റെയിൽവെ സ്‌റ്റേഷനിൽ നിന്നും മോഷ്ടിച്ച കുഞ്ഞിനെ വാങ്ങിയ സംഭവം; ബി.ജെ.പി വനിതാ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

ഉറങ്ങിക്കിടന്ന മാതാപിതാക്കളുടെ സമീപത്തു നിന്ന് തട്ടിയെടുത്ത കുഞ്ഞിനെ 1.80 ലക്ഷം രൂപ നൽകിയാണ് വാങ്ങിയത്

Update: 2022-08-31 04:06 GMT
Editor : Lissy P | By : Web Desk

ഫിറോസാബാദ്: റെയിൽവേ സ്റ്റേഷനിൽ ഉറങ്ങിക്കിടന്ന മാതാപിതാക്കളുടെ സമീപത്തു നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ വാങ്ങിയ ബി.ജെ.പി വനിതാനേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഫിറോസാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെ കൗൺസിലറായ വിനീത അഗർവാളിനെ പുറത്താക്കിയതായി ബി.ജെ.പിയുടെ സിറ്റി യൂണിറ്റ് പ്രസിഡന്റ് രാകേഷ് ശംഖ്വാർ ചൊവ്വാഴ്ച അറിയിച്ചു. പാർട്ടിയുടെ സംസ്ഥാന ഘടകത്തിന് പരാതി നൽകിയതിനെ തുടർന്നാണ് പുറത്താക്കാനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

മഥുര റെയിൽവെ സ്റ്റേഷനിൽ നിന്ന് തട്ടിയെടുത്ത ഏഴുമാസം പ്രായമുള്ള ആൺകുട്ടിയെയാണ് ബി.ജെ.പി നേതാവും ഭർത്താവും കൂടി പണം നൽകി വാങ്ങിയത്.

Advertising
Advertising

വിനീത അഗർവാളും ഭർത്താവ് കൃഷ്ണ മുരാരി അഗർവാളും 1.80 ലക്ഷം രൂപ നൽകിയാണ് കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി വിൽപന നടത്തുന്ന റാക്കറ്റിൽ നിന്നും വാങ്ങിയത്. റാക്കറ്റിലെ അംഗങ്ങളായ രണ്ടുഡോക്ടർമാരിൽ നിന്ന് കുഞ്ഞിനെ ബി.ജെ.പി നേതാവ് വാങ്ങിയത്.ഒരു മകളുണ്ടെങ്കിലും ആൺകുഞ്ഞിനെ വേണമെന്നാഗ്രഹമാണ് ഇതിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

സംഭവത്തിൽ അഗർവാളും ഭർത്താവും ഉൾപ്പെടെ എട്ട് പേർ അറസ്റ്റിലായിട്ടുണ്ട്. പ്ലാറ്റ്ഫോമിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കുമ്പോൾ സിസിടിവിയിൽ പതിഞ്ഞ ആളും ഇതിലുൾപ്പെടുന്നുണ്ട്. അറസ്റ്റ് ചെയ്ത ഡോക്ടർമാരിൽ നിന്ന് വലിയ തുകയും കണ്ടെടുത്തിട്ടുണ്ട്. കുഞ്ഞിനെ പൊലീസ് മാതാപിതാക്കൾക്ക് തിരികെ നൽകി.

ആഗസ്ത് 23നാണ് റെയിൽവെ സ്റ്റേഷനിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുഞ്ഞിനെയുമെടുത്ത് പ്ലാറ്റ്‌ഫോമിലൂടെ ഓടി ഒരാൾ ട്രെയിനിൽ കയറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News