വ്യാജ ജോലി വാഗ്ദാനത്തിൽപ്പെട്ട 12 ഇന്ത്യക്കാർ റഷ്യയിലെ യുദ്ധമേഖലയിൽ കുടുങ്ങി

യുക്രെയ്‌ന് എതിരായ യുദ്ധത്തില്‍ പങ്കെടുക്കാന്‍ നിർബന്ധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്

Update: 2024-02-22 07:39 GMT
Advertising

ന്യൂഡൽഹി: വ്യാജ ജോലി വാഗ്ദാനത്തിൽപ്പെട്ട 12 ഇന്ത്യക്കാർ റഷ്യയിൽ കുടുങ്ങിയതായി പരാതി. സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്താണ് ഇവരെ റഷ്യയിൽ എത്തിച്ചത്.

സെക്യൂരിറ്റി ജോലിയെന്ന വ്യാജ വാഗ്ദാനം വിശ്വസിച്ച് റഷ്യയിലെത്തിയ തെലങ്കാന, കർണാടക, ഗുജറാത്ത്, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള 12 ഇന്ത്യൻ യുവാക്കൾ യുദ്ധമേഖലയിൽ കുടുങ്ങിക്കിടക്കുകയാണ്. വാഗ്നർ ആർമിയിൽ ചേർന്ന് യുക്രൈൻ സൈന്യത്തിനെതിരെ യുദ്ധം ചെയ്യണമെന്ന് ഇവരോട് ആവശ്യപ്പെട്ടതോടെയാണ് തൊഴിൽ തട്ടിപ്പ് പുറത്തായത്.

ഇവരുടെ ബന്ധുക്കൾ യുദ്ധമേഖലയിൽനിന്ന് ഇവരെ മടക്കി കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്. ഫൈസൽ ഖാൻ എന്ന വ്ലോഗറുടെ വീഡിയോ കണ്ടാണ് യുവാക്കൾ ജോലിക്ക് അപേക്ഷിച്ചതെന്നും ഇയാൾ തട്ടിപ്പിലെ ഇടനിലക്കാരനാണെന്നും യുവാക്കളുടെ ബന്ധുക്കൾ വിദേശകാര്യ മന്ത്രാലയത്തിന് നൽകിയ കത്തിൽ പറയുന്നു. യുവാക്കളെ രക്ഷപ്പെടുത്താൻ വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി എം.പി ആവശ്യപ്പെട്ടു.

ജോലിക്കായി ഓരോരുത്തരില്‍നിന്നും ഏജന്റുമാര്‍ 3.5 ലക്ഷം വീതം കൈപറ്റി. അറുപതിലേറെ ഇന്ത്യന്‍ യുവാക്കളെ സമ്മതമില്ലാതെ റഷ്യയില്‍ സ്വകാര്യസേനയുടെ ഭാഗമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. റഷ്യന്‍ ഭാഷയിലുള്ള കരാറില്‍ ഇവരെക്കൊണ്ട് ഒപ്പിടീച്ചാണ് സമ്മതം വാങ്ങിയത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News