ബസ് ഡ്രൈവറിൽനിന്ന് 14 ലക്ഷം കവർന്നു; രണ്ട് പോലീസുകാർ അറസ്റ്റിൽ

പണത്തെക്കുറിച്ചുള്ള വിവരങ്ങൾ ആദായനികുതി വകുപ്പിന് നൽകുമെന്ന് അഡീഷണൽ ഡിസിപി

Update: 2023-12-28 15:42 GMT
Advertising

ഇന്ദോർ: സ്വകാര്യ ബസ് ഡ്രൈവറിൽനിന്ന് 14 ലക്ഷം രൂപ കവർന്ന സംഭവത്തിൽ രണ്ട് പോലീസ് കോൺസ്റ്റബിൾമാർ അറസ്റ്റിൽ. മ​ധ്യപ്രദേശിലെ ഇ​ന്ദോർ ജില്ലയിലെ ചന്ദൻ നഗർ സ്റ്റേഷനിലെ പോലീസുകാരാണ് അറസ്റ്റിലായത്.

അഹമ്മദാബാദിലെ വ്യക്തിക്ക് കൈമാറാൻ പ്രാദേശിക വ്യാപാരി നൽകിയ പണമായിരുന്നു ബസ് ഡ്രൈവറുടെ കൈവശമുണ്ടായിരുന്നത്. എന്നാൽ, അന്വേഷണത്തിന്റെ ഭാഗമാണെന്ന പേരിൽ ഈ പണം പോലീസുകാർ പിടിച്ചെടുക്കുകയും വിവരം സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാതെ സ്വന്തമാക്കുകയുമായിരുന്നു.

ഡിസംബർ 23നാണ് കേസിനാസ്പദമായ സംഭവമെന്ന് അഡീഷനൽ ഡെപ്യൂട്ടി കമീഷണർ അഭിനയ് വിശ്വകർമ പറഞ്ഞു. ‘പ്രാദേശിക ബിസിനസുകാരനായ അങ്കിത് ജയിൻ അഹമ്മദാബാദിൽ താമസിക്കുന്ന കനയ്യ ലാലിനാണ് സ്വകാര്യ ബസ് ഡ്രൈവർ മുഖേനെ പണം കൊടുത്തയച്ചത്. കനയ്യ ലാലിന് പണം കിട്ടാത്തതിനെ തുടർന്ന് അങ്കിത് ജയിൻ ബസ് ഡ്രൈവർ നരേന്ദ്ര തിവാരിക്കെതിരെ ചന്ദൻ നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

എന്നാൽ, അന്വേഷണത്തിൽ കോൺസ്റ്റബിൾമാരായ യോഗേഷ് ചൗഹാൻ, ദീപക് യാദവ് എന്നിവർ ഈ പണം സ്വന്തമാക്കിയെന്ന് മനസ്സിലായി’ -അഡീഷനൽ ഡെപ്യൂട്ടി കമീഷണർ അറിയിച്ചു.

തുടർന്ന് ​മോഷണക്കുറ്റം ചാർത്തി ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതിനിടെ, ബസ് ഡ്രൈവറുടെ കൈവശം ഇത്രയുമധികം തുക അയച്ചത് സംബന്ധിച്ച് വ്യവസായി അങ്കിത് ജയിനിനെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ഹവാല പണ​മാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. പണത്തെക്കുറിച്ചുള്ള വിവരങ്ങൾ ആദായനികുതി വകുപ്പിന് നൽകുമെന്നും അഡീഷണൽ ഡിസിപി കൂട്ടിച്ചേർത്തു.

summary :14 lakh stolen from bus driver; Two policemen were arrested

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News