Writer - നൈന മുഹമ്മദ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ഒരു കാലത്ത് ഇഡ്ഡലിയോ സാമ്പാറോ, ദോശയോ ചമ്മന്തിയോ ഒന്നുമില്ലാതെ പ്രഭാതത്തെ കുറിച്ചോർക്കാൻ പറ്റാത്തവരായിരുന്നില്ലേ നമ്മൾ? എന്നാൽ ഇന്ന് കഥമാറി, പണ്ടത്തെ വിഭവങ്ങൾ പോലെയല്ല ഇന്നത്തെ പ്രഭാതഭക്ഷണം. ജീവിതത്തിലെ തിരക്കുകൾ കാരണം കുറേ അധികം ആളുകൾ അവരുടെ ഭക്ഷണ ശീലത്തിലും കാര്യമായ വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്.
അതിലൊന്നാമനാണ് പ്രഭാതഭക്ഷണമായും ലഘുഭക്ഷണമായുമെല്ലാം പലരും തിരഞ്ഞെടുക്കുന്ന പ്രോട്ടീൻ ബാറുകൾ.
വാസ്തവത്തിൽ ഈ പ്രോട്ടീൻ ബാറുകൾ ആരോഗ്യകരമാണോ? ഇത് കഴിച്ചാൽ എന്തെങ്കിലും പരിണിതഫലങ്ങൾ ഉണ്ടാകുമോ? വിശദമായി നോക്കാം..
കടയിൽ നിന്നും മറ്റും നമ്മൾ വാങ്ങുന്ന പ്രോട്ടീൻ ബാറുകൾ ആരോഗ്യകരമാണെങ്കിലും, ഇതെല്ലാം സമാന രീതിയിലല്ല നിർമിക്കുന്നത്. അത്കൊണ്ട് തന്നെ പോഷകസമൃദ്ധമായ ലഘുഭക്ഷണങ്ങളായോ ഭക്ഷണത്തിനു പകരമായോ ഇത് കഴിക്കുമ്പോൾ നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഗുണത്തിന് പകരം ഇത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
ചില പ്രോട്ടീൻ ബാറുകളിൽ ഉയർന്ന അളവിൽ പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പുകൾ, കൃത്രിമ ചേരുവകൾ എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ആരോഗ്യ ഭക്ഷണത്തേക്കാളുപരി ഇതൊരു മിട്ടായി കഴിക്കുന്നതിന് സമാനമാണ്.
അതേസമയം, ചിലർ ഉപയോഗിക്കുന്നത് അമിത കലോറി അടങ്ങിയ എന്നാൽ ഗുണനിലവാരം നന്നേ കുറഞ്ഞ പ്രോട്ടീൻ ബാറുകളാണ്. ഇത് ശരീരഭാരം കുറയ്ക്കുന്നതിനോ ഫിറ്റ്നസ് മെച്ചപ്പെടുത്താനോ സഹായിക്കില്ല.
അതിനാൽ, ഒരു പ്രോട്ടീൻ ബാർ ആരോഗ്യകരമാണോ എന്ന് മനസ്സിലാക്കാണമെങ്കിൽ അതിന്റെ ചേരുവകൾ, പോഷക ഉള്ളടക്കം എന്നിവയെക്കുറിച്ചറിയണം.
പ്രോട്ടീൻ ബാർ ആരോഗ്യകരമാണെന്ന് എങ്ങനെ ഉറപ്പാക്കും?
1- പഞ്ചസാരയുടെ അളവ്
ആദ്യമായി ശ്രദ്ധിക്കേണ്ടത് അതിലടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവാണ്. കടയിൽ ലഭ്യമായിട്ടുള്ള ചില പ്രോട്ടീൻ ബാറുകളിൽ ഒരു ചോക്ലേറ്റ് ബാറിന്റെ അത്രയും പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനാൽ 5–8 ഗ്രാമിൽ കൂടുതൽ പഞ്ചസാര ചേർക്കാത്ത ബാറുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.അല്ലെങ്കിൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാനും, ഊർജ്ജ തകർച്ചയ്ക്കും കാരണമാകും.
2-പ്രോട്ടാന്റെ അളവ്
എല്ലാ പ്രോട്ടീനുകളും ഒരുപോലെയല്ല നിർമിക്കുന്നത്. വേ പ്രോട്ടീൻ ഐസൊലേറ്റ്, പീ പ്രോട്ടീൻ, ബ്രൗൺ റൈസ് പ്രോട്ടീൻ പോലുള്ള ഉയർന്ന നിലവാരമുള്ള ബാറുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഹൈഡ്രോലൈസ്ഡ് കൊളാജൻ , പ്രധാന പ്രോട്ടീൻ സ്രോതസ്സായി ജെലാറ്റിൻ അടങ്ങിയ ബാറുകൾ എന്നിവ ഒഴിവാക്കാൻ ശ്രദ്ധിക്കണം.
ഇവ കൂടാതെ ഒരു പ്രോട്ടീൻ ബാർ തിരഞ്ഞെടുക്കുമ്പോൾ ഫൈബറിന്റെയും കലോറിയുടെയും അളവ്, കൃത്രിമ പഞ്ചസാരയുടെ സാനിധ്യം എന്നിവയും കണക്കിലെടുക്കണം.