'മുപ്പതിനു മുമ്പേ അസ്ഥികൾ ദുര്‍ബലമാകുന്നു'; സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അസ്ഥി പൊട്ടുന്നത് വരെ രോഗ ലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാല്‍ പലരും ഏറെ വൈകിയാണ് ഈ പ്രശ്നം തിരിച്ചറിയുന്നത്

Update: 2026-03-09 12:08 GMT

അസ്ഥികളുടെ ബലം കുറഞ്ഞ് അവ പൊട്ടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന രോഗമാണ് ഓസ്റ്റിയോപൊറോസിസ്.സ്ത്രീകളിൽ പ്രായമായ ശേഷം ഉണ്ടാകുന്ന പ്രശ്നമാണ് ഓസ്റ്റിയോപൊറോസിസ് എന്നായിരുന്നു മുമ്പത്തെ ധാരണ. എന്നാൽ ഇന്ന്  പല സ്ത്രീകളിലും അസ്ഥികളുടെ ശക്തി കുറയുന്നത് വളരെ നേരത്തെ തന്നെ ആരംഭിക്കുന്നുവെന്നാണ് പുതിയ പഠനങ്ങളും ഡോക്ടർമാരുടെ നിരീക്ഷണങ്ങളും പറയുന്നത്. സ്ത്രീകൾക്ക് അവരുടെ 30-കളിലും 40-കളിലും അസ്ഥികളുടെ ബലക്ഷവവും  അപ്രതീക്ഷിതമായി അവ ഒടിയുന്നതും അനുഭവപ്പെടുന്നത് കൂടി വരുന്നതായി ഡോക്ടര്‍മാരും പറയുന്നു.  അസ്ഥി പൊട്ടുന്നത് വരെ രോഗ ലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാല്‍ പലരും ഏറെ വൈകിയാണ് ഈ പ്രശ്നം തിരിച്ചറിയുന്നത്. 

Advertising
Advertising

അസ്ഥികളുടെ ശക്തി പ്രധാനമായും അവയുടെ സാന്ദ്രതയെയും  ഘടനയെയുംആശ്രയിച്ചാണ് നിർണയിക്കുന്നത്. സാധാരണയായി മനുഷ്യരുടെ അസ്ഥികൾക്ക് ഏറ്റവും കൂടുതൽ ശക്തി ലഭിക്കുന്നത് 30 വയസ്സ് ആകുമ്പോഴാണ്. അതിന് ശേഷം  പതുക്കെ അസ്ഥിയപടെ സാന്ദ്രത കുറയാൻ തുടങ്ങും.ചില ആരോഗ്യപ്രശ്നങ്ങൾ, മരുന്നുകൾ, ജീവിതശൈലി എന്നിവ ഈ കുറവ് കൂടുതൽ വേഗത്തിലാക്കാം. 

ഡോക്ടർമാർ പറയുന്നതനുസരിച്ച്, ദീർഘകാലം സ്റ്റിറോയിഡ് മരുന്നുകൾ ഉപയോഗിക്കുന്നത് അസ്ഥികളുടെ ബലം കുറയാൻ ഇടയാക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. ഇത്തരം മരുന്നുകൾ ശരീരത്തിൽ കാൽസ്യം ആഗിരണം ചെയ്യുന്നത് തടസ്സപ്പെടുത്തുന്നു.  അതിനൊപ്പം ഹോർമോൺ സംബന്ധമായ ചില രോഗങ്ങളും അസ്ഥികളുടെ ആരോഗ്യത്തെ ബാധിക്കാം.

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS) പോലുള്ള അവസ്ഥകളിലും അസ്ഥികൾക്ക് ബലം കുറയാനുള്ള സാധ്യതയുണ്ട്. ഹോർമോൺ അസന്തുലിതാവസ്ഥ, ഇൻസുലിൻ റെസിസ്റ്റൻസ്, ശരീരത്തിലെ സ്ഥിരമായ ചെറിയ അണുബാധകൾ എന്നിവ അസ്ഥികളുടെ ഘടനയെ ദുർബലമാക്കാൻ ഇടയാക്കാം. അതുപോലെ തന്നെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കൂടുതലായാലും അസ്ഥികളുടെ ആരോഗ്യം ക്ഷയിക്കാനും കാരണമാകും.

ആധുനിക ജീവിതശൈലിയും സ്ത്രീകളിലെ അസ്ഥി ക്ഷയമുണ്ടാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുക, കാൽസ്യം കുറഞ്ഞ ഭക്ഷണം, വ്യായാമമില്ലാത്ത ജീവിതശൈലി, അനിയന്ത്രിതമായ ഭക്ഷണക്രമം തുടങ്ങിയവ എല്ലാം അസ്ഥികളുടെ ബലം കുറയാൻ കാരണമാകാം. ഇതോടൊപ്പം പുകവലി, മദ്യപാനം, അമിത കഫെയിൻ ഉപയോഗം എന്നിവയും പ്രശ്നം കൂടുതൽ വഷളാക്കും.

സ്ത്രീകളിൽ ആര്‍ത്തവിരാമം ഉണ്ടാകുന്ന സമയം അസ്ഥികളുടെ ബലം വേഗത്തിൽ കുറയുന്ന ഘട്ടമാണ്. ഈ സമയത്ത് ഈസ്ട്രജൻ ഹോർമോൺ കുറഞ്ഞതിനാൽ അസ്ഥികൾ വേഗത്തിൽ ദുർബലമാകാം. ചില പഠനങ്ങൾ പ്രകാരം, മെനോപോസിന് ശേഷമുള്ള ആദ്യ 5–7 വർഷങ്ങളിൽ സ്ത്രീകൾക്ക് ഏകദേശം 20 ശതമാനം വരെ അസ്ഥി സാന്ദ്രത നഷ്ടപ്പെടാൻ സാധ്യതയുണ്ട്. നേരത്തെയുള്ള ആര്‍ത്തവിരാമവും  അസ്ഥിയുടെ ബലം കുറക്കുന്നതിന് പ്രധാന കാരണമായി മാറാറുണ്ട്.   ആർത്തവവിരാമത്തിന്റെ പ്രാരംഭ ഘട്ടത്തിൽ സ്ത്രീകളില്‍  ഒടിവുകൾ സാധാരണമായി കണ്ടുവരാറുണ്ട്. 

ശ്രദ്ധിക്കേണ്ടതെന്തെല്ലാം...

അസ്ഥികളുടെ ആരോഗ്യത്തിന്‍റെ കാര്യത്തില്‍ കൗമാരത്തില്‍ നിന്ന് തന്നെ ശ്രദ്ധിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കാൽസ്യവും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക, വിറ്റമിന്‍ ഡി ലഭിക്കാനായി സൂര്യപ്രകാശം ഏല്‍ക്കുക എന്നിവയെല്ലാം വളരെ പ്രധാനമാണ്. കൂടാതെ സ്ഥിരമായി വ്യായാമം ചെയ്യുന്നത് അസ്ഥിയുടെ സാന്ദ്രത വർധിപ്പിക്കാന്‍ സഹായിക്കും. പ്രത്യേകിച്ചും വാക്കിങ്, ജോഗിങ് തുടങ്ങിയ വ്യായാമങ്ങള്‍ ഇതിന് സഹായിക്കും.40-കളുടെ അവസാനത്തോടെയോ അല്ലെങ്കില്‍ അസ്ഥി സംബന്ധമായി പ്രശ്നങ്ങള്‍ അനുഭവപ്പെടുകയോ ചെയ്യുകയാണെങ്കില്‍ അസ്ഥി സാന്ദ്രത നിര്‍ണയിക്കാനുള്ള ഡ്യുവൽ എനർജി എക്സ്-റേ അബ്സോർപ്റ്റിയോമെട്രി സ്കാന്‍ (DEXA) ചെയ്യുന്നതും നല്ലതാണ്. 

ലക്ഷണങ്ങളൊന്നും പ്രകടമാക്കാത്തതിനാല്‍ ഓസ്റ്റിയോപൊറോസിസിനെ നിശബ്ദ രോഗം എന്ന് പൊതുവെ പറയാറുണ്ട്.അതിനാല്‍ 30-40 വയസ്സിനു മുകളിലുള്ള സ്ത്രീകൾ തങ്ങളുടെ അസ്ഥികളുടെ ആരോഗ്യത്തെക്കുറിച്ച് പ്രത്യേകം ശ്രദ്ധ കൊടുക്കുന്നത് നല്ലതാണ്. ഇടക്കിടക്ക് അസ്ഥികള്‍ പൊട്ടുകയോ അസ്ഥികളുടെ ശക്തി കുറഞ്ഞു വരുന്നുണ്ടെങ്കിലോ ഡോക്ടറെ കണ്ട് കൃത്യമായ പരിശോധനങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. നേരത്തെ രോഗം കണ്ടെത്തുകയും ചികിത്സ ആരംഭിക്കുകയും ചെയ്യുന്നത് പിന്നീടങ്ങോട്ടുള്ള ജീവിതവും ആരോഗ്യകരമായിരിക്കാന്‍ സഹായിക്കുകയും ചെയ്യും. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Similar News