'ലിപ് ഫില്ലർ ചെയ്ത് സംഭവിച്ചത്...' ചിത്രങ്ങളോടെ മുന്നറിയിപ്പുമായി ഉർഫി

"ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് ആത്മവിശ്വാസക്കുറവുണ്ടെങ്കിൽ ലിപ് ഫില്ലറുകളോ, സർജറിയോ എന്തും തിരഞ്ഞെടുക്കാം. പക്ഷേ നല്ല ഒരു ഡോക്ടറെ കൊണ്ട് മാത്രം ഇവ ചെയ്യിക്കുക", ഉർഫി കുറിപ്പിൽ പറഞ്ഞു

Update: 2023-07-25 16:20 GMT

ചുണ്ടുകൾ വലിപ്പമുള്ളതാക്കാൻ ലിപ് ഫില്ലർ ചെയ്യുന്നത് ഇന്നൊരു പുതിയ കാര്യമല്ല. സിനിമാ താരങ്ങളും മോഡലുകളുമടക്കം ഇവ ചെയ്യാറുമുണ്ട്. മികച്ച രീതിയിൽ ചെയ്തില്ലെങ്കിൽ ലിപ് ഫില്ലറുകൾ പണി തരാമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം ഉർഫി ജാവേദ്. മുമ്പ് ലിപ് ഫില്ലർ ചെയ്തപ്പോഴെടുത്ത,  ചുണ്ട് നീരു വന്ന് വീർത്തിരിക്കുന്ന ചിത്രമടക്കം പങ്കു വച്ചാണ് താരത്തിന്റെ മുന്നറിയിപ്പ്.

18ാം വയസ്സുമുതൽ താൻ ലിപ് ഫിൽ ചെയ്യാറുണ്ടെന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ ഉർഫി പറയുന്നത്. "നല്ല വലിപ്പമുള്ള ചുണ്ടുകൾ വേണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ കയ്യിലത്ര പണമില്ലാത്തതിനാൽ വില കുറച്ച് ലിപ് ഫില്ലറുകൾ ചെയ്യുന്നിടത്താണ് അന്നത് ചെയ്തത്. ഫലമോ, ചുണ്ടുകൾ ഇങ്ങനെയായി. ഏറ്റവും വേദന നിറഞ്ഞ ദിവസങ്ങളായിരുന്നു അത്. വേദന മാറാൻ ലിപ് ഫില്ലർ എടുത്തു കളയേണ്ടി വന്നു. ലിപ് ഫില്ലറുകൾ ചെയ്യേണ്ട എന്ന് ഞാൻ പറയില്ല. പക്ഷേ നല്ല രീതിയിൽ അന്വേഷിച്ച ശേഷമേ ഇത് ചെയ്യാവൂ. നിങ്ങളുടെ ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് ആത്മവിശ്വാസക്കുറവുണ്ടെങ്കിൽ ലിപ് ഫില്ലറുകളോ, സർജറിയോ എന്തും തിരഞ്ഞെടുക്കാം. പക്ഷേ നല്ല ഒരു ഡോക്ടറെ കൊണ്ട് മാത്രം ഇവ ചെയ്യിക്കുക". ഉർഫി കുറിപ്പിൽ പറഞ്ഞു.

Advertising
Advertising

തനിക്ക് ഇപ്പോൾ ലിപ് ഫില്ലറുകൾ ഉണ്ടെന്നും എന്നാൽ തന്റെ ചുണ്ടുകൾക്ക് ആവശ്യമായത് എത്രയാണെന്ന് തനിക്കറിയാമെന്നും ഉർഫി പറയുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News