കാൻസർ പ്രതിരോധത്തിനടക്കം ഗുണം ചെയ്യും; പപ്പായ വിത്തുകൾ കളയേണ്ട

പപ്പായ വിത്തുകൾ അനേകം പോഷകങ്ങളുടെയും ഔഷധഗുണങ്ങളുടെയും കലവറയാണെന്നാണ് ആധുനിക പഠനങ്ങൾ തെളിയിക്കുന്നത്

Update: 2025-12-22 09:27 GMT

നമ്മുടെ വീട്ടുമുറ്റങ്ങളിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് പപ്പായ. പപ്പായയുടെ ഉൾഭാഗത്തെ മാംസളമായ ഭാഗം നാം കഴിക്കുമെങ്കിലും അതിനുള്ളിലെ വിത്തുകൾ അധികവും ചവറ്റുകുട്ടയിലേക്ക് കളയാറാണ് പതിവ്. എന്നാൽ പപ്പായ വിത്തുകൾ അനേകം പോഷകങ്ങളുടെയും ഔഷധഗുണങ്ങളുടെയും കലവറയാണെന്നാണ് ആധുനിക പഠനങ്ങൾ തെളിയിക്കുന്നത്. ഇതിന്റെ ഗുണങ്ങളെക്കുറിച്ചും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കൂടുതൽ അറിയാം.

പോഷകങ്ങളുടെ കലവറ

പപ്പായ വിത്തുകളിൽ മൈക്രോ ന്യൂട്രിയന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. മഗ്‌നീഷ്യം, കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ നല്ലൊരു ഉറവിടമാണിത്. കൂടാതെ ശരീരത്തിന് ആവശ്യമായ നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ ഫാറ്റി ആസിഡുകൾ എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. ഇതിലെ ഒലൈക് ആസിഡ് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്.

Advertising
Advertising

ആന്റി ഓക്‌സിഡന്റുകളുടെ സാന്നിധ്യം

ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ പപ്പായ വിത്തുകളിലെ ഫ്‌ലവനോയിഡുകളും പോളിഫെനോളുകളും സഹായിക്കുന്നു. ഇത് പ്രായമാകുന്ന പ്രക്രിയയെ മന്ദഗതിയിലാക്കാനും ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു.

ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു

പപ്പായയിലെ 'പാപ്പൈൻ' എന്ന എൻസൈം വിത്തുകളിലും അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീനുകളെ വേഗത്തിൽ വിഘടിപ്പിക്കാൻ സഹായിക്കുന്നതിലൂടെ ദഹനം സുഗമമാക്കുന്നു. ദഹനക്കേട്, ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവ പരിഹരിക്കാൻ പപ്പായ വിത്തുകൾ ഉണക്കിപ്പൊടിച്ച് ഉപയോഗിക്കുന്നത് ഫലപ്രദമാണെന്ന് പറയപ്പെടുന്നു.

വൃക്കകളുടെ സംരക്ഷണം

വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിലും പപ്പായ വിത്തുകൾക്ക് പങ്കുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വൃക്കയിലെ കോശങ്ങൾക്ക് സംഭവിക്കുന്ന തകരാറുകൾ പരിഹരിക്കാനും വിഷാംശങ്ങളെ പുറന്തള്ളാനും ഈ വിത്തുകൾ സഹായിക്കുന്നു.

അണുബാധകൾക്കെതിരെ പോരാടുന്നു

പപ്പായ വിത്തുകൾക്ക് ആന്റി-ബാക്ടീരിയൽ, ആന്റഫംഗൽ ഗുണങ്ങളുണ്ട്. വയറ്റിലെ വിരശല്യം ഒഴിവാക്കാൻ പപ്പായ വിത്തുകൾ തേനിൽ കലർത്തി കഴിക്കുന്നത് പണ്ടുകാലം മുതലേയുള്ള ഒരു നാട്ടുചികിത്സയാണ്. സാൽമൊണല്ല, ഈ-കോളി തുടങ്ങിയ ബാക്ടീരിയകളെ പ്രതിരോധിക്കാനും ഇതിന് ശേഷിയുണ്ട്.

അർബുദ പ്രതിരോധം

പപ്പായ വിത്തുകളിൽ അടങ്ങിയിരിക്കുന്ന ഐസോത്തിയോസയനേറ്റ് പോലുള്ള ഘടകങ്ങൾ അർബുദ കോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കുമെന്ന് ചില ലാബ് പഠനങ്ങൾ വ്യക്തമാക്കുന്നു. സ്തനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ തുടങ്ങിയവ തടയുന്നതിൽ ഇവയ്ക്ക് പങ്കുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

പപ്പായ വിത്തുകൾക്ക് നേരിയ കയ്പും കുരുമുളകിന് സമാനമായ എരിവുമുള്ള രുചിയാണ് ഉള്ളത്. ഇവ ഉണക്കിപ്പൊടിച്ച് സലാഡുകളിലോ സൂപ്പുകളിലോ വിതറി ഉപയോഗിക്കാം. സ്മൂത്തികളിൽ ചേർത്ത് കഴിക്കാം.കുരുമുളകിന് പകരമായി കറികളിൽ ചേർക്കാം.

ഇത്രയും ഗുണങ്ങളൊക്കെയുണ്ടെങ്കിലും, എന്തിന്റെയും അമിത ഉപയോഗം ദോഷകരമാണ്. പപ്പായ വിത്തുകൾ വലിയ അളവിൽ കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾക്ക് കാരണമായേക്കാം. കൂടാതെ, ഗർഭിണികൾ പപ്പായ വിത്തുകൾ ഒഴിവാക്കുന്നതാണ് ഉചിതം, കാരണം ഇതിലെ ചില ഘടകങ്ങൾ ഗർഭാവസ്ഥയെ ബാധിക്കാൻ സാധ്യതയുണ്ട്. എന്തെങ്കിലും വിട്ടുമാറാത്ത രോഗമുള്ളവർ ഇത് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് ഒരു ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.

പപ്പായ കഴിക്കുമ്പോൾ വിത്തുകൾ ഇനി കളയേണ്ടതില്ല. മിതമായ അളവിൽ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നമ്മുടെ പ്രതിരോധശേഷി വർധിപ്പിക്കാനും ശരീരത്തെ കൂടുതൽ ഊർജസ്വലമാക്കാനും സഹായിക്കും.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News