എന്താണ് തക്കാളിപ്പനി, ലക്ഷണങ്ങള്‍ എന്തൊക്കെ?

കോക്സാക്കി ( Coxsackie) എന്ന വൈറസ് മൂലം ഉണ്ടാകുന്ന രോഗമാണ് തക്കാളിപ്പനി എന്ന പേരിൽ പ്രചാരം നേടുന്നത്

Update: 2022-05-20 05:55 GMT
Editor : Jaisy Thomas | By : Web Desk

മഴക്കാലമാണ്..പകര്‍ച്ചവ്യാധികളുടെ കാലം.. പനിയോടൊപ്പം തക്കാളിപ്പനി പോലുള്ളവയും പടരുന്നുണ്ട്. തക്കാളിപ്പനി, ടൊമാറ്റോ ഫീവർ തുടങ്ങിയ പേരുകള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്‌. ശരിക്കും എന്താണ് തക്കാളിപ്പനി...

എന്താണ് തക്കാളിപ്പനി? ശരിക്കും അങ്ങനെ ഒന്നുണ്ടോ?

കോക്സാക്കി ( Coxsackie) എന്ന വൈറസ് മൂലം ഉണ്ടാകുന്ന രോഗമാണ് തക്കാളിപ്പനി എന്ന പേരിൽ പ്രചാരം നേടുന്നത്. തക്കാളിയുമായി യാതൊരു വിധ ബന്ധവുമില്ലെങ്കിലും ശരീരത്തു തക്കാളി പോലെ ചുവന്ന, എന്നാൽ വളരെ ചെറിയ കുമിളകൾ കണ്ടു വരുന്നത് കൊണ്ടാകാം ഈ പേരു വന്നത്. കൈകാലുകളിലും വായിലും ആണ് ഈ കുമിളകൾ കണ്ടു വരുന്നത് എന്നതിനാലാണ് ഹാൻഡ് ഫൂട് മൗത് ഡിസീസ് ( Hand Foot Mouth Disease - HFMD ) എന്നറിയപ്പെടുന്നത്.

Advertising
Advertising

പത്തു വയസ്സിൽ താഴെയുള്ള കുട്ടികളിലാണ് ഇത് സാധാരണ കണ്ടു വരുന്നത്. മുതിർന്നവരിലും വരാൻ സാധ്യതയുണ്ട്. ഈ രോഗവും കന്നുകാലികളിലെ ഫൂട് മൗത്ത് ഡിസീസും (കുളമ്പ് രോഗം) തമ്മിൽ യാതൊരു ബന്ധവുമില്ല.

എങ്ങനെ പകരുന്നു?

രോഗിയുടെ സ്രവങ്ങൾ, സ്പർശിച്ച വസ്തുക്കൾ എന്നിവയിലൂടെ ആണ് പകരുന്നത്. അംഗൻവാടി, നഴ്സറി, സ്കൂൾ തുടങ്ങിയ കുട്ടികൾ അടുത്തിടപഴകാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ രോഗം വളരെ വേഗം പകരുന്നതും പല കുട്ടികൾക്ക് ഒരുമിച്ചു രോഗം വരുന്നതും സാധാരണമാണ്.

ലക്ഷണങ്ങൾ

  • വൈറസ് ശരീരത്തിൽ കയറി ഏതാണ്ട് ഒരാഴ്ചക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകുന്നു.
  • ചെറിയ പനിയായി തുടങ്ങി, പിന്നീട് കൈകാലുകളിലും വായിലും ചുവന്ന വെള്ളം നിറഞ്ഞ ചെറിയ കുമിളകൾ പ്രത്യക്ഷപ്പെടുന്നു .
  • ചിലരിൽ വായയുടെ ചുറ്റുമുള്ള ചർമ്മത്തിലും, നെഞ്ചിലും, വയറിലും, പൃഷ്‌ഠഭാഗത്തും മറ്റും കുമിളകൾ കണ്ടു വരാറുണ്ട്.
  • ഒപ്പം ക്ഷീണം,തൊണ്ട വേദന,ആഹാരവും വെള്ളവും ഇറക്കാൻ ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങളും ഉണ്ടാകാം.
  • കുറച്ചു ദിവസങ്ങൾക്കകം കുമിളകൾ ഉണങ്ങും. ഒന്ന് രണ്ടാഴ്ചയിൽ എല്ലാ ലക്ഷണങ്ങളും സാധാരണ ഗതിയിൽ ഭേദമാകും.
  • എന്നാൽ ചിലർ ആഴ്ചകളോളം വൈറസ് വാഹകരാകാം.
  • അപൂർവമായി ഈ രോഗം തലച്ചോർ, ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരിക അവയവങ്ങളെ ബാധിച്ചേക്കാം.ഇത്തരം സന്ദർഭങ്ങളിൽ അടിയന്തിര ചികിത്സ വേണം.
  • ആഴ്ചകൾക്ക് ശേഷം പല നഖങ്ങളിലും കുറുകെ വരകൾ കണ്ടു വരാറുണ്ട്.
  • രോഗം വന്ന സമയത്തു നഖത്തിന്റെ വളർച്ച താത്കാലികമായി നിന്ന് പോയതിന്റെ ബാക്കിപത്രമാണിത്. ഇതിന് ചികിത്സ ആവശ്യമില്ല.

ചികിത്സ

  • പനി പോലെയുള്ള ലക്ഷണങ്ങൾക്കുള്ള ചികിത്സ മാത്രം മതിയാകും.
  • ഭക്ഷണവും വെള്ളവും ഇറക്കുമ്പോഴുള്ള വേദന മൂലം ആഹാരക്കുറവും നിർജലീകരണത്തിനും ഉള്ള സാധ്യതയുള്ളതിനാൽ ഇടവിട്ടിടവിട്ട് പാനീയങ്ങളും പഴച്ചാറുകളും ഇറക്കാൻ എളുപ്പമുള്ള പരുവത്തിൽ കഞ്ഞിയായും സൂപ്പായും മറ്റും ആഹാരം നൽകണം.
  • വ്യക്തി ശുചിത്വം ഉറപ്പാക്കുക.
  • കുളിപ്പിയ്ക്കുമ്പോൾ കുമിളകൾ പൊട്ടാതെ ശ്രദ്ധിക്കാം.
  • കുമിളകൾ പൊട്ടിയാൽ ഡോക്ടറുടെ നിർദേശപ്രകാരം ആന്‍റിബയോട്ടിക്‌ ലേപനങ്ങൾ പുരട്ടാം.
  • രോഗലക്ഷണങ്ങൾ പൂർണമായും ഭേദമായ ശേഷം മാത്രം അംഗൻവാടിയിലും സ്കൂളിലും മറ്റും കുട്ടിയെ അയക്കുകയും മറ്റുള്ളവരുമായി ഇടപഴകാൻ അനുവദിക്കുകയും ചെയ്യുക.

എഴുതിയത് : ഡോ. അശ്വിനി. ആർ,ഇൻഫോ ക്ലിനിക്

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News