കണ്ണിന് പിന്നിൽ വേദനയോ..! കുറ്റം മുഴുവൻ ഫോണിനല്ല, പിന്നിൽ കാരണങ്ങൾ പലതുണ്ട്

ഒരു കണ്ണിന് ചുറ്റും അല്ലെങ്കിൽ കണ്ണിന് പിന്നിലായിട്ടാണ് വേദന അനുഭവപ്പെടുക. തല തുളച്ചുകയറുന്നതുപോലെയുള്ള വേദനയാണ് ഉണ്ടാവുക

Update: 2023-05-27 12:43 GMT
Editor : banuisahak | By : Web Desk
Advertising

തലവേദന ഭൂരിഭാഗം ആളുകൾക്കും വരുന്ന സാധാരണ പ്രശ്നമാണ്. പല തരത്തിലുള്ള തലവേദനകളാണ് ആളുകൾക്ക് വരാറുള്ളത്. സാധാരണ തലവേദന മുതൽ മൈഗ്രൈൻ വരെ ഇക്കൂട്ടത്തിലുണ്ട്. നമ്മുടെ നിത്യജീവിതത്തെ ബാധിച്ചുതുടങ്ങുമ്പോഴാണ് തലവേദന ശരിക്കും 'തലവേദന'യായി മാറുന്നത്. ഭക്ഷണക്രമം, ജീവിതശൈലി തുടങ്ങി നിരവധി കാരണങ്ങൾ തലവേദനയെ സ്വാധീനിക്കും. ഉറക്കക്കുറവ്, നിര്‍ജ്ജലീകരണം, മദ്യത്തിന്റെ ഉപയോഗം, പോഷക കുറവ്, ഭക്ഷണക്കുറവ് തുടങ്ങിയ പ്രശ്നങ്ങളും തലവേദനക്ക് കാരണമായി ചൂണ്ടിക്കാട്ടാറുണ്ട്. 

മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളാലും തലവേദന ഉണ്ടാകാറുണ്ട്. അമിതവണ്ണമുള്ളവര്‍, ഉറക്കക്കുറവ് ഉള്ളവര്‍, പുകവലിക്കുന്നവര്‍ക്കെല്ലാം തലവേദന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചെറിയ തലവേദനകളൊക്കെ നിസാരമായി കണ്ട് ആളുകൾ അവഗണിക്കാറാണ് പതിവ്. വേദന കുറയ്ക്കാൻ വിക്സ്, ടൈഗർ ബാം എന്നിവയുടെ സഹായം തേടും. താത്കാലിക ആശ്വാസം ഉണ്ടാകുമെങ്കിലും അത് അധിക സമയം നീണ്ടുനിൽക്കാറില്ല. 

ശ്രദ്ധിക്കപ്പെടാതെ പോകുന്ന പല ലക്ഷണങ്ങളും തലവേദനക്ക് പിന്നിലുണ്ടാകാം. അത് പലപ്പോഴും നാം തിരിച്ചറിഞ്ഞെന്ന് വരില്ല. അത്തരത്തിലൊരു ലക്ഷണമാണ് കണ്ണ് കാട്ടിത്തരുന്നത്. കണ്ണിന്റെ പിൻഭാഗത്തായി ഒരു വേദന അനുഭവപ്പെടാറുണ്ടോ? മിക്കവർക്കും ഈ ഒരു അവസ്ഥ ഉണ്ടായിട്ടുണ്ടാകണം. നേരിയ ഒരു വേദന ഉണ്ടായതിന് ശേഷം പിന്നീടത് കൂടിക്കൂടി വരും. ഒരുപാട് നേരം ഫോൺ ഉപയോഗിച്ചതിന്റെയാകാമെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഫോണൊരു കാരണം തന്നെയാണ്. എന്നാൽ, ചിലപ്പോൾ ഇതൊരു തലവേദനയിലേക്ക് നയിക്കുന്നതിന്റെ ലക്ഷണം കൂടിയായേക്കാം. 

 ക്ലസ്റ്റർ തലവേദന എന്ന് കേട്ടിട്ടില്ലേ. ഒരു ന്യൂറോളജിക്കൽ ഡിസോർഡർ ആണിത്. തലയുടെ ഒരു വശത്ത് അല്ലെങ്കിൽ കണ്ണിന് ചുറ്റും ആവർത്തിച്ചുള്ള കഠിനമായ വേദനയാണ് ക്ലസ്റ്റർ തലവേദനയുടെ പ്രധാന ലക്ഷണം. കണ്ണ് ഇപ്പോഴും നിറഞ്ഞിരിക്കുക, നിരന്തരമുള്ള മൂക്കടപ്പ്, കണ്ണിന് ചുറ്റുമുള്ള വീക്കം എന്നിവയാണ് ക്ലസ്റ്റർ തലവേദനയുടെ പ്രധാന ലക്ഷണങ്ങൾ. ഈ തലവേദനയുടെ ലക്ഷണങ്ങൾ പതിനഞ്ച് മിനിറ്റ് മുതൽ മൂന്ന് മണിക്കൂർ വരെ നിലനിന്നേക്കും. ഇത്തരം തലവേദന ആഴ്ചകൾ വരെയോ മാസങ്ങൾ വരെയോ നീണ്ടുനിൽക്കുമെന്നതും ശ്രദ്ധിക്കേണ്ടതാണ്. തലവേദന കുറഞ്ഞു എന്ന് തോന്നുമെങ്കിലും അൽപ നേരത്തിന് ശേഷം കൂടുതൽ ശക്തിയോടെ വേദനയുണ്ടാകും, ഇതാണ് ക്ലസ്റ്റർ തലവേദനയുടെ പ്രത്യേകത. 

ഉറക്കത്തിൽ പോലും ഈ തലവേദന അനുഭവപ്പെട്ടേക്കാം. ഒരു കണ്ണിന് ചുറ്റും അല്ലെങ്കിൽ കണ്ണിന് പിന്നിലായിട്ടാണ് വേദന അനുഭവപ്പെടുക. തല തുളച്ചുകയറുന്നതുപോലെയുള്ള വേദനയാണ് ഉണ്ടാവുക. നിത്യജീവിതത്തെ പോലും ഇത് ദോഷകരമായി ബാധിച്ചേക്കാം. 

 ക്ലസ്റ്റർ തലവേദനയുടെ മറ്റ് ലക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം:- 

ഇടയ്ക്കിടെ ഉണ്ടാകുന്ന വേദന 

ക്ലസ്റ്റർ തലവേദനകൾ പലപ്പോഴും കൃത്യമായ സമയക്രമത്തിലല്ല ഉണ്ടാകാറുള്ളത് എങ്കിലും കൃത്യമായ ഇടവേളകളിൽ ഇത് സംഭവിക്കാറുണ്ട്. രാത്രിയോ പകലോ വ്യത്യാസമില്ലാതെ ഇത് സംഭവിക്കാം. ഈ പ്രവചനാതീതമായ ചക്രങ്ങൾ ഉറക്കത്തെയും ദിനചര്യകളെയും തടസ്സപ്പെടുത്തും. 

 കണ്ണിൽ കാണുന്ന ലക്ഷണങ്ങൾ 

വേദനയുണ്ടാകുന്ന കണ്ണിന്റെ ഭാഗത്തുണ്ടാകുന്ന ചുവപ്പ്, കണ്ണിൽ വെള്ളം നിറയൽ, കൺപോളകളിലെ വീക്കം, മൂക്കിലെ അസ്വസ്ഥത അല്ലെങ്കിൽ മൂക്കൊലിപ്പ്, വിയർക്കാൻ അല്ലെങ്കിൽ മുഖത്തുണ്ടാകുന്ന വീക്കം എന്നിവ ക്ലസ്റ്റർ തലവേദനയുടെ ലക്ഷണമാകാം. 

 വിശ്രമമില്ലായ്മ 

ക്ലസ്റ്റർ തലവേദനയുണ്ടാക്കുന്ന സമയത്ത് അടങ്ങാത്ത അസ്വസ്ഥതയാണ് വ്യക്തികൾ അനുഭവിക്കുന്നത്. ഈ വേദനയെ നേരിടാനായി ആളുകൾ നിരന്തരം ചലിച്ചുകൊണ്ടിരിക്കും. അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയോ അല്ലെങ്കിൽ ആവർത്തിച്ചുള്ള ചലനങ്ങളിൽ ഏർപ്പെടുകയോ ചെയ്യാം. 

 വെളിച്ചം.. ശബ്ദം 

ക്ലസ്റ്റർ തലവേദനയുണ്ടാക്കുന്ന സമയത്ത് ആളുകൾ പ്രകാശത്തോടും ശബ്ദത്തോടും സെൻസിറ്റീവ് ആയിത്തീരുന്നു. തെളിച്ചമുള്ള ലൈറ്റുകളും ഉച്ചത്തിലുള്ള ശബ്ദങ്ങളും വേദനയും അസ്വസ്ഥതയും വർധിപ്പിക്കും. 

 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News