അച്ഛനും മകനും ഒരുമിച്ച് പത്താംക്ലാസ് പരീക്ഷയെഴുതി; ഫലം വന്നപ്പോൾ അച്ഛന് വിജയം, മകന് തോല്‍വി

ഏഴാം ക്ലാസിനുശേഷം പഠനം ഉപേക്ഷിച്ച് കുടുംബം പുലർത്താൻ ജോലി ചെയ്യേണ്ടിവന്ന ഭാസ്‌കർ 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം മകനോടൊപ്പം പരീക്ഷയെഴുതിയത്

Update: 2022-06-20 05:16 GMT
Editor : Lissy P | By : Web Desk
Advertising

മുംബൈ: ഒരു കുടുംബത്തിലെ രണ്ടുപേർ ഒരേ പരീക്ഷയെഴുതുന്നത് അത്ര പുതുമയുള്ള കാര്യമല്ല. പരീക്ഷയിൽ ഒരാൾക്ക് വിജയവും മറ്റേയാൾക്ക് പരാജയവും സംഭവിക്കുമ്പോൾ ആ കുടുംബത്തിന് ഒരേസമയം സന്തോഷവും സങ്കടവും ഇടകലർന്ന വികാരമായിരിക്കും ഉണ്ടാകുക. എന്നാൽ അത് അച്ഛന്റെയും മകന്റെയും കാര്യത്തിലാണെങ്കിലോ...

പൂനയിലാണ് അത്തരത്തിൽ 43 കാരനായ അച്ഛനും മകനും ഒരുമിച്ച് പരീക്ഷയെഴുതിയത്. മഹാരാഷ്ട്ര ബോർഡിന്റെ പത്താം ക്ലാസ് പരീക്ഷാ ഫലം വന്നപ്പോൾ അച്ഛന് വിജയിക്കുകയും മകൻ പരാജയപ്പെടുകയും ചെയ്തു. ഭാസ്‌കർ വാഗ്മരെ മകൻ സാഹിൽ എന്നിവർ ഒരുമിച്ച് പരീക്ഷയെഴുതുന്നത് നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. വെള്ളിയാഴ്ചയാണ് മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് ഓഫ് സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ നടത്തുന്ന വാർഷിക പത്താം ക്ലാസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചത്.

ഏഴാം ക്ലാസിനുശേഷം പഠനം ഉപേക്ഷിച്ച് കുടുംബം പുലർത്താൻ ജോലി ചെയ്യേണ്ടിവന്ന ഭാസ്‌കർ വാഗ്മരെയ്ക്ക് വീണ്ടും പഠനം തുടരാൻ ആഗ്രഹം തോന്നുകയായിരുന്നു. അതിനെ തുടർന്ന് 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം മകനോടൊപ്പം ഈ വർഷം അദ്ദേഹം പരീക്ഷയെഴുതി.

'കൂടുതൽ പഠിക്കാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു, എന്നാൽ കുടുംബ ഉത്തരവാദിത്തങ്ങളും പണം സമ്പാദിക്കുന്നതുമെല്ലാം അതിന് വിലങ്ങുതടിയായെന്ന് പൂനെ നഗരത്തിലെ ബാബാസാഹെബ് അംബേദ്കർ ഡയസ് പ്ലോട്ടിലെ താമസക്കാരനായ വാഗ്മരെ പറഞ്ഞു.

'പണ്ടുമുതലേ, പഠനം പുനരാരംഭിക്കാനും കൂടുതൽ സമ്പാദിക്കാൻ സഹായിക്കുന്ന ചില കോഴ്സുകൾ ചെയ്യാനും എനിക്ക് താൽപ്പര്യമുണ്ടായിരുന്നു. ഇക്കൊല്ലം എന്റെ മകനും പരീക്ഷയെഴുതുന്നുണ്ടായിരുന്നു.അവനും എന്നെ സാഹായിച്ചു. പിതാവ് പറഞ്ഞു. താൻ എല്ലാ ദിവസവും പഠിക്കുകയും ജോലിക്ക് ശേഷം പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്യാറുണ്ടെന്ന് വാഗ്മരെ പറഞ്ഞു.

പരീക്ഷ പാസായതിന്റെ സന്തോഷത്തിലാണെങ്കിലും മകൻ രണ്ട് പേപ്പറുകളിൽ തോറ്റതിൽ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സേ പരീക്ഷ എഴുതാൻ അവനെ ഞാൻ സഹായിക്കും. അവൻ അടുത്ത പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും പിതാവ് പറഞ്ഞു. പിതാവിന്റെ വിജയത്തിൽ സന്തോഷമുണ്ടെന്നും മകൻ സാഹിലും പറഞ്ഞു. അച്ഛൻ സ്വപ്‌നം കണ്ടത് നേടിയതിൽ സന്തോഷമുണ്ട്. പക്ഷേ, ഞാനും പിന്മാറില്ല. സേ പരീക്ഷയെഴുതി വിജയം നേടുമെന്നും മകൻ പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News