ലോകകപ്പ് ഹോക്കി; ആധികാരിക ജയത്തോടെ ഇന്ത്യ അവസാന എട്ടില്‍

മൂന്ന് കളികളില്‍ നിന്നും രണ്ട് ജയവും ഒരു സമനിലയും നേടി പൂള്‍ സിയില്‍ ഏഴ് പോയിന്റോടെയാണ് ഇന്ത്യ ഒന്നാമതായത്.

Update: 2018-12-08 15:42 GMT
Advertising

ലോകകപ്പ് ഹോക്കിയില്‍ കാനഡക്കെതിരെ ആധികാരിക ജയത്തോടെ ഇന്ത്യ ക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ചു. കാനഡക്കെതിരെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ അവസാന എട്ടില്‍ സ്ഥാനം പിടിച്ചത്.

ആദ്യ ക്വാര്‍ട്ടറില്‍ ഹര്‍മന്‍പ്രീത് സിംഗിന്റെ ഗോളിലൂടെയാണ് ഇന്ത്യ മുന്നിലെത്തിയത്. മൂന്നാം ക്വാര്‍ട്ടറില്‍ ജെയിംസ് വാലസിന്റെ ഗോളിലൂടെ കാനഡ സമനിലയില്‍ പിടിക്കുകയും ചെയ്തു. എന്നാല്‍ അവസാന പാദത്തില്‍ ഒന്നിനുപുറകേ മറ്റൊന്നായി നാലുഗോളുകളാണ് ഇന്ത്യ കാനഡക്കെതിരെ അടിച്ചുകൂട്ടിയത്.

ചിങ്ക്‌ലെസനയിലൂടെ മുന്നിലെത്തിയ ഇന്ത്യക്കുവേണ്ടി ലളിത് ഉപാധ്യായ്(2), അമിത് രോഹിദാസ് എന്നിവര്‍ കൂടി ലക്ഷ്യം കണ്ടു. കാനഡക്കെതിരെ ജയിച്ചാലും ക്വാര്‍ട്ടറിലെത്താമായിരുന്ന ഇന്ത്യ ആധികാരിക ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ആത്മവിശ്വാസത്തോടെ അവസാന ക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്. കാനഡക്ക് ക്രോസ് ഓവര്‍ മത്സരം കളിച്ച് ജയിച്ചാല്‍ മാത്രമേ ക്വാര്‍ട്ടറിലെത്താനാകൂ.

മൂന്ന് കളികളില്‍ നിന്നും രണ്ട് ജയവും ഒരു സമനിലയും നേടി പൂള്‍ സിയില്‍ ഏഴ് പോയിന്റോടെയാണ് ഇന്ത്യ ഒന്നാമതായത്. ബെല്‍ജിയവും ഇതേരീതിയില്‍ ഏഴ് പോയിന്റ് നേടിയിട്ടുണ്ടെങ്കിലും ഗോള്‍ വ്യത്യാസമാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്.

Tags:    

Similar News