ബിജെപിയിലെ 'മുണ്ടുരിയൽ കേസ്' 29 വർഷങ്ങൾക്ക് ശേഷം അവസാനിപ്പിച്ച് കോടതി

1996 മേയ് 20-നാണ് ശങ്കർസിങ് വഗേലയുടെയും കേശുഭായ് പട്ടേലിന്റെയും അനുയായികൾ സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടിയത്.

Update: 2025-08-24 07:32 GMT

അഹമ്മദാബാദ്: ഗുജറാത്ത് ബിജെപിയിലെ കുപ്രസിദ്ധമായ മുണ്ടുരിയൽ കേസ് 29 വർഷങ്ങൾക്ക് ശേഷം അവസാനിപ്പിച്ച് കോടതി. പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയ് പങ്കെടുത്ത യോഗത്തിൽ പാർട്ടിക്കാർ ചേരിതിരിഞ്ഞ് തല്ലുകയും ഒരു മന്ത്രിയുടെ മുണ്ട് ഉരിയുകയും ചെയ്ത കേസാണ് അഹമ്മദാബാദ് സിറ്റി സെഷൻസ് കോടതി വ്യാഴാഴ്ച അവസാനിപ്പിച്ചത്.

1996 മേയ് 20-നാണ് ശങ്കർസിങ് വഗേലയുടെയും കേശുഭായ് പട്ടേലിന്റെയും അനുയായികൾ സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടിയത്. പ്രധാനമന്ത്രിയായി ചുമതലയേറ്റ വാജ്‌പേയിക്ക് സ്വീകരണം നൽകുന്ന ചടങ്ങിലായിരുന്നു സംഭവം. മന്ത്രിയും വഗേല പക്ഷക്കാരനുമായ ആത്മാറാം പട്ടേലിന്റെ മുണ്ട് എതിരാളികൾ വലിച്ചൂരിയെന്നാണ് പരാതി.

മുൻ എംപിയും കേന്ദ്രമന്ത്രിയുമായിരുന്ന എ.കെ പട്ടേൽ, ബിജെപി നേതാവായിരുന്ന മംഗൾദാസ് പട്ടേൽ എന്നിവരായിരുന്നു കേസിലെ പ്രതികൾ. ഐപിസി സെക്ഷൻ 307 (കൊലപാതകശ്രമം) പ്രകാരമായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. ഇരയായ ആത്മാറാം പട്ടേലും പ്രതിയായ മംഗൾദാസും മരിച്ചു. പാർട്ടിക്കകത്തെ പ്രശ്‌നങ്ങൾ മൂലമുണ്ടായ കേസ് ഇനിയും തുടരുന്നതിൽ അർഥമില്ലെന്ന സർക്കാരിന്റെ അപേക്ഷ അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞു. ഇതേ സംഭവത്തിൽ പ്രവീൺ തൊഗാഡിയ ഉൾപ്പെടെയുള്ളവർക്ക് എതിരായ കേസ് 2018ൽ പിൻവലിച്ചിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News