ഡല്‍ഹി രോഹിണി കോടതിയിലെ വെടിവെപ്പ്; രണ്ടുപേര്‍ അറസ്റ്റില്‍

ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് അറസ്റ്റ് ചെയ്തത്

Update: 2021-09-26 03:59 GMT
Editor : Dibin Gopan | By : Web Desk

ഡല്‍ഹി രോഹിണി കോടതിയിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ അറസ്റ്റില്‍. ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഉമാങും വിനയും ഡല്‍ഹി ഹൈദര്‍പൂര്‍ സ്വദേശികളാണ്. വെടിവെപ്പ് നടന്നതിന് മുമ്പുള്ള സിസിടിവി ദൃശ്യങ്ങള്‍ നിന്ന് വെടിവെപ്പ് നടത്തിയവരോടൊപ്പം ഉമാങും വിനയും കോടതി വളപ്പിലേക്ക് എത്തിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

ഇരുവരും അക്രമികളെ കോടതി വളപ്പില്‍ എത്തിച്ചു. കൃത്യം നടത്തി മടങ്ങിയെത്തുന്നതുവരെ അക്രമികളെ കാറില്‍ കാത്തിരിക്കുകയായിരുന്നു ഇരുവരും. എന്നാല്‍ വെടിവെപ്പിനിടെ അക്രമികള്‍ കൊല്ലപ്പെട്ടതോടെ കാറുമായി ഇരുവരും രക്ഷപ്പെടുകയായിരുന്നു. രോഹിണി കോടതിയിലുണ്ടായ വെടിവെപ്പില്‍ ഗുണ്ടാ തലവന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗുണ്ടാ തലവന്‍ ജിതേന്ദ്ര ജോഗി ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ജിതേന്ദ്രയെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സംഭവം.

Advertising
Advertising

ജിതേന്ദ്രയെ വധിക്കാന്‍ അഭിഭാഷകരുടെ വേഷത്തിലാണ് എതിര്‍ സംഘം കോടതി പരിസരത്ത് എത്തിയത്. വെടിവെയ്പ്പ് ആരംഭിച്ചതിന് പിന്നാലെ പോലീസും ഗുണ്ടാ സംഘങ്ങള്‍ക്ക് നേരെ നിറയൊഴിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജിതേന്ദ്ര ഗോഗി. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായാണ് ആക്രമണമണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഗോഗിയുടെ എതിര്‍സംഘത്തിലുള്ളവരാണ് കോടതിക്കുള്ളില്‍ വെടിവെപ്പ് നടത്തിയതെന്നാണ് വിവരം. വെടിവെപ്പില്‍ അഭിഭാഷകയടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഉത്തര്‍പ്രദേശിലെ ഭാഗ്പഥ് സ്വദേശിയായ രാഹുല്‍, ഡല്‍ഹി ബക്കാര്‍വാലാ സ്വദേശിയായ മോറിസ് എന്നിവരാണ് പോലീസിന്റെ വെടിയേറ്റ് മരിച്ചത്. ഇവരില്‍ ഒരാള്‍ പിടികിട്ടാപ്പുള്ളിയായിരുന്നെന്നും. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.അതേസമയം, രോഹിണിക്കോടതിയില്‍ നടന്നത് അതീവ സുരക്ഷ വീഴ്ച്ചയാണെന്ന് ഡല്‍ഹി ബാര്‍ അസോസിയേഷന്‍ ആരോപിച്ചു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News