ശ്രീലങ്കയുടെ പോസ്റ്റില്‍ 20 ഗോളടിച്ച് ഇന്ത്യ

മറുപടിയില്ലാത്ത 20 ഗോളുകളാണ് ശ്രീലങ്കയുടെ വലയില്‍ ഇന്ത്യ നിറച്ചത്. ഇന്ത്യന്‍ നിരയില്‍ മൂന്നു പേര്‍ ഹാട്രിക് ഗോള്‍ നേടിയപ്പോള്‍ 

Update: 2018-08-28 14:08 GMT
Advertising

ഏഷ്യന്‍ ഗെയിംസ് പുരുഷ വിഭാഗം ഹോക്കിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ, ചെറുമീനുകളായ ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞു. മറുപടിയില്ലാത്ത 20 ഗോളുകളാണ് ശ്രീലങ്കയുടെ വലയില്‍ ഇന്ത്യ നിറച്ചത്. ഇന്ത്യന്‍ നിരയില്‍ മൂന്നു പേര്‍ ഹാട്രിക് ഗോള്‍ നേടിയപ്പോള്‍ സൂപ്പര്‍താരം ആകാശ്ദീപ് സിങ് ഒറ്റക്ക് അടിച്ചുകൂട്ടിയത് ആറു ഗോളുകള്‍.

പൂള്‍ എ യില്‍ നിന്ന് കളിച്ച മത്സരങ്ങളിലെല്ലാം മിന്നുംജയവുമായി ഇന്ത്യന്‍ ടീം സെമിഫൈനലില്‍ എത്തി. സെമിയില്‍ മലേഷ്യയാണ് ഇന്ത്യയുടെ എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നായി 76 ഗോളുകളാണ് ടീം ഇന്ത്യ എതിരാളികളുടെ വലയില്‍ അടിച്ചുകയറ്റിയത്. ഇതില്‍ ഹോങ്കോങിനെതിരെ മറുപടിയില്ലാത്ത 26 ഗോളുകളുടെ വിജയമാണ് ഏറ്റവും തിളക്കമാര്‍ന്നത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് വെറും മൂന്നു ഗോളുകള്‍ മാത്രമാണ് ഇന്ത്യ വഴങ്ങിയത്.

ശ്രീലങ്കക്കെതിരെ കളി തുടങ്ങി ഒന്നാം മിനിറ്റില്‍ രുപീന്ദര്‍പാല്‍ സിങിലൂടെയാണ് ഇന്ത്യ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. കരിയറിലെ 200ാം അന്താരാഷ്ട്ര മത്സരത്തിന് ഇറങ്ങിയ രുപീന്ദര്‍പാല്‍ 52, 53 മിനിറ്റുകളില്‍ ലങ്കയുടെ നെഞ്ച് തുളച്ചതോടെ ഹാട്രിക് നേട്ടവും സ്വന്തമാക്കി. 9, 11, 17, 22, 32, 42 മിനിറ്റുകളിലായിരുന്നു ആകാശ്ദീപ് സിങിന്‍റെ ഗോളുകള്‍. ഹര്‍മന്‍പ്രീത് സിങ് 5, 21, 33 മിനിറ്റുകളില്‍ ലങ്കന്‍ വല കുലുക്കി. 35, 43, 59 മിനിറ്റുകളില്‍ മന്ദീപ് സിങും 57, 58 മിനിറ്റുകളില്‍ ലളിത് ഉപാധ്യായും ലങ്കയെ ഞെട്ടിച്ചു. വിവേക്, അമിത്, ദില്‍പ്രീത് എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.

Tags:    

Similar News