ഗുജറാത്ത് കലാപം: നരേന്ദ്ര മോദിക്ക് ക്ലീൻചിറ്റ് നൽകിയത് ശരിവെച്ച് സുപ്രീംകോടതി, സാക്കിയ ജഫ്രിയുടെ ഹരജി തള്ളി

മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നടപടി കോടതി ശരിവെച്ചു.

Update: 2022-06-24 05:58 GMT
Advertising

ഡല്‍ഹി: ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ സമർപ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രിയാണ് ഹരജി നല്‍കിയിരുന്നത്. ജസ്റ്റിസ് എ.എം ഖാൻവിൽകർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നടപടി കോടതി ശരിവെച്ചു. ഇനി പുനരന്വേഷണം ആവശ്യമില്ലെന്ന് ജസ്റ്റിസ് ഖാന്‍വില്‍കര്‍ വ്യക്തമാക്കി.

2017 ഒക്ടോബർ 5ലെ ഗുജറാത്ത് ഹൈക്കോടതി വിധിയെ ചോദ്യംചെയ്ത് സാക്കിയ ജഫ്രി നൽകിയ അപ്പീലാണ് ജസ്റ്റിസ് എ എം ഖാൻവിൽക്കറും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും സി ടി രവികുമാറും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും മറ്റ് 63 പേർക്കും ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ ആയിരുന്നു ഹരജി.

2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കൊല്ലപ്പെട്ട 68 പേരില്‍ ഒരാളായിരുന്നു ഇഹ്സാന്‍ ജഫ്രി. 2012 ഫെബ്രുവരി 8നാണ് പ്രത്യേക അന്വേഷണ സംഘം മോദിക്കും 63 പേർക്കും ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള റിപ്പോർട്ട് സമർപ്പിച്ചത്. മോദിക്കെതിരെ തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

എസ്‌.ഐ.ടിയുടെ റിപ്പോര്‍ട്ടിനെതിരായ തന്റെ ഹർജി തള്ളിക്കൊണ്ടുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ 2017 ഒക്ടോബർ 5ലെ ഉത്തരവിനെ ചോദ്യംചെയ്താണ് സാക്കിയ ജഫ്രി സുപ്രിംകോടതിയെ സമീപിച്ചത്. 2018ലാണ് സാക്കിയ ജഫ്രി സുപ്രിംകോടതിയിൽ ഹരജി സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഹരജിയില്‍ വാദം തുടങ്ങിയത്. കപില്‍ സിബലാണ് സാക്കിയ ജഫ്രിക്കായി ഹാജരായത്. എസ്.എ.ടി തങ്ങള്‍ക്ക് മുന്‍പില്‍ വന്ന തെളിവുകളൊന്നും പരിശോധിച്ചില്ലെന്ന് കപില്‍ സിബല്‍ വാദിച്ചു. നിഷ്പക്ഷ അന്വേഷണം നടത്താതിരുന്ന എസ്.എ.ടിക്കെതിരെ അന്വേഷണം വേണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ വാദങ്ങള്‍ തള്ളിയാണ് സുപ്രിംകോടതിയുടെ വിധി.

Summary- The Supreme Court Friday dismissed a plea filed by Zakia Jafri, wife of former Congress MP Ehsan Jafri, challenging a clean chit given by the Special Investigation Team (SIT) to then Gujarat chief minister Narendra Modi

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News