'കാശി അങ്കിൾ അച്ഛന്‍റെ മുഖത്ത് തലയിണ കൊണ്ടമര്‍ത്തിപ്പിടിച്ച് കൊന്നു, അമ്മയെല്ലാം കണ്ടു നിന്നു'; ആൾവാര്‍ കൊലപാതകത്തിന്‍റെ ചുരുളഴിച്ച് 9 വയസുകാരന്‍റെ മൊഴി
ജൂൺ 7ന് ആൾവാറിലെ ഖേര്‍ലി പ്രദേശത്താണ് സംഭവം നടന്നത്.
ആൾവാര്‍: രാജസ്ഥാനിലെ ആൾവാറിൽ അമ്മയും കാമുകനും ചേര്‍ന്ന് പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നിര്‍ണായകമായി ഒൻപത് വയസുകാരന്‍റെ മൊഴി. കൊലപാതകം കണ്ട മകന്‍റെ വെളിപ്പെടുത്തലാണ് കേസിന്‍റെ ചുരുളഴിച്ചത്. ജൂൺ 7ന് ആൾവാറിലെ ഖേര്‍ലി പ്രദേശത്താണ് സംഭവം നടന്നത്.
ടെന്‍റ് ബിസിനസ്സ് നടത്തിയിരുന്ന വീരു ജാതവിനെ ഭാര്യ അനിതയും കാമുകനായ കാശി റാം പ്രജാപതും വാടകക്കൊലയാളികളും ചേര്‍ന്ന് വീട്ടിനുള്ളിൽ വച്ച് കൊലപ്പെടുത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നായിരുന്നു അനിത ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞത്. എന്നാൽ കൊലപാതകം നടന്ന് രണ്ട് ദിവസത്തിന് ശേഷം മകന്‍ പൊലീസിനോട് പറഞ്ഞ കാര്യങ്ങളാണ് കേസിൽ വഴിത്തിരിവായത്. കൊലപാതകം നടന്ന രാത്രിയിൽ തന്‍റെ അമ്മ വീടിന്‍റെ പ്രധാന ഗേറ്റ് തുറന്നിട്ടിരുന്നുവെന്നും അർധരാത്രിയിൽ കാശി അങ്കിൾ ഉൾപ്പെടെ നിരവധി പുരുഷന്മാർ വീട്ടിലേക്ക് ഇരച്ചുകയറിയെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. ഈ സമയം വീരുവിനൊപ്പം കിടന്നുറങ്ങുകയായിരുന്നു കുട്ടി.
''വാതിൽക്കൽ ഒരു നേരിയ ശബ്ദം കേട്ടാണ് ഞാനുണര്‍ന്നത്. അപ്പോൾ അമ്മ ഗേറ്റ് തുറക്കുന്നത് കണ്ടു. കാശി അങ്കിൾ അകത്തേക്ക് കയറി, കൂടെ നാലാളുകളെയും കണ്ടു. പേടിച്ചെങ്കിലും ഞാൻ മിണ്ടാതെ അവിടെ കിടന്നു. അവര്‍ ഞങ്ങളുടെ റൂമിനകത്തേക്ക് വന്നു. ഞാൻ എഴുന്നേറ്റു നോക്കിയപ്പോൾ എന്‍റെ അമ്മ കട്ടിലിന് മുന്നിൽ നിൽക്കുന്നത് കണ്ടു. അവര്‍ അച്ഛനെ ഇടിക്കുകയും കാലുകൾ പിടിച്ച് തിരിക്കുകയും ചെയ്തു. കാശി അങ്കിൾ തലയണ കൊണ്ട് അച്ഛന്‍റെ മുഖത്ത് അമര്‍ത്തി.അച്ഛന്‍റെ അടുത്തേക്ക് ഞാൻ ചെന്നപ്പോൾ കാശി അങ്കിൾ എന്നെ മടിയിൽ എടുത്ത് ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പേടിച്ച് ഞാനൊന്നും മിണ്ടിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ മരിച്ചു. പിന്നെ എല്ലാവരും പോയി'' കുട്ടി പറഞ്ഞു. വിവാഹേതര ബന്ധത്തിന്റെ പേരിലാണ് അനിതയും കാശിറാമും കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. രണ്ട് ലക്ഷം രൂപയാണ് വാടകക്കൊലയാളികൾക്ക് നൽകിയത്.
പ്രണയവിവാഹമായിരുന്നു അനിതയുടെയും വീരുവിന്‍റെയും. അനിത ഒരു കട നടത്തിയിരുന്നു. സമീപത്ത് ലഘുഭക്ഷണങ്ങൾ വിൽക്കുന്ന ആളായിരുന്നു കാശി റാം. പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. അവര്‍ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുമ്പോൾ അനിത നിശബ്ദയായി കാഴ്ചക്കാരിയായി നിന്നുവെന്ന് ഡിഎസ്പി കൈലാഷ് ചന്ദ് പറഞ്ഞു. കൊലപാതകത്തിന് ശേഷം അനിത ഭര്‍തൃ വിളിച്ച് വീരുവിന് പെട്ടെന്ന് അസുഖം വന്നുവെന്നാണ് പറഞ്ഞത്. എന്നാൽ മൂത്ത സഹോദരൻ ഗബ്ബാറിന് മരണത്തിൽ സംശയമുണ്ടായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയിരുന്നു. സിസി ടിവി ദൃശ്യങ്ങളും ഫോൺ കോളുകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അനിതയെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ അയച്ചിട്ടുണ്ട്. പ്രതികളായ വിഷ്ണു, നവീൻ, ചേതൻ എന്നിവർ ഇപ്പോൾ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.