വരാൻ പോകുന്നത് കൊവിഡിനേക്കാൾ ഭീകരമായ പകർച്ചവ്യാധി; മുന്നറിയിപ്പുമായി വിദഗ്ധർ

അമേരിക്കയിൽ എച്ച്1എൻ5 വൈറസിന്റെ അതിതീവ്ര വകഭേദം കണ്ടെത്തി

Update: 2024-04-04 19:15 GMT
Editor : ശരത് പി | By : Web Desk
Advertising

ന്യൂഡൽഹി: കൊവിഡിനേക്കാൾ ഭീകരമായ പക്ഷിപ്പനി ലോകത്ത് പടർന്നുപിടിച്ചേക്കാമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ. പുതുതായി അമേരിക്കയിൽ കണ്ടെത്തിയ എച്ച്5എൻ1 വകഭേദം കൊവിഡിനേക്കാൾ പതിന്മടങ്ങ് ശക്തിയുണ്ടെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. രോഗം ഒരു ആഗോളവ്യാധിയായി മാറാൻ അധികം സമയമില്ലെന്നും വിദഗ്ദർ ആശങ്ക രേഖപ്പെടുത്തി. രോഗഭീഷണിയെ ഗൗരവമായി കാണുന്നുവെന്നും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് വൈറ്റ് ഹൗസും പ്രഖ്യാപിച്ചിട്ടുണ്ട്.

പശുക്കളിലും പൂച്ചകളിലും കണ്ടെത്തിയ വൈറസിന്റെ വകഭേദം വളരെ പെട്ടന്ന് മനുഷ്യനിലേക്ക് വ്യാപിക്കുന്നതായി കണ്ടെത്തിയതാണ് രോഗത്തിന്റെ തീവ്രതയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നത്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് വ്യാപിക്കുന്നതിനായി വൈറസ് അതിവേഗത്തിൽ പരിണമിക്കുകയാണെന്ന ആശങ്കയുമുണ്ട്. അമേരിക്കയിലെ ടെക്‌സാസിലെ പാൽ ഉത്പാദന കേന്ദ്രത്തിലെ ജോലിക്കാരന് രോഗം ബാധിച്ചതോടെയാണ് അതിവേഗം പരിണമിക്കുന്ന വൈറസിനെക്കുറിച്ച് വിദഗ്ദർ അറിയുന്നത്. അമേരിക്കയിൽ ആറ് സ്‌റ്റേറ്റുകളിലായി 12 കന്നുകാലിക്കൂട്ടങ്ങളും ടെക്‌സാസിലെ ഒരു പൂച്ചയും ഇതുവരെ വൈറസ് ബാധിച്ച് ചത്തതായി കണ്ടെത്തിയിട്ടുണ്ട്. പക്ഷെ വൈറസിനെ മനുഷ്യനിൽ കണ്ടെത്തുന്നത് ഇതാദ്യമായാണ്.

ലോകം ഒരു പക്ഷിപ്പനി വ്യാധിയിലേക്ക് വീഴാനുള്ള സാധ്യത വിദൂരമല്ലെന്നാണ് പക്ഷിപ്പനി വിദഗ്ധനായ ഡോക്ടർ സുരേഷ് കുച്ചിപ്പുടി പറയുന്നത്. മനുഷ്യനടക്കമുള്ള സസ്തനികളിൽ വ്യാപിക്കാൻ കഴിവുള്ള വൈറസിന് ഒരാഗോളവ്യാധിയായി മാറാൻ സമയമധികം വേണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു. പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ കൺസൾട്ടന്റായ ജോൺ ഫുൾട്ടണും രോഗത്തെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി. വൈറസിന് കൊവിഡ് വൈറസിനേക്കാളും പ്രജനന നിരക്ക് വളരെ കൂടുതലാണ്, ഇത് രോഗത്തെ കൊവിഡിനേക്കാൾ നൂറ് മടങ്ങ് അപകടകാരിയാക്കുമെന്ന് ഫുൾട്ടൺ ആശങ്ക രേഖപ്പെടുത്തി.

ലോകം ഏറ്റവും ഭീതിയോടെ കാണുന്ന വൈറസുകളിലൊന്നാണ് പക്ഷിപ്പനി എന്ന രോഗം പടർത്തുന്ന എച്ച്5എൻ1 വൈറസ്. വൈറസിനെ 2003 മുതൽ സുക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ലോകത്തിലെ പല പകർച്ചവ്യാധി വിദഗ്ധർ. പുതിയ വൈറസ് വകഭേദത്തിന് 52 ശതമാനമാണ് മരണനിരക്കെന്നത് കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 2020 മുതൽ വൈറസിന്റെ മുൻ വകഭേദം ബാധിച്ച 30 ശതമാനം ആളുകളും മരണത്തിന് കീഴടങ്ങിയിട്ടുണ്ട്.

രോഗത്തിന്റെ കാഠിന്യം മനസിലാക്കിയ വൈറ്റ് ഹൗസ് ഉടൻ തന്നെ രോഗം വരാതിരിക്കാൻ ഓരോ പൗരന്മാരും കർശനമായി പ്രതിരോധനടപടികൾ സ്വീകരിക്കണമെന്ന് പ്രസ്താവനയിറക്കിയിട്ടുണ്ട്.

രോഗഭീഷണിക്ക് പുറമെ ആഗോളതലത്തിൽ സാമ്പത്തികമേഖലയ്ക്കും വൈറസിന്റെ വ്യാപനം വൻ ആഘാതം സൃഷ്ടിക്കുമെന്നും വിദഗ്ധർ കരുതുന്നു. പാൽ, മുട്ട, ഇറച്ചി വിപണി തകിടം മറിയും. രോഗം ബാധിച്ച കന്നുകാലികളെയും കോഴി, താറാവ്, കാട അടക്കമുള്ള പക്ഷികളെയും നശിപ്പിക്കുക മാത്രമാണ് നിലവിൽ രോഗപ്രതിരോധത്തിനായുള്ള  നടപടി

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News