വണ്ടി തട്ടിയത് ചോദ്യം ചെയ്തു; 71കാരനെ സ്കൂട്ടറിന് പിന്നിൽ വലിച്ചിഴച്ച് യുവാവ്

ഒടുവിൽ ഇത് കണ്ട ഒരു ഓട്ടോറിക്ഷാ ഡ്രൈവർ വാഹനം മുന്നിലേക്ക് നിർത്തി തടഞ്ഞതോടെയാണ് ഇയാൾ സ്കൂട്ടർ നിർത്തിയത്.

Update: 2023-01-17 16:27 GMT
Advertising

ബെം​ഗളുരു: ഡൽഹിയിലടക്കം യുവതിയടക്കമുള്ളവരെ വാഹനത്തിൽ റോഡിലൂടെ വലിച്ചിഴച്ച ക്രൂരതകളുടെ നടുക്കം മാറുംമുമ്പ് ബെം​ഗളൂരുവിൽ നിന്നും സമാന സംഭവം. 71കാരനെ യുവാവ് സ്കൂട്ടറിൽ വലിച്ചിഴച്ചു.

ബെംഗളൂരുവിലെ തിരക്കേറിയ മ​ഗാഡി റോഡിലാണ് സംഭവം. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ 25കാരൻ സാഹിൽ പിടിയിലായി. തന്റെ കാറിൽ സ്കൂട്ടർ തട്ടിയത് ചോദ്യം ചെയ്തതിനു പിന്നാലെയാണ് മുത്തപ്പയെന്നയാളെ യുവാവ് വലിച്ചിഴച്ചത്.

സാഹിലിന്റെ സ്കൂട്ടർ 71കാരന്റെ ബൊലേറോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇത് ചോദിക്കാൻ മുത്തപ്പ കാറിൽ നിന്ന് ഇറങ്ങിയപ്പോൾ സാഹിൽ തന്റെ സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ചു.

ഈ സമയം, വൃദ്ധൻ സ്‌കൂട്ടറിൽ കയറിപ്പിടിച്ചു. ഇതോടെ സാഹിൽ വാഹനവുമായി വേ​ഗത്തിൽ പോവുകയും പിറകിൽ മുത്തപ്പയെ വലിച്ചിഴയ്ക്കുകയുമായിരുന്നു. 500 മീറ്ററോളമാണ് വലിച്ചിഴച്ചത്.

ഒടുവിൽ ഇത് കണ്ട ഒരു ഓട്ടോറിക്ഷാ ഡ്രൈവർ വാഹനം മുന്നിലേക്ക് നിർത്തി തടഞ്ഞതോടെയാണ് ഇയാൾ സ്കൂട്ടർ നിർത്തിയത്. തുടർന്ന്, പരിക്കേറ്റ വൃദ്ധനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. "അയാൾ ഇത് ചെയ്യാൻ പാടില്ലായിരുന്നു. അശ്രദ്ധമായ ഇത്തരം റൈഡിങ് നല്ലതല്ല. മറ്റാരോടും ഇത് ആവർത്തിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു"- മുത്തപ്പ പറഞ്ഞു.

സംഭവത്തിനു പിന്നാലെ അറസ്റ്റ് ചെയ്ത സാഹിലിനെ ​ഗോവിന്ദരാജ് ന​ഗർ പൊലീസിന് കൈമാറി. കഴിഞ്ഞ വ്യാഴാഴ്ച ഡൽഹി രജൗരി ഗാർഡൻ ഏരിയയിൽ ഒരാളെ കാറിന്റെ ബോണറ്റിൽ വലിച്ചിഴച്ചിരുന്നു.

സംഭവത്തിന്റെ വീഡിയോ പിന്നീട് വൈറലായി. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ ഭോപുരയിൽ താമസിക്കുന്ന ഇഷാന്ത് (19) ആയിരുന്നു പ്രതി.

പുതുവത്സര ദിന രാത്രി കാറിടിച്ചു വീഴ്ത്തിയതിനു പിന്നാലെ ചക്രത്തിനടിയിൽ കുടുങ്ങിയ 20കാരിയെ 13 കിലോമീറ്ററോളം വലിച്ചിഴച്ച് കൊലപ്പെടുത്തിയ ഡൽഹിയിലെ സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചിരുന്നു. ഇതിന് ആഴ്ചകൾക്ക് ശേഷമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News