രണ്ട് വർഷം നീണ്ട ചർച്ചകൾ; കാശി ക്ഷേത്രത്തിന് മുസ്‌ലിംകൾ സ്ഥലം കൈമാറിയത് ഇങ്ങനെ

ഗ്യാൻവാപി മസ്ജിദിന്റെ കൈകാര്യ കർത്താക്കളായ അഞ്ചുമാൻ ഇന്തെസാമിയ മസാജിദ് (എ.ഐ.എം) ക്ഷേത്ര ട്രസ്റ്റിന് തങ്ങൾ കൈകാര്യകർത്താക്കളായ 1700 ചതുരശ്ര അടിയുള്ള സ്ഥലമാണ് കൈമാറിയത്

Update: 2021-07-25 06:34 GMT
Advertising

ഉത്തർപ്രദേശിലെ വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ് ട്രസ്റ്റും കാശിയിലെ വിശ്വനാഥ ക്ഷേത്ര ട്രസ്റ്റും ഭൂമി കൈമാറ്റ കരാറിലെത്തിയത് രണ്ട് വർഷം നീണ്ട ചർച്ചകൾക്കൊടുവിൽ. വരാണസിയിലെ കാശി ക്ഷേത്ര ഇടനാഴി നിര്‍മാണത്തിനായാണ് ഭൂമി കൈമാറിയത്. മുസ്‌ലിം നേതാക്കളും ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികളുമായുള്ള ചർച്ചകൾ 2019 നവംബറിലാണ് ആരംഭിച്ചത്. ഗ്യാൻവാപി മസ്ജിദിന്റെ കൈകാര്യ കർത്താക്കളായ അഞ്ചുമാൻ ഇന്തെസാമിയ മസാജിദ് (എ.ഐ.എം) ക്ഷേത്ര ട്രസ്റ്റിന് തങ്ങൾ കൈകാര്യകർത്താക്കളായ 1700 ചതുരശ്ര അടിയുള്ള സ്ഥലമാണ് കൈമാറിയത്. ഇതിനു പകരമായി വാരണാസിയിലെ ബാംസ്പതകിലെ ആയിരം ചതുരശ്ര അടിയുള്ള ഭൂമി ക്ഷേത്ര ട്രസ്റ്റ് മസ്ജിദ് ട്രസ്റ്റിന് കൈമാറി.

മൂന്ന് കഷ്ണം ഭൂമിയാണ് എ.ഐ.എമ്മിന്റെ കൈകാര്യകർതൃത്വത്തിലുള്ളത്. മസ്ജിദ് നിലനിൽക്കുന്ന മുവായിരം ചതുരശ്ര അടി ഭൂമിയും, ക്ഷേത്രത്തിനും മസ്ജിദിനുമായുള്ള പൊതുവായ വഴി അടങ്ങുന്ന 900 ചതുരശ്ര അടി ഭൂമിയും, പോലീസ് കൺട്രോൾ റൂം നിൽക്കുന്ന 1700 ചതുരശ്ര അടി ഭൂമിയുമാണ് ഇത്. ഇതിൽ 1700 ചതുരശ്ര അടി ഭൂമിയാണ് ക്ഷേത്ര അധികാരികൾ ഐ.ഐ.എമ്മിനോട് നല്കാൻ അഭ്യർത്ഥിച്ചത്. 2019 ൽ  വാക്കാലാണ് ക്ഷേത്ര അധികാരികൾ അഭ്യർത്ഥന നടത്തിയത്. ഈ ഭൂമിയാണ് കഴിഞ്ഞ ദിവസം ക്ഷേത്ര ട്രസ്റ്റിന് കൈമാറിയത്.





 


ക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർത്ഥന ലഭിച്ചതിന് ശേഷം മസ്ജിദ് അധികാരികൾ ഇസ്ലാമിക പണ്ഡിതരുമായി ഇത്തരമൊരു ഭൂമി കൈമാറ്റം സാധ്യമാണോയെന്ന് അന്വേഷിച്ചു. ദാറുൽ ഉലൂം ദയൂബന്ദ്, അൽ ജംഇയത്തുൽ അഷ്‌റഫിയ മുബാറക്പൂർ, നദ്‌വത്തുൽ ഉലമ ലഖ്നോ എന്നിവിടങ്ങളിലെ പണ്ഡിതന്മാരെയാണ് മസ്ജിദ് അധികാരികൾ സമീപിച്ചത്. പണ്ഡിതന്മാരുമായി വാരണാസിയിൽ വെച്ച് നിരവധി ചർച്ചകൾ എ.ഐ.എം നടത്തി. കഴിഞ്ഞ വർഷം പകുതിയോടെയാണ് എ.ഐ.എമ്മിന് ക്ഷേത്ര ട്രസ്റ്റ് അഭ്യർത്ഥന എഴുതി നൽകുന്നത്. ഈ അഭ്യർത്ഥന ഭൂമിയുടെ ഉടമസ്ഥരായ സുന്നി വഖഫ് ബോർഡിന് കൈമാറി.

വഖഫ് ബോർഡിന് കാര്യമായ വരുമാനമൊന്നും ലഭിക്കാത്ത ഭൂമിയാണ് കൈമാറിയതെന്ന് വഖഫ് ബോർഡ് അധ്യക്ഷൻ സഫർ ഫാറൂഖി പറഞ്ഞു. ബാബരി മസ്ജിദ് തകർത്തതിന് ശേഷം ഇവിടത്തെ സുരക്ഷ വർധിപ്പിക്കാനായി പോലീസ് കൺട്രോൾ റൂമിനായി സ്ഥലം ലെസിൻ നൽകുകയായിരുന്നു. " പകരമായി ഞങ്ങൾക്ക് ലഭിക്കുന്നത് ബാംസ്പതകിലെ ഭൂമിയാണ്. ഇവിടെ കച്ചവടസ്ഥാപനങ്ങൾ നിർമ്മിക്കുകയും വാടകക്ക് നൽകാനുമാണ് ഉദ്ദേശിക്കുന്നത്." - ഫാറൂഖി പറഞ്ഞു.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News