കുടലിന്റെ ആരോഗ്യ സംരക്ഷണത്തിന് ഈ വേനൽക്കാലത്ത് കഴിക്കാൻ ഏറ്റവും മികച്ച മൂന്ന് പച്ചക്കറികൾ
ഫൈബർ കൂടുതലായടങ്ങിയ ഭക്ഷ്യ പദാർഥങ്ങൾ കൂടുതലായി കഴിക്കുന്നത് ദഹനത്തെ സഹായിക്കുമെന്ന് പഠനങ്ങളുണ്ട്. ദഹനത്തിന് മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരത്തിലെ ജലാംശം നിലനിർത്താനുമൊക്കെ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കുന്നു.
കോഴിക്കോട്: വേനൽക്കാലത്ത് ആളുകൾ നേരിടുന്ന വലിയൊരു പ്രശ്‌നമാണ് ദഹനപ്രക്രിയ കൃത്യമായി നടക്കാത്തത്. ദഹനപ്രക്രിയയിൽ നേരിടുന്ന പ്രശ്‌നങ്ങൾ അത്ര നിസ്സാരമല്ല. ഇതിനെ ഒരു പരിധിവരെയെങ്കിലും പ്രതിരോധിക്കാൻ ഭക്ഷണ രീതിക്ക് സാധിക്കും. ഫൈബർ (നാരുകളടങ്ങിയ) കൂടുതലായടങ്ങിയ ഭക്ഷ്യ പദാർഥങ്ങൾ കൂടുതലായി കഴിക്കുന്നത് ദഹനത്തെ സഹായിക്കുമെന്ന് പഠനങ്ങളുണ്ട്. ദഹനത്തിന് മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരത്തിലെ ജലാംശം നിലനിർത്താനുമൊക്കെ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കുന്നു.
പരമ്പരാഗതമായി നമ്മൾ കഴിക്കാറുള്ളതും നമ്മുടെ ചുറ്റുപാടും എളുപ്പത്തിൽ ലഭിക്കുന്നതുമായ ഫൈബർ അടങ്ങിയ നിരവധി പച്ചക്കറികളുണ്ട്. അവയിൽ ചിലത് ഇതൊക്കെയാണ്;
ചക്ക
കേരളീയരുടെ വേനൽക്കാല വിഭവങ്ങളിലെ പ്രധാനിയാണല്ലോ ചക്ക. ഓരോ 100ഗ്രാം ചക്കയിലും കുറഞ്ഞത് രണ്ട് ഗ്രാമെങ്കിലും ഫൈബർ അടങ്ങിയിട്ടുണ്ട്. ചക്ക കഴിക്കുന്നത് ദഹനം ക്രമപ്പെടുത്താനും ഇതുവഴി മലബന്ധം പോലുള്ളവയിൽ നിന്നും ആശ്വാസം നൽകാനും സഹായിക്കുന്നു.അമിതമായ ചൂട് കാരണമുണ്ടാകുന്ന കോശ നാശത്തെ കുറക്കാനും ചക്ക സഹായിക്കുന്നു.
ചക്കപ്പുഴുക്കായും, തോരനായും, കറി വെക്കാനും, ചിപ്‌സായുമൊക്കെ ചക്ക കഴിക്കാം. പഴുത്ത ചക്ക വെറുതെ കഴിക്കാനും ജ്യൂസായും മധുരപലഹാരമായും കഴിക്കാൻ അനുയോജ്യമാണ്.
മുരിങ്ങാക്കായ
മലയാളികൾക്ക് സുപരിചിതമായ മുരിങ്ങാക്കായയാണ് മറ്റൊന്ന്. എളുപ്പത്തിൽ ലഭിക്കുന്ന ഈ പച്ചക്കറിയിൽ അടങ്ങിയ ഫൈബറിന്റെ അളവ് ഒരു പുതിയ അറിവായിരിക്കും. ഓരോ 100 ഗ്രാം മുരിങ്ങാക്കായയിലും മൂന്ന് ഗ്രാം ഫൈബറാണ് അടങ്ങിയിട്ടുള്ളത്. വയറു ശുദ്ധീകരിക്കാൻ അത്യുത്തമം. ഫൈബർ കൂടാതെ കാൽസ്യം, വൈറ്റമിൻ സി തുടങ്ങിയ പോഷകങ്ങളും മുരിങ്ങാക്കായയിലുണ്ട്. പ്രതിരോധ ശേഷി വർധിപ്പിക്കാനും ഊർജം വർധിപ്പിക്കാനും ഇവ സഹായിക്കുന്നു.
സാമ്പാറിലും, രസത്തിലും പ്രധാനിയായ മുരിങ്ങാക്കായയുടെ ഉള്ളിലെ പൾപ്പാണ് കഴിക്കേണ്ടത്. തോരനായും, സ്റ്റ്യൂ ആയും കഴിക്കാനും രുചികരമാണ് മുരിങ്ങാക്കായ.
പീച്ചിങ്ങ
കലോറി കുറഞ്ഞ എന്നാൽ ഫൈബർ ഒരുപാട് അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് പീച്ചിങ്ങ. വേനൽ ചൂടിൽ ശരീരം തണുപ്പിക്കാനും പീച്ചിങ്ങ സഹായിക്കുന്നു. ഒരു കപ്പ് പീച്ചിങ്ങ കഴിക്കുമ്പോൾ മൂന്നു ഗ്രാമിലധികം ഫൈബർ ശരീരത്തിന് ലഭിക്കുന്നു.
ജലാംശം ഒരുപാടുള്ളതിനാൽ ശരീരത്തിലെ ജലാംശം നിലനിർത്താനും ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പീച്ചിങ്ങ കാരണമാകുന്നു. പെട്ടന്ന് ദഹിക്കുന്ന ലഘു ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഉത്തമമാണിത്. കുറഞ്ഞ എണ്ണയിൽ പാകപ്പെടുത്തിയെടുക്കുന്ന പീച്ചിങ്ങ ചോറിന്റെ കൂടെ വിളമ്പാം.