'നിങ്ങള്‍ ടൈറ്റാനിക് കണ്ടിട്ടുണ്ടോ?' കോവിഡ് വാക്സിന്‍ ആവശ്യപ്പെട്ട് ഹരജി നല്‍കിയവരോട് കോടതി

അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും ഉടന്‍ കോവിഡ് വാക്സിന്‍ വേണമെന്ന് ആവശ്യപ്പെടുന്നത് സ്വാര്‍ഥതയെന്ന് കോടതി

Update: 2021-03-10 13:42 GMT

അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കുന്നതില്‍ മുന്‍ഗണന വേണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി. അങ്ങനെ ആവശ്യപ്പെടുന്നത് സ്വാര്‍ഥതയാണെന്ന് കോടതി വ്യക്തമാക്കി.

മുംബൈ സ്വദേശികളായ അഭിഭാഷകരാണ് കോവിഡ് വാക്സിന്‍ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്. കോവിഡ് മുന്നണി പോരാളികള്‍ക്ക് മുന്‍ഗണന നല്‍കി വാക്സിന്‍ നല്‍കുന്നുണ്ട്. അഭിഭാഷകരെയും ജഡ്ജിമാരെയും ഈ വിഭാഗത്തില്‍പ്പെടുത്തി വാക്സിന്‍ പെട്ടെന്ന് ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം. അഭിഭാഷകരായ വൈഷ്ണവിയും യോഗേഷുമാണ് കോടതിയെ സമീപിച്ചത്.

Advertising
Advertising

കോവിഡ് മഹാമാരിക്കാലത്തും ഹൈക്കോടതി പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈറസ് ബാധ ഭയക്കാതെ ജഡ്ജിമാരും അഭിഭാഷകരും മറ്റ് സ്റ്റാഫുകളും പ്രവര്‍ത്തിച്ചെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ശുചീകരണ തൊഴിലാളികളും സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം ആ സമയത്ത് പ്രവര്‍ത്തിച്ചിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. അവര്‍ക്ക് വേണ്ടി എന്തുകൊണ്ട് പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തില്ലെന്നും കോടതി ചോദിച്ചു. നയ രൂപീകരണം ഏകപക്ഷീയമാണെങ്കില്‍ മാത്രമേ കോടതി ഇടപെടൂ. കോവിഡ് വാക്സിന്‍ വിതരണത്തിന്‍റെ കാര്യത്തില്‍ നയത്തില്‍ എന്താണ് തെറ്റായിട്ടുള്ളതെന്ന് പറയൂ എന്നും കോടതി വ്യക്തമാക്കി.

സര്‍ക്കാര്‍ കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് നല്ല രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു- 'ടൈറ്റാനിക് എന്ന സിനിമ കണ്ടിട്ടുണ്ടോ നിങ്ങള്‍? ആ കപ്പലിന്‍റെ ക്യാപ്റ്റനെ ഓര്‍മ ഉണ്ടോ? എല്ലാവരെയും കപ്പലില്‍ നിന്ന് മാറ്റുന്നതുവരെ അയാള്‍ കാത്തുനിന്നു. ആദ്യം എല്ലാവര്‍ക്കും വാക്സിന്‍ കിട്ടട്ടെ. എന്നിട്ട് മതി ജുഡീഷ്യറിക്ക്. ഞാനാണ് ഇവിടെ ക്യാപ്റ്റന്‍'‍- ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത വ്യക്തമാക്കി.

Tags:    

Similar News