വിവിധ വിഭാ​ഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്ന കുറ്റകൃത്യങ്ങളിൽ 2022ൽ 31 ശതമാനം വർധന; മുന്നിൽ യു.പി

ഒമ്പത് സംസ്ഥാനങ്ങളിലാണ് 2022ൽ ഐപിസി 153എ പ്രകാരം 100ലേറെ കേസുകൾ രജിസ്റ്റർ ചെയ്തത്.

Update: 2023-12-06 13:18 GMT
Advertising

ന്യൂഡൽഹി: വിദ്വേഷ പ്രസംഗം ഉൾപ്പെടെ വിവിധ വിഭാ​ഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ 2022ൽ 31 ശതമാനം വർധന. കഴിഞ്ഞ വർഷം 1500ലധികം കേസുകളാണ് ഐപിസി 153എ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്തത്. 2021ൽ നിന്ന് 31.25 ശതമാനം വർധനയാണ് രേഖപ്പെടുത്തിയതെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കിൽ പറയുന്നു.

ഇത്തരം കേസുകൾ ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്തത് ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 1523 വിദ്വേഷ കേസുകളാണ് രാജ്യത്താകെ കഴിഞ്ഞ വർഷം ആകെ രജിസ്റ്റർ ചെയ്തത്. ഇതിൽ 217 എണ്ണവും യു.പിയിലാണ്. രാജസ്ഥാനാണ് തൊട്ടുപിന്നിൽ- 191 കേസുകൾ. മഹാരാഷ്ട്ര- 178, തമിഴ്നാട്- 146, തെലങ്കാന- 119, ആന്ധ്രാപ്രദേശ്- 109, മധ്യപ്രദേശ്- 108 എന്നിങ്ങനെയാണ് തുടർന്നുവരുന്ന സംസ്ഥാനങ്ങൾ.

ഒമ്പത് സംസ്ഥാനങ്ങളിലാണ് 2022ൽ ഐപിസി 153എ പ്രകാരം 100ലേറെ കേസുകൾ രജിസ്റ്റർ ചെയ്തത്. 2021ൽ ഇത് രണ്ട് സംസ്ഥാനങ്ങൾ മാത്രമായിരുന്നു- ഉത്തർപ്രദേശും ആന്ധ്രാപ്രദേശും. 108 കേസുകൾ വീതമായിരുന്നു ആ വർഷം യു.പിയിലും ആന്ധ്രയിലും റിപ്പോർട്ട് ചെയ്തത്.

2020ൽ ഏഴ് സംസ്ഥാനങ്ങളിലാണ് 100 കേസുകൾ കടന്നത്. ഉത്തർപ്രദേശ്, അസം, കർണാടക, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന എന്നിവയായിരുന്നു അവ.

2021ൽ ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണം 38 ആയിരുന്ന മധ്യപ്രദേശ് 2022ൽ ഏകദേശം മൂന്നിരട്ടിയായി വർധിച്ച് 108 ആയി. 2020ൽ സംസ്ഥാനത്ത് ഇത്തരം 73 കേസുകൾ രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

ചില സംസ്ഥാനങ്ങളിൽ 2021ൽ നിന്ന് 2022 ആയപ്പോൾ കേസുകൾ ഇരട്ടിയായി വർധിച്ചു. ഉത്തർപ്രദേശ് (108- 217), മഹാരാഷ്ട്ര (75- 178), രാജസ്ഥാൻ (83- 191), ഗുജറാത്ത് (11-40) എന്നിവയാണ് അവയിൽ ചിലത്.

ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 2022ൽ 26ഉം 2021ൽ 17ഉം 2020ൽ 36ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജമ്മു കശ്മീരിൽ 2022-ൽ 16, 2021-ൽ 28, 2020-ൽ 22 എന്നിങ്ങനെയാണ് ഇത്തരം കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News