്കും. ഇത് പ്രമേഹ സാധ്യത കൂട്ടും.  

മൈദ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനങ്ങൾ തെളിയിക്കുന്നുണ്ട്. മൈദയിൽ ബെന്‍സൈല്‍ പെറോക്‌സൈഡ് എന്ന വസ്തു അടങ്ങിയിട്ടുണ്ട്. എന്നാൽ ഇത് മൈദ വേവിക്കുമ്പോൾ നശിക്കും. അതായത് മൈദ വേവിച്ചുണ്ടാക്കുന്ന പൊറോട്ടയില്‍ ബെന്‍സൈല്‍ പെറോക്‌സൈഡിന്റെ സാന്നിധ്യമുണ്ടാകില്ല.  

പൊറോട്ടക്കൊപ്പം സാലഡുകള്‍ കഴിക്കുന്നതും ഗുണം ചെയ്യും. രണ്ട് പൊറോട്ട കഴിച്ചാല്‍ അത്യാവശ്യം വലിപ്പമുള്ള സവാള കൂടി കഴിക്കുന്നത് ദോഷം ഒരു പരിധി വരെ ഒഴിവാക്കാൻ സഹായിക്കും. ഇതിലെ നാരുകള്‍ പൊറോട്ട ദഹിപ്പിക്കും. അതേസമയം, ദിവസേന പൊറോട്ട കഴിക്കുന്ന ശീലം മാറ്റി, വളരെ പരിമിതപ്പെടുത്തുന്നതാണ് ഫലപ്രദം. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News