'റോഡില്ല, കുടിവെള്ളമില്ല, കുട്ടികളെ സ്കൂളിൽ അയക്കാനാകുന്നില്ല'; നീമുച്ച് കലക്ടറുടെ മുന്നിൽ മുട്ടിലിഴഞ്ഞ് 32 സ്ത്രീകളുടെ പ്രതിഷേധം

സ്വാതന്ത്ര്യം ലഭിച്ചിട്ട് 77 വര്‍ഷമായിട്ടും തങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്നാണ് സ്ത്രീകളുടെ പരാതി

Update: 2025-07-17 04:40 GMT
Editor : Jaisy Thomas | By : Web Desk

ഭുവനേശ്വര്‍: മധ്യപ്രദേശിലെ നീമുച്ച് ജില്ലാ കലക്ടറേറ്റ് കഴിഞ്ഞ ദിവസം അസാധാരണമായ ഒരു പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചു. സുതോലി ഗ്രാമത്തിലെ 32 സ്ത്രീകൾ തങ്ങളുടെ പരാതി കലക്ടറോട് പറഞ്ഞത് വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു. പ്രധാന ഗേറ്റിൽ നിന്ന് കലക്ടറുടെ മുറിയിലേക്ക് മുട്ടിലിഴഞ്ഞുകൊണ്ടാണ് സ്ത്രീകളെത്തിയത്. ചൊവ്വാഴ്ചയാണ് സംഭവം.

സ്വാതന്ത്ര്യം ലഭിച്ചിട്ട് 77 വര്‍ഷമായിട്ടും തങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്നാണ് സ്ത്രീകളുടെ പരാതി. തങ്ങളുടെ ഗ്രാമത്തിൽ ടാറിട്ട ഒരു റോഡോ ശുദ്ധജല വിതരണ സംവിധാനമോ ഇല്ലെന്ന് സ്ത്രീകൾ പരാതിയിൽ പറഞ്ഞു. ഗ്രാമത്തിലെ പ്രധാന റോഡ് ഇപ്പോഴും ടാറിട്ടിട്ടില്ല. മഴക്കാലത്ത് അത് ഒരു അഴുക്കുചാലിന്‍റെ രൂപത്തിലാകുന്നു. മൂന്ന് മുതൽ നാല് അടി വരെ വെള്ളം നിറയും. റോഡിന്‍റെ ശോചനീയാവസ്ഥ മൂലം കുട്ടികളെ സ്കൂളിൽ അയക്കാൻ പോലുമാകുന്നില്ല. ഗ്രാമത്തിൽ കുടിവെള്ള ടാപ്പുകളോ ജൽ ജീവൻ മിഷൻ സൗകര്യമോ ഇല്ല, വേനൽക്കാലത്ത് കിലോമീറ്ററുകൾ താണ്ടിയാണ് വെള്ളം കൊണ്ടുവരുന്നത്. കിണറുകളും കുഴൽക്കിണറുകളുമാണ് ഏക ആശ്രയം.

സ്ത്രീകളുടെ കഷ്ടപ്പാട് കലക്ടര്‍ ഹിമാന്‍ഷു ചന്ദ്രക്ക് മനസിലാവുകയും ഉടന്‍ തന്നെ റോഡിന്‍റെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ അദ്ദേഹം ഉടൻ തന്നെ ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. ഇതോടൊപ്പം, ഗ്രാമത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ജൽ ജീവൻ മിഷൻ ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി. വർഷങ്ങളായി ഇതേക്കുറിച്ച് പരാതി പറയുന്നുണ്ടെങ്കിലും ഇതുവരെ ആരും പരാതി കേട്ടിട്ടില്ലെന്ന് സ്ത്രീകൾ പറയുന്നു. അതുകൊണ്ടാണ് ഇത്തവണ മുട്ടുകുത്തി ഇഴഞ്ഞു പ്രതിഷേധിക്കാൻ തീരുമാനിച്ചത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News