പുതുവർഷത്തിൽ പുകവലിയോട് വിടപറയാം, കാന്‍സറിനെ തടയാം

കാൻസർ ബാധിച്ചുളള മരണത്തിൽ ഏറിയ പങ്കും ശ്വാസകോശ അർബുദത്തെ തുട‍ർന്നാണ്

Update: 2022-12-28 09:46 GMT
Advertising

ഇന്ത്യയിൽ കണ്ടുപിടിക്കപ്പടുന്ന ഏറ്റവും സാധാരണമായ കാൻസറാണ് ശ്വാസകോശാർബുദം. കാൻസർ ബാധിച്ചുളള മരണത്തിൽ ഏറിയ പങ്കും ശ്വാസകോശ അർബുദത്തെ തുട‍ർന്നാണ്. പുകവലിയാണ് ശ്വാസകോശ അർബുദത്തിനുളള പ്രധാന കാരണം. പുരുഷന്മാരെ കൂടുതലായി ബാധിക്കുന്നുണ്ടെങ്കിലും ആഗോള തലത്തിൽ സ്ത്രീകളിലും ശ്വാസകോശ അർബുദം കൂടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മറ്റ് കാൻസറുകളെ പോല തന്നെ ശ്വാസകോശ അർബുദവും സാമൂഹിക സാമ്പത്തിക വിപത്തായി തുടരുന്നു.

പ്രധാനപ്പെട്ട സ്ഥിതിവിവര കണക്കുകൾ

●ഇന്ത്യയിൽ ഏറ്റവും കൂടുതലായി കാണുന്ന അർബുദം

●സ്തനാർബുദം കഴിഞ്ഞാൽ ലോകത്ത് ഏറ്റവും അധികം പേരിൽ കാണപ്പെടുന്ന കാൻസർ

●കാൻസർ മൂലം മരണപ്പെടുന്നവരിൽ നാലിലൊരാൾ ശ്വാസകോശ അർബുദം ബാധിച്ച് മരിക്കുന്നവരാണ്

●80-90% ശ്വാസകോശ അർബുദവും പുകവലിയുടെ ഫലമാണ്. പുകവലിക്കാരിൽ 20% പേരും ശ്വാസകോശ അർബുദ രോഗികളായി മാറുന്നുവെന്നതാണ് വസ്തുത

എപ്പോൾ വൈദ്യസഹായം തേടണം

●ഏറ്റവും സാധാരണമായ ലക്ഷണം ചുമയാണ് (3 ആഴ്ചയോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്ന ചുമ)

●ശരീരഭാരം കുറയുക, വിശപ്പില്ലായ്മ എന്നിവ സാധാരണം

●നെഞ്ചുവേദന, കഫത്തിൽ രക്തം, ശ്വാസം മുട്ടൽ എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ

●ചുമയോ കഫത്തിൽ രക്തമോ കണ്ടാൽ അവർക്ക് ശ്വാസകോശ അർബുദം ഉണ്ടാകണമെന്നില്ല. അതിനാൽ സംശയമുണ്ടെങ്കിൽ വൈദ്യസഹായം തേടാൻ ഭയപ്പെടേണ്ടതില്ല

പുകയിലയും ശ്വാസകോശ അർബുദവും

●ശ്വാസകോശ അർബുദത്തിനുളള ഏറ്റവും പ്രധാന കാരണം പുകയിലയുടെ ഉപയോഗമാണ്

●ശ്വാസകോശ അർബുദത്തിൽ പുകയിലയുടെ സ്വാധീനം പല പഠനങ്ങളിലും സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുളളതാണ്

●പുകവലിക്കുന്നവരിൽ ശ്വാസകോശ അർബുദം വരാനുള്ള സാധ്യത പുകവലിക്കാത്തവരേക്കാൾ 30 മടങ്ങ് അധികമാണ്

●യുവതലമുറ പുകവലിയെ നിസാരമായി കാണുന്നു. പ്രായപൂർത്തിയായ ശേഷവും പലരും ഈ ശീലം തുടരുകയാണ്

●രോഗനിർണ്ണയത്തിനു ശേഷവും പുകവലി തുടരുന്ന രോഗികൾക്ക് പലപ്പോഴും അർബുദ ചികിത്സ ഫലിക്കാതെ പോകുന്നു

●വർദ്ധിച്ചുവരുന്ന പുകവലിയുടെ ഉപയോഗമാണ് ശ്വാസകോശ അർബുദ രോഗികളുടെ എണ്ണം വർദ്ധിക്കാൻ ഇടയാക്കുന്നത്

രോഗനിർണയം

●നെഞ്ചിൻ്റെ എക്സ്റേയിൽ ശ്വാസകോശത്തിലെ മുഴ കണ്ടെത്തുകയും, സിടി സ്കാനിലൂടെ സ്ഥിരീകരിക്കുകയും ചെയ്യാം

●രോഗം ഏത് ഘട്ടത്തിലാണെന്ന് കണ്ടെത്താൻ PET CT ആണ് സാധാരണയായി ഉപയോഗിക്കുന്നത്

●എക്സ്റേ / സിടി സ്കാനിലുടെ ശ്വാസകോശത്തിൻ്റെ അപാകത ശ്രദ്ധയിൽപ്പെട്ടാൽ, ഇമേജ് ഗൈഡഡ് ബയോപ്സി വഴി രോഗം സ്ഥിരീകരിക്കുന്നു

●ബയോപ്സി പരിശോധന രീതി അൽപം സങ്കീർണമെങ്കിലും, സുരക്ഷിതവും, പാർശ്വഫലങ്ങൾ കുറഞ്ഞതും, ഒപി അടിസ്ഥാനത്തിൽ ചെയ്യാവുന്നതുമാണ്

●ബയോപ്സി പരിശോധനയിലെ കണ്ടെത്തലുകൾ തുടർ ചികിത്സയെക്കുറിച്ച് തീരുമാനമെടുക്കാൻ ഡോക്ടറെ സഹായിക്കുന്നു

ചികിത്സ

●രോഗത്തിൻ്റെ തീവ്രതയെ അടിസ്ഥാനമാക്കിയാണ് ചികിത്സ നടത്തുന്നത്. ബയോപ്സിയിൽ കാണപ്പെടുന്ന ട്യൂമറിൻ്റെ തരമനുസരിച്ചും, ജനിതക പരിശോധനയുടെ ഫലങ്ങൾ അടിസ്ഥാനമാക്കിയുമാണ് ചികിത്സ

●സർജറി, കീമോ തെറാപ്പി, റേഡിയേഷൻ തെറാപ്പി, ടാർഗെറ്റെഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി പോലുള്ള ചികിത്സാ രീതികളാണ് വ്യാപകമായി നടത്തുന്നത്

●പ്രാരംഭ ഘട്ടത്തിൽ രോഗനിർണയം നടത്തിയാൽ 70%-ത്തിലധികം രോഗവും സുഖപ്പെടുത്താൻ കഴിയും

●ആധുനിക വൈദ്യശാസ്ത്ര രംഗത്ത് ശ്വാസകോശ അർബുദത്തെ ഫലപ്രദമായി ചികിത്സിക്കാൻ കഴിയുന്ന നൂതനമായ മരുന്നുകൾ നമുക്ക് ലഭ്യമാണ്. പരമ്പരാഗത കീമോതെറാപ്പിയിൽ നിന്ന് വ്യത്യസ്തമായി, ഇമ്മ്യൂണോതെറാപ്പി നേരിട്ട് കാൻസർ ബാധിച്ച കോശങ്ങളെ കൊല്ലുന്നില്ല പകരം കാൻസർ കോശങ്ങളെ കൊല്ലാൻ നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ കൂടുതൽ സജീവമാക്കുന്നു, അതിനാൽ പാർശ്വഫലങ്ങൾ വളരെ കുറവാണ്. മരുന്നിൻ്റെ ചിലവാണ് രോഗികൾ നേരിടുന്ന പ്രതിസന്ധി.

●കാൻസർ കോശങ്ങളെ സാധാരണ കോശങ്ങളിൽ നിന്നും വേർതിരിക്കുന്ന സവിശേഷ സ്വഭാവങ്ങളെ കണ്ടെത്തി അതുവഴി കാൻസർ കോശങ്ങളുടെ വർദ്ധനവ് തടയുകയാണ് ടാർഗെറ്റെഡ് തെറാപ്പിയിൽ ചെയ്യുന്നത്. കീമോതെറാപ്പിയെ അപേക്ഷിച്ച് ടാർഗെറ്റെഡ് തെറാപ്പിയിൽ മരുന്നുകൾ കൂടുതലായും കാൻസർ കോശങ്ങളെ മാത്രമേ നശിപ്പിക്കുന്നുള്ളു. ടാർഗെറ്റെഡ് തെറാപ്പിയിൽ ഉപയോഗിക്കുന്ന മരുന്നുകൾക്ക് തുടക്കത്തിൽ വലിയ വില നൽകേണ്ടിയിരുന്നു. എന്നാൽ ഇന്നിപ്പോൾ മിക്ക രോഗികൾക്കും താങ്ങാവുന്ന നിലയിലേക്ക് മരുന്നിൻ്റെ വില എത്തിയത് ആശ്വാസകരമാണ്

കാൻസർ സ്ക്രീനിംഗ്

● രോഗനിർണ്ണയത്തിനായി ആരോഗ്യമുള്ള വ്യക്തികളിൽ നടത്തുന്ന പരിശോധനകളാണ് സ്ക്രീനിംഗ് ടെസ്റ്റുകൾ. ലക്ഷണങ്ങൾ പ്രകടമാകുന്നതിന് വളരെ മുമ്പ് തന്നെ കാൻസർ കണ്ടെത്താനും, ഇത് വഴി അർബുദം ആരംഭ ഘട്ടത്തിൽ തന്നെ ഭേദമാക്കാനും കഴിയുന്നു

● ശ്വാസകോശ കാൻസർ സ്ക്രീനിംഗിനായി ഉപയോഗിക്കുന്നത് ലോ ഡോസ് സിടി സ്കാൻ ആണ്. പരമ്പരാഗത എക്സ്-റേ ഉപയോഗിച്ച് കണ്ടുപിടിക്കാൻ കഴിയാത്തത്ര ചെറിയ ശ്വാസകോശ അർബുദങ്ങളെ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്താൻ ലോ ഡോസ് സിടി സ്കാന് കഴിയുന്നു. കുറഞ്ഞ സമയത്തിനുളളിൽ തീവ്രത കുറഞ്ഞ റേഡിയേഷനിലൂടെ കൂടുതൽ വ്യക്തവും, വിശദവുമായ ശ്വാസകോശത്തിൻ്റെ ത്രിമാന എക്സ്-റേ ലഭിക്കുമെന്നതാണ് ലോ ഡോസ് സിടി സ്കാനിൻ്റെ സവിശേഷത

ആരെയാണ് സ്‌ക്രീൻ ചെയ്യേണ്ടത്?

നിലവിൽ പുകവലിക്കുന്ന 50 വയസ്സിന് മുകളിലുള്ളവരും, കഴിഞ്ഞ 15 വർഷമായി പുകവലി ഉപേക്ഷിച്ച 20 വർഷത്തിലധികം പുകവലിച്ചിരുന്നവരും സ്ക്രീനിഗിന് വിധേയരാകണം. ശ്വാസകോശത്തിലെ വളരെ ചെറിയ അർബുദ വളർച്ചകൾ കണ്ടെത്താൻ സ്ക്രീനിംഗ് സഹായിക്കുമെമെന്നതിനാൽഎളുപ്പത്തിൽ ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്നു

പ്രതിരോധ നടപടികൾ

●പുകവലി നിർത്തുന്നതാണ് ശ്വാസകോശ കാൻസർ വരാതിരിക്കാൻ ഉളള ഏറ്റവും ഫലപ്രദമായ പ്രതിരോധം

●15 വർഷത്തിലേറെയായി പുകവലി ഉപേക്ഷിച്ചവരിൽ ശ്വാസകോശ അർബുദ സാധ്യത നിലവിലെ പുകവലിക്കാരുമായി താരതമ്യം ചെയ്യുമ്പോൾ 80% കുറവാണ്

● മുകളിൽ സൂചിപ്പിച്ചതുപോലെയുള്ള സ്‌ക്രീനിംഗ് ശ്വാസകോശ അർബുദം നേരത്തേ കണ്ടുപിടിക്കുന്നതിനും ഭേദമാക്കുന്നതിനും സഹായിക്കും

●പുകയിലയോട് 'നോ' പറയുകയാണ് ശ്വാസകോശാർബുദ പ്രതിരോധത്തിൻ്റെ നിർണായക ചുവടുവെയ്പ്പ്. അതിനാൽ പുകവലിക്കില്ലെന്ന ദൃഢ നിശ്ചയത്തോടെ പുതു വർഷത്തെ വരവേൽക്കാം.

(രാജഗിരി ഹോസ്പിറ്റലിലെ സീനിയർ ഓങ്കോളജിസ്റ്റാണ് ഡോ.അരുണ്‍ ഫിലിപ്)


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - ഡോ.അരുൺ ഫിലിപ്

contributor

Similar News