200 കോടിയുടെ തട്ടിപ്പ് കേസ്; ജാക്വലിൻ ഫെർണാണ്ടസ് മൂന്നാംവട്ടവും ഇ.ഡിക്ക് മുമ്പിൽ ഹാജരായില്ല

കേസിൽ ബോളിവുഡ് നടി നോറ ഫതേഹിയെയും ആഗസ്റ്റ് 30ന് ജാക്വലിനെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇരുവരെയും സുകേഷ് ചന്ദ്രശേഖർ കെണിയിൽ വീഴ്ത്തിയെന്നാണ് ഇ.ഡിയുടെ പ്രാഥമിക വിലയിരുത്തൽ

Update: 2021-10-16 14:11 GMT
Advertising

മലയാളി നടിയും മോഡലുമായ ലീന മരിയപോളും ഭർത്താവ് സുകേഷ് ചന്ദ്രശേഖറും ഉൾപ്പെട്ട 200 കോടിയുടെ തട്ടിപ്പ് കേസിൽ ബോളിവുഡ് അഭിനേത്രി ജാക്വലിൻ ഫെർണാണ്ടസ് മൂന്നാംവട്ടവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പിൽ ഹാജരായില്ല. പ്രഫഷനൽ തിരക്ക് മൂലമാണ് ഏജൻസിക്ക് മുമ്പിൽ ഹാജരാകാൻ കഴിയാത്തതെന്നാണ് വിവരം. കേസിൽ ഉൾപ്പെട്ട ദമ്പതികളോടൊപ്പം ജാക്വലിനെ ചോദ്യം ചെയ്യണമെന്നാണ് ഇ.ഡി ആവശ്യപ്പെടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഡൽഹി ഓഫീസിലെത്തണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. അന്ന് വരാത്തതിനെ തുടർന്ന് തിങ്കളാഴ്ചയെത്താൻ പറഞ്ഞിട്ടുണ്ട്.

കേസിൽ ബോളിവുഡ് നടി നോറ ഫതേഹിയെയും ആഗസ്റ്റ് 30ന് ജാക്വലിനെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. സാക്ഷിയായാണ് ജാക്വലിനെ ചോദ്യം ചെയ്തിരുന്നത്. ഇരുവരെയും സുകേഷ് ചന്ദ്രശേഖർ കെണിയിൽ വീഴ്ത്തിയെന്നാണ് ഇ.ഡിയുടെ പ്രാഥമിക വിലയിരുത്തൽ. കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പുറമേ, ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലീനയും സുകേഷും നിലവിൽ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്.

തിഹാർ ജയിലിൽ നിന്നാണ് സുകേഷ് ജാക്വിലിനുമായി ബന്ധപ്പെട്ടത് എന്നതാണ് കൗതുകകരം. ഉന്നത വ്യക്തി എന്ന വ്യാജേനയാണ് ഇയാൾ ജാക്വിലിനെ വിളിച്ചിരുന്നത്. വിളിക്കായി ക്രേസി കാൾസ് എന്ന ആപ്ലിക്കേഷനാണ് ഇയാൾ ഉപയോഗിച്ചിരുന്നതെന്നാണ് ഇഡി പറയുന്നത്. നടിക്ക് വിശ്വാസം വന്നതോടെ വില കൂടിയ പൂക്കളും ചോക്ലേറ്റുകളും സമ്മാനമായി നൽകുകയും ചെയ്തു. ഇയാൾ ജയിലിൽ നിന്ന് നടത്തിയ ഫോൺ സംഭാഷണ റെക്കോർഡുകൾ ഇഡി കണ്ടെടുത്തിട്ടുണ്ട്.

ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റാൻബാക്‌സിയുടെ പ്രൊമോട്ടർമാരായ ശിവിന്ദർ സിങ്, മൽവീന്ദർ സിങ് എന്നിവരുടെ കുടുംബത്തിൽ നിന്നാണ് സുകേഷ് ചന്ദ്രശേഖർ 200 കോടി തട്ടാൻ ശ്രമിച്ചത്. തട്ടിപ്പു നടത്തിയ ശേഷം ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ 16 ലക്ഷ്വറി കാറുകളും കടലിനോട് അഭിമുഖമായ ബീച്ച് ബംഗ്ലാവും ഈയിടെ അന്വേഷണ സംഘം കണ്ടു കെട്ടിയിരുന്നു. ആന്ധ്ര, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹത്തിന്റെ പേരിൽ വഞ്ചനാ കേസുകളുണ്ട്. രാഷ്ട്രീയക്കാരുടെയും സെലിബ്രിറ്റികളുടെയും അടുപ്പക്കാരൻ എന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ ആളുകളുടെ വിശ്വാസം നേടിയിരുന്നത്. എഐഎഡിഎംകെ നേതാവ് ടിടിവി ദിനകരനുമായി അമ്പത് കോടിയുടെ ഇടപാടും ഇയാൾ ഉണ്ടാക്കിയിരുന്നു. പാർട്ടി ഗ്രൂപ്പ് പോരിൽ രണ്ടില ചിഹ്നം ഉറപ്പിക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷനിൽ 'കൈക്കൂലി' നൽകാനാണ് ഇത്രയും പണം ആവശ്യപ്പെട്ടിരുന്നത്. കേസിൽ അറസ്റ്റിലായ ഇദ്ദേഹത്തിൽ നിന്ന് 1.3 കോടി രൂപ കണ്ടെത്തിയിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News