രണ്ട് വർഷത്തിനിടെ നികത്തിയത് 5500 കോടി രൂപയുടെ കടം: കഫെ കോഫി ഡേയെ കരകയറ്റി മാളവിക ഹെഗ്‌ഡെ

ബംഗളൂരു ആസ്ഥാനമായുള്ള കഫെ കോഫി ഡേ ഇന്ത്യയിലുടനീളം നൂറുകണക്കിന് കോഫി ഷോപ്പുകൾ നടത്തുന്നുണ്ട്. 1996 ജൂലായ് 11ന് ബംഗളൂരുവിലാണ് കഫേ കോഫി ഡേയുടെ ജനനം.

Update: 2023-01-25 04:43 GMT
Editor : rishad | By : Web Desk
Advertising

5500 കോടി രൂപയുടെ കടമൊക്കെ നികത്താന്‍ പറ്റുമോ? അതും രണ്ട് വര്‍ഷം കൊണ്ട്. പറ്റുമെന്ന് തെളിയിക്കുകയാണ് കഫെ കോഫി ഡേയുടെ(സി.സി.ഡി) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാളവിക ഹെഗ്‌ഡെ. 2019 ജൂലായ് 31നാണ് കഫെ കോഫി ഡേ ഉടമ വി.ജി സിദ്ധാർത്ഥയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കടം കയറിയതിനെ തുടര്‍ന്നാണ് സിദ്ധാർത്ഥ ആത്മഹത്യ ചെയ്തത്. 2019 മാർച്ചിൽ സ്ഥാപനത്തിന്റെ ബാധ്യത 7200 കോടി രൂപയായിരുന്നു.

ഒരു രക്ഷയുമില്ലെന്ന തോന്നാലാവാം സിദ്ധാര്‍ത്ഥയെ മരണത്തിലേക്ക് തള്ളിവിട്ടത്. തുടര്‍ന്നാണ് മാളവിക ഹെഗ്‌ഡെ തലപ്പത്തേക്ക് എത്തുന്നത്. കടംകയറി ആത്മഹത്യ ചെയ്തയാളുടെ ഭാര്യ തുടര്‍ന്ന് ആ സ്ഥാനം ഏറ്റെടുക്കുന്നു. നാട്ടുകാരൊക്കെ ചിന്തിച്ചത് ആ വഴിക്കായിരുന്നു. കുറച്ച് കഴിഞ്ഞാല്‍ കമ്പനി തന്നെ പൂട്ടിപ്പോകും എന്നാണ് അവരൊക്കെ കരുതിയിരുന്നത്. പക്ഷേ അതിനെയൊക്കെ കാറ്റില്‍ പറത്തി 5500 കോടി രൂപയോളം കടം നികത്തിയ സൂപ്പർ വുമൺ ആണിന്ന് മാളവിക.

ബംഗളൂരു ആസ്ഥാനമായുള്ള കഫെ കോഫി ഡേ ഇന്ത്യയിലുടനീളം നൂറുകണക്കിന് കോഫി ഷോപ്പുകൾ നടത്തുന്നുണ്ട്. 1996 ജൂലായ് 11ന് ബംഗളൂരുവിലാണ് കഫേ കോഫി ഡേയുടെ ജനനം. സിസിഡിയിലെ കാപ്പിച്ചിനോ, ലേറ്റ്സ് എന്നിവ വളരെ ജനപ്രിയമാണ്. സ്റ്റാർബക്സ് കോർപ്പ്, ബാരിസ്റ്റ, കൊക്കകോളയുടെ ഉടമസ്ഥതയിലുള്ള കോസ്റ്റ കോഫി എന്നിവയാണ് സിസിഡിയുടെ പ്രധാന എതിരാളികൾ.


വി.ജി സിദ്ധാർത്ഥ 

ചായ വളരെയധികം ഇഷ്ടപ്പെടുന്ന രാജ്യമായ ഇന്ത്യയിലേക്ക് സിദ്ധാർത്ഥയുടെ കോഫി ഷോപ്പ് സംസ്കാരം വൻ തോതിൽ അംഗീകരിക്കപ്പെട്ടു. ഒപ്പം ഇന്ത്യയുടെ ആദ്യകാല സംരംഭ മൂലധന നിക്ഷേപകരിൽ ഒരാളായി അദ്ദേഹം പ്രശംസിക്കപ്പെടുകയും ചെയ്തു. എന്നാൽ സിദ്ധാർഥയുടെ മരണം കമ്പനി അനിശ്ചിതത്വത്തിലായി. ഈ സംഭവത്തിനു ശേഷം വീണ്ടും പല ഔട്ട്‌ലെറ്റുകൾക്കും പൂട്ട് വീണു.

ഇങ്ങനെ വളരെ സങ്കീർണമായ, തകർച്ച ഉറപ്പിച്ച ഒരു പ്രസ്ഥാനത്തെയാണ് എഞ്ചിനീയറിംഗ് ബിരുദധാരിയായ മാളവിക രക്ഷപ്പെടുത്തിയെടുത്തത്. 2019ലെ 7200 കോടി രൂപയുടെ ബാധ്യത അടുത്ത വർഷം 3100 ആയി കുറഞ്ഞു. 2021ൽ അത് 1731ലേക്ക് താഴ്ന്നു. കമ്പനി തുടങ്ങുമ്പോൾ മുതൽ നോൺ എക്സിക്യൂട്ടിവ് ബോർഡ് മെമ്പറായിരുന്ന മാളവിക സാകൂതം ബിസിനസ് നിരീക്ഷിക്കുകയായിരുന്നു. കോവിഡ് മഹാമാരിക്കാലത്ത് പോലും കഫേ കോഫി ഡേക്ക് വളരാൻ കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം. സിസിഡിയുടെ പുതിയ സിഇഒ, ബ്രാൻഡിന്റെ മൂല്യം നിലനിർത്തുകയും നിരവധി പുതിയ നിക്ഷേപകരെ കണ്ടെത്തിയുമൊക്കെയാണ് കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറിയത്. 

ഒടുവിൽ ഒരു രക്ഷകയെപ്പോലെ ഇന്ന് സിസിഡിയെ നയിക്കുന്നു. ഇന്ന് സിസിഡിയ്ക്ക് 572 ഔട്ട്‌ലെറ്റുകളാണ് രാജ്യത്തുള്ളത്. ഏഷ്യയിൽ അറബിക്ക കാപ്പിക്കുരുവിൻ്റെ ഏറ്റവും വലിയ ഉത്പാദകർ. 20,000 ഏക്കറിലാണ് കൃഷി. അമേരിക്കയും യൂറോപ്പുമടക്കമുള്ള വൻകരകളിലെ രാജ്യങ്ങളിലേക്ക് അവർ ഇത് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. കർണാടക മുൻ മുഖ്യമന്ത്രിയും ഇപ്പോൾ ബിജെപി നേതാവുമായ എസ്എം കൃഷ്ണയുടെ മകളുമാണ് മാളവിക ഹെഗ്ഡെ.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News