പിങ്ക് കറ്റാർവാഴ; മുഖ സൗന്ദര്യത്തിന്റെ കൊറിയൻ സൂത്രവിദ്യ

വരണ്ട ചർമ്മവും കറുത്ത പാടുകളുമാണ് മിക്കവരുടെയും പ്രശ്‌നം. ഇതിനു കറ്റാർവാഴയേക്കാൾ മികച്ച പ്രതിവിധിയില്ല

Update: 2022-09-23 16:13 GMT
Advertising

കൊറിയക്കാരെ പോലെയുള്ള സുന്ദര ചർമം ഉണ്ടായിരുന്നെങ്കിലെന്ന് നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ? അതെ, വരണ്ട ചർമ്മവും കറുത്ത പാടുകളുമാണ് മിക്കവരുടെയും പ്രശ്‌നം. ഇതിനു കറ്റാർവാഴയേക്കാൾ മികച്ച പ്രതിവിധിയില്ല. അതിനായി കറ്റാർവാഴ മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് ചർമ്മത്തിന് ഈർപ്പം നൽകാൻ സഹായിക്കുന്നു. അസ്‌ഫോഡെലേഷ്യേ കുടുംബത്തിൽ പെട്ട ഒരു ചെടിയാണ് കറ്റാർവാഴ. പേരിൽ സാമ്യമുണ്ടെങ്കിലും വാഴയുമായി ഇതിന് ബന്ധമൊന്നുമില്ല. വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് ഇത്.ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർവാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ കറ്റാർവാഴയുടെ മാജിക് ഇവിടെ തീരുന്നില്ല.

പിങ്ക് കറ്റാർവാഴയെ കുറിച്ച് കേട്ടിട്ടുണ്ടോ..


ചർമ്മസംരക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈർപ്പമാണ്. കൊറിയൻ സൗന്ദര്യ രഹസ്യമായ പിങ്ക് കറ്റാർവാഴ ജലാംശത്തിന്റെ പുതിയ പര്യായമാണ്. ഏത് ചർമത്തിനും ഒരുപോലെ അനുയോജ്യമാണ് എന്നതാണ് പിങ്ക് കറ്റാർവാഴയുടെ ഗുണം. പിങ്ക് കറ്റാർ വാഴയിൽ ഈർപ്പം കൂടുതലാണ്. ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ചർമ്മത്തിന് ഗുണം ചെയ്യുന്ന മറ്റു ഘടകങ്ങൾ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്.

പച്ച കറ്റാർവാഴയിൽ നിന്ന് വേർതിരിച്ചെടുത്ത് നിയന്ത്രിത താപനിലയിൽ ഓക്സിഡൈസ് ചെയ്താണ് പിങ്ക് കറ്റാർവാഴ നിർമിക്കുന്നത്. പിങ്ക് കറ്റാർവാഴയിലുള്ള അലോയ് ഇമോഡിനിൽ ആൻറി ഓക്സിഡൻറുകളുടെ സാന്നിധ്യം കൂടുതലായിരിക്കും. കറ്റാർവാഴ ജെൽ നല്ലൊരു മോയിസ്ചറൈസറും ക്ലൻസറുമാണ്. വിറ്റാമിൻ ഇ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇത് ചർമ്മത്തെ മൃദുവാക്കുകയും ചുളിവുകൾ അകറ്റി മുഖക്കുരു കുറക്കാനും സഹായിക്കുന്നു.

എണ്ണമയമുള്ളതും വരണ്ടതുമായ ചർമ്മങ്ങൾക്ക് ഇത് അനുയോജ്യമാണ്. എണ്ണമയമുള്ള ചർമ്മത്താൽ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുകയും വരണ്ട ചർമ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുകയും ചെയ്യുന്നു. അതായത് ചർമത്തിന് ജലാംശം നൽകുന്നതിന് പച്ച കറ്റാർവാഴയേക്കാൾ വളരെ ഫലപ്രദമാണ് പിങ്ക് കറ്റാർവാഴ. ഔഷധഗുണങ്ങൾ വേണ്ടുവോളം ഉള്ളതിനാൽ പല തരത്തിലുള്ള ത്വക്ക് രോഗങ്ങളും മാറ്റാൻ കറ്റാർവാഴയുടെ നീര് നിരന്തരമായി ലേപനം ചെയ്യുന്നത് ഫലപ്രദമാണ്. ഔഷധച്ചെടി, പ്രഥമശുശ്രൂഷയ്ക്കുള്ള മരുന്ന്, ജീവന്റെ നാഡി, അതിശയച്ചെടി, സ്വർഗ്ഗത്തിലെ മുത്ത് എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്ന സസ്യം കൂടിയാണ് കറ്റാർവാഴ.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News