യാസീന്‍റെ ദുരിതം 'മീഡിയവണ്‍ സ്നേഹസ്പര്‍ശ'ത്തിലൂടെ അറിഞ്ഞ് സുമനസ്സുകളുടെ സഹായം
മണ്ണഞ്ചേരിയിലെ സാമൂഹ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിര്‍മിച്ച വീട് യാസീനും കുടുംബത്തിനും കൈമാറി.
അപൂര്‍വ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുഹമ്മദ് യാസീനും കുടുംബവും ഇനി സ്വന്തം വീട്ടില്‍ താമസിക്കും. ആലപ്പുഴ മണ്ണഞ്ചേരിയിലെ ആറ് വയസുകാരന്‍ യാസീന്‍റെ ദുരിതം മീഡിയവണ്‍ സ്നേഹസ്പര്‍ശം പരിപാടിയിലൂടെയാണ് പുറംലോകമറിഞ്ഞത്. മണ്ണഞ്ചേരിയിലെ സാമൂഹ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിര്‍മിച്ച വീട് യാസീനും കുടുംബത്തിനും കൈമാറി.
ദേഹമാസകലം വ്രണം വന്നുപൊട്ടുന്ന അപൂര്‍വ രോഗമാണ് മുഹമ്മദ് യാസീന്. കൊല്ലം പുനലൂരില്‍ നിന്നുമെത്തി മണ്ണഞ്ചേരിയില്‍ വാടകക്ക് താമസിച്ചിരുന്ന ഷീജക്ക് മകന്റെ ചികിത്സ വലിയ സാമ്പത്തിക ബാധ്യതയായിരുന്നു. മീഡിയവണ്‍ സ്നേഹസ്പര്‍ശത്തിലൂടെ യാസീന്റെ ദുരിതമറിഞ്ഞവര്‍ ഏറെ സഹായിച്ചു. ചികിത്സക്കൊപ്പം വൃത്തിയുള്ള വീടും യാസീന് ആവശ്യമായിരുന്നു. ഇത് മനസിലാക്കിയ സാമൂഹിക പ്രവര്‍ത്തകര്‍ വീടെന്ന സ്വപ്നത്തിന് പിന്നാലെയിറങ്ങി.
സക്കീര്‍ ഹുസൈന്‍, നൌഷാദ് കരിമുറ്റം എന്നിവര്‍ നേതൃത്വം നല്‍കുന്ന വാട്സ് ആപ്പ് കൂട്ടായ്മയാണ് ചുക്കാന്‍ പിടിച്ചത്. ഒടുവില്‍ 15 ലക്ഷം രൂപ കണ്ടെത്തി സ്ഥലം വാങ്ങി അവിടെ വീടുവെച്ചു. സ്വപ്നം യാഥാര്‍ത്ഥ്യമായതിന്‍റെ സന്തോഷത്തിലാണ് ഷീജ. യാസീന്‍റെ ചികിത്സ തുടരണം, കുടുംബത്തിന് ഉപജീവനമാര്‍ഗം കണ്ടെത്തണം. ഇതിനുള്ള പരിശ്രമത്തിലാണ് മണ്ണഞ്ചേരിയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍.