ജീവനെടുക്കും നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ലെന്നും നിർദേശം നൽകിയിട്ടുണ്ട്

Update: 2024-04-25 06:19 GMT
Advertising

ചെന്നൈ: കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത് കഴിക്കുന്നത് ജീവൻ അപകടത്തിലാകാൻ കാരണമാകുമെന്നും ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്മോക്ക് ബിസ്ക്കറ്റുകൾക്ക് പുറമെ നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ലെന്നും നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

ശാരീരിക കോശങ്ങളെ മരവിപ്പിക്കുകയും അന്നനാളത്തെയും ശ്വാസനാളത്തെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തിൽ ഡ്രൈ ഐസ്‌ക്രീം ഉപയോഗിക്കുന്നവർക്ക് 10 വർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ നൽകുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു.

സ്‌മോക്ക് ബിസ്‌ക്കറ്റുകൾ നിർമിക്കുന്നയിടങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചു. തുടർന്ന് നിരോധനം ഏർപ്പെടുത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ലബോറട്ടറികളിലെ തണുത്ത അന്തരീക്ഷത്തിൽ വസ്തുക്കൾ പ്രൊസസ് ചെയ്യതെടുക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കൾ ആളുകളെ ആകർഷിക്കാൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ, സ്മോക്കിങ് പാനുകൾ തുടങ്ങിയ പേരുകളിൽ വിൽക്കുകയാണ്.

നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ കഴിച്ചതിനു ശേഷം കടുത്ത വേദന അനുഭവിക്കുന്ന കുട്ടിയുടെ വീഡിയോ പുറത്തുവന്നതിനു ശേഷമാണ് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയത്. പ്രദേശത്തെ ഒരു പരിപാടിക്കിടെ കുട്ടി ഇത് കഴിക്കുകയും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിച്ചിരുന്നു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News