തണ്ണിമത്തൻ ജ്യൂസ്, നാരങ്ങാ വെള്ളം, മുന്തിരി ജ്യൂസ്....വേനൽക്കാലമായാൽ നമ്മുടെ വഴിയോരങ്ങൾ ദാഹശമനികൾ വിൽക്കുന്നവരെക്കൊണ്ട് നിറയും. ഇക്കൂട്ടത്തിൽ പ്രധാനിയാണ് കരിമ്പിൻ ജ്യൂസ്. കൃത്രിമ മധുരം ചേര്‍ക്കാത്ത സ്വഭാവിക മധുരമുള്ള ഈ ജ്യൂസ് ഉന്മേഷദായകവും നാരുകൾ, ആന്‍റി ഓക്‌സിഡന്‍റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, പ്രകൃതിദത്ത കാർബോഹൈഡ്രേറ്റുകൾ എന്നിവയാൽ സമ്പന്നമാണ്. നിരവധി ആരോഗ്യഗുണങ്ങളുണ്ടെങ്കിലും ചില ദോഷങ്ങളും കരിമ്പിൻ ജ്യൂസിനുണ്ടെന്ന് ഗുരുഗ്രാം മേദാന്ത ആശുപത്രിയിലെ സീനിയർ എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിക് കൺസൾട്ടന്‍റായ ഡോ. സൗരവ് ശിശിർ അഗർവാൾ പറയുന്നു.
''കരിമ്പിൻ ജ്യൂസ് തൽക്ഷണം ഊര്‍ജം നൽകുന്ന നല്ലൊരു പാനീയമാണ്. ഇത് വേനൽക്കാലത്ത് നിർജ്ജലീകരണം തടയുന്നു. ചര്‍മത്തിന്‍റെയും അസ്ഥികളുടെയും ആരോഗ്യത്തിനും ഇത് നല്ലതാണ്'' ഡോ. വിശദീകരിച്ചു.
കരിമ്പിൻ ജ്യൂസിന്‍റെ പോഷകമൂല്യം
ദി ഫാർമ ജേണൽ പ്രകാരം 100 മില്ലി ഗ്ലാസ് കരിമ്പിൻ ജ്യൂസിൽ
- 242 കിലോകലോറി ഊർജം
- 0.16 ഗ്രാം പ്രോട്ടീൻ
- ആകെ കൊഴുപ്പിന്‍റെ 0.40 ഗ്രാം
- ആകെ നാരിന്‍റെ 0.56 ഗ്രാം
- 12.85 ഗ്രാം പ്രകൃതിദത്ത പഞ്ചസാര
- 150 മില്ലിഗ്രാം പൊട്ടാസ്യം
- 1.16 മില്ലിഗ്രാം സോഡിയം
- 13.03 മില്ലിഗ്രാം മഗ്നീഷ്യം
- 1.12 മില്ലിഗ്രാം ഇരുമ്പ്
ആരോഗ്യഗുണങ്ങൾ
ജേണൽ ഓഫ് ഫുഡ് ആൻഡ് ന്യൂട്രീഷൻ റിസർച്ചിന്‍റെ അഭിപ്രായത്തിൽ, കരിമ്പിൻ ജ്യൂസിൽ പ്രധാനമായും വെള്ളവും ലളിതമായ കാർബോഹൈഡ്രേറ്റുകളും അടങ്ങിയിരിക്കുന്നു. ഇലക്ട്രോലൈറ്റും പഞ്ചസാരയും അടങ്ങിയിരിക്കുന്നതിനാൽ അത്‍ലറ്റുകൾക്കും കഠിനമായി അധ്വാനിക്കുന്നവര്‍ക്കും വളരെ നല്ലൊരു പാനീയമാണ് കരിമ്പിൻ ജ്യൂസെന്ന് ഡോ. അഗര്‍വാൾ പറയുന്നു.
ഡയറക്റ്ററി ഓഫ് ഓപ്പൺ ആക്‌സസ് ജേണൽസിന്‍റെ അഭിപ്രായത്തിൽ, കരിമ്പിൻ ജ്യൂസിൽ പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ വിവിധ ധാതുക്കളും കോശ നാശം കുറയ്ക്കുന്ന ഫൈറ്റോകെമിക്കലുകളും അടങ്ങിയിട്ടുണ്ട്. ഇത് ശക്തമായ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നു.
പാർശ്വഫലങ്ങൾ
നിരവധി ഗുണങ്ങളുണ്ടെങ്കിലും ഉയർന്ന പ്രകൃതിദത്ത പഞ്ചസാരയും കലോറിയും ഉള്ളതിനാൽ കരിമ്പിൻ ജ്യൂസിന് ചില പോരായ്മകളുമുണ്ട്. ചെറിയ അളവിലുള്ള ജ്യൂസ് പോലും വലിയ ഗ്ലൈസെമിക് ലോഡ് നൽകുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് വേഗത്തിൽ വർധിക്കുന്നതിന് കാരണമാകും. ഗ്ലൈസെമിക് സൂചിക മിതമായതായി തോന്നാമെങ്കിലും പതിവായി കഴിക്കുന്നത് നല്ലതല്ല. കടുത്ത പ്രമേഹരോഗികൾ കരിമ്പിൻ ജ്യൂസ് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തെ തടസ്സപ്പെടുത്തുമെന്ന് മണിപ്പാൽ ആശുപത്രിയിലെ എൻഡോക്രൈനോളജിയിലെ അസോസിയേറ്റ് കൺസൾട്ടന്‍റായ ഡോ. ഗുരുസംഗപ്പ എസ്. മുഡഗൽ വിശദീകരിക്കുന്നു.
കരിമ്പിൻ ജ്യൂസ് ആരാണ് ഒഴിവാക്കേണ്ടത്
നല്ല ആരോഗ്യമുള്ള പ്രായപൂര്‍ത്തിയായ ഒരാൾക്ക് ഇടയ്ക്കിടെയും ചെറിയ അളവിലും കരിമ്പിൻ ജ്യൂസ് കഴിക്കാം. പ്രത്യേകിച്ച് കടുത്ത ചൂടിൽ ശരീരത്തിന് വേണ്ട ജലാംശം ലഭിക്കാൻ ഈ ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. പ്രമേഹരോഗികൾ, പൊണ്ണത്തടിയുള്ളവർ, ഫാറ്റി ലിവർ അല്ലെങ്കിൽ മെറ്റബോളിക് സിൻഡ്രോം ഉള്ള രോഗികൾ, ദന്ത പ്രശ്നങ്ങൾ ഉള്ളവർ, ദുർബലമായ പ്രതിരോധശേഷിയുള്ള ആളുകൾ എന്നിവര്‍ കരിമ്പിൻ ജ്യൂസ് കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ഒരു സാധാരണ ആരോഗ്യ പാനീയമായി കരിമ്പിൻ ജ്യൂസിനെ കാണരുതെന്നും ഡോക്ടര്‍ പറയുന്നു.