അസം-മിസോറാം അതിര്‍ത്തിയില്‍ സംഘര്‍ഷം; 6 പൊലീസുകാര്‍ കൊല്ലപ്പെട്ടു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വടക്കുകിഴക്കൻ മുഖ്യമന്ത്രിമാരെ ഷില്ലോങ്ങിൽ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു

Update: 2021-07-26 19:54 GMT

അസം-മിസോറാം അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ആറ്​ പൊലീസുകാർ കൊല്ലപ്പെട്ടു. അസം പൊലീസുകാരാണ് കൊല്ലപ്പെട്ടതെന്ന് മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ അറിയിച്ചു. 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വടക്കുകിഴക്കൻ മുഖ്യമന്ത്രിമാരെ ഷില്ലോങ്ങിൽ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. അതിർത്തി പ്രശ്‌നം പരിഹരിക്കാൻ അമിത് ഷാ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷത്തിന് പിന്നാലെ അസം-മിസോറാം മുഖ്യമന്ത്രിമാര്‍ തമ്മില്‍ ട്വിറ്ററില്‍ വാക്പോരുണ്ടായി. ഇരുവരും ട്വീറ്റുകളില്‍ അമിത് ഷായെ ടാഗ് ചെയ്തു.

Advertising
Advertising

അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് മിസോറാം മുഖ്യമന്ത്രി സോറംതംഗയുടെ ട്വീറ്റ്. വിഷയത്തില്‍ ദയവായി ഇടപെടണമെന്നും അക്രമം അവസാനിപ്പിക്കാന്‍ വേണ്ടത് ചെയ്യണമെന്നും അദ്ദേഹം അമിത് ഷായോട് ആവശ്യപ്പെട്ടു.

കച്ചാര്‍ വഴി മിസോറാമിലേക്ക് വരികയായിരുന്ന നിരപരാധികളായ ദമ്പതികളെ കയ്യേറ്റം ചെയ്തു. അവരെ കൊള്ളയടിക്കുകയും ചെയ്തു. ഈ അക്രമങ്ങളെ നിങ്ങൾ എങ്ങനെയാണ് ന്യായീകരിക്കാന്‍പോകുന്നത്?- മറ്റൊരു ട്വീറ്റില്‍ സോറംതംഗ ചോദിച്ചു.

പിന്നാലെ​ മറുപടിയായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമയെത്തി- 'ബഹുമാനപ്പെട്ട സോറംതംഗ, കോലാസിബ് എസ്​.പി ഞങ്ങളുടെ സ്ഥലത്ത് നിന്ന് പിന്മാറാൻ ആവശ്യപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഞങ്ങളുടെ സര്‍ക്കാരിന് എങ്ങനെ പ്രവര്‍ത്തിക്കാനാകും? നിങ്ങള്‍ എത്രയും പെട്ടെന്ന് ഇടപെടുമെന്ന് കരുതുന്നു.'

താന്‍ സോറംതംഗയുമായി സംസാരിച്ചെന്നും ഹിമാന്ത ബിശ്വ ശര്‍മ വ്യക്തമാക്കി. അതിർത്തികൾക്കിടയിൽ സമാധാനം നിലനിർത്തുമെന്ന് ആവർത്തിച്ചു. ഐസ്വാൾ സന്ദർശിക്കാനും ആവശ്യമെങ്കിൽ വിഷയം ചർച്ച ചെയ്യാനുമുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു. ചർച്ച ചെയ്തതുപോലെ ജനങ്ങളുടെ സുരക്ഷയ്ക്കായി വൈറംഗെയിൽ നിന്ന് പിന്മാറാൻ അസം പൊലീസിന് നിർദേശം നൽകണമെന്നായിരുന്നു സോറംതംഗയുടെ മറുപടി.

ഇരു സംസ്ഥാനങ്ങളിലെയും മൂന്ന് ജില്ലകള്‍ തമ്മില്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇവിടെ പലപ്പോഴും പൊലീസുകാരും പ്രദേശവാസികളും തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ട്. ഇരുവശത്തുമുള്ള താമസക്കാർ പരസ്​പരം നുഴഞ്ഞുകയറ്റം ആരോപിക്കാറുമുണ്ട്. ഏറ്റവും ഒടുവില്‍ ജൂണിലാണ് സംഘര്‍ഷമുണ്ടായത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News