Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ബെംഗളൂരു: ആറ് മാസത്തിലേറെ നീണ്ടുനിന്ന വിപുലമായ 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിലൂടെ ബെംഗളൂരുവിൽ യുവതിക്ക് ഏകദേശം 32 കോടി രൂപ നഷ്ട്ടപെട്ടതായി റിപ്പോർട്ട്. സിബിഐ ഉദ്യോഗസ്ഥനായി വേഷമിട്ട ഒരാൾ യുവതിയെ ആറ് മാസത്തോളം നിരന്തരമായ വിഡിയോ നിരീക്ഷണത്തിന് വിധേയമാക്കുകയും 187 ബാങ്ക് ട്രാൻസ്ഫറുകൾ നടത്താൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് പരാതി. 2024 സെപ്റ്റംബറിൽ ആരംഭിച്ച തട്ടിപ്പിൽ മാസങ്ങൾക്ക് ശേഷം വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കിയ സോഫ്റ്റ്‌വെയർ എഞ്ചിനീയർ കൂടിയായ യുവതി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഡിഎച്ച്എല്ലിലെ എക്സിക്യൂട്ടീവ് ആണെന്ന് അവകാശപ്പെടുന്ന ഒരാളുടെ പേരിലാണ് ആദ്യ കോൾ വന്നത്. മൂന്ന് ക്രെഡിറ്റ് കാർഡുകൾ, നാല് പാസ്‌പോർട്ടുകൾ, നിരോധിത എംഡിഎംഎ എന്നിവ അടങ്ങിയ ഒരു പാഴ്സൽ മുംബൈയിലെ കമ്പനിയുടെ അന്ധേരി സെന്ററിൽ എത്തിയിട്ടുണ്ടെന്ന് അയാൾ കോളിൽ അറിയിച്ചു. പാക്കേജുമായി തനിക്ക് ബന്ധമില്ലെന്നും ബെംഗളൂരുവിലാണ് താമസിക്കുന്നതെന്നും യുവതി പറഞ്ഞെങ്കിലും വിളിച്ചയാൾ അവരുടെ ഫോൺ നമ്പർ പാഴ്സലുമായി ബന്ധമുള്ളതിനാൽ വിഷയം സൈബർ കുറ്റകൃത്യമാകുമെന്ന് അറിയിപ്പ് നൽകി. തുടർന്ന് കോൾ ഒരു സിബിഐ ഓഫീസർ എന്ന് അവകാശപ്പെടുന്ന വ്യക്തിയിലേക്ക് കൈമാറുകയും 'എല്ലാ തെളിവുകളും നിങ്ങൾക്ക് എതിരാണ്' എന്ന് ഉദ്യോഗസ്ഥൻ എന്ന് പരിചയെപ്പടുത്തിയ ആൾ യുവതിയോട് പറയുകയും ചെയ്തു. വീട് നിരീക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞ് തട്ടിപ്പുകാർ പൊലീസിനെ സമീപിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയതായി പരാതിയിൽ പറയുന്നു. കുടുംബത്തിന്റെ സുരക്ഷയും മകന്റെ വരാനിരിക്കുന്ന വിവാഹവും ഭയന്ന് അവൾ അവരുടെ നിർദേശങ്ങൾ പാലിച്ചു.
രാഹുൽ യാദവ്, പ്രദീപ് സിംഗ് എന്നീ പേരിൽ പരിചയപ്പെടുത്തിയവരാണ് തന്നെ തട്ടിപ്പിന് ഇരയാക്കിയതെന്ന് യുവതി പരാതിയിൽ പറയുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 24നും ഒക്ടോബർ 22നും ഇടയിലാണ് യുവതി തന്റെ സാമ്പത്തിക വിവരങ്ങൾ വെളിപ്പെടുത്തുകയും വലിയ തുകകൾ കൈമാറ്റം ചെയ്യാൻ ആരംഭിച്ചതും. ഒക്ടോബർ 24 മുതൽ നവംബർ 3 വരെ അവർ രണ്ട് കോടി രൂപയുടെ 'ജാമ്യ തുക' നിക്ഷേപിച്ചു. തട്ടിപ്പുകാരുടെ നിർദേശപ്രകാരം 187 ഇടപാടുകളിലായി മൊത്തം 31.83 കോടി രൂപ യുവതി ട്രാൻസ്ഫർ ചെയ്തു.
2025 ഫെബ്രുവരിയിൽ 'വെരിഫിക്കേഷൻ' കഴിഞ്ഞ് പണം തിരികെ നൽകുമെന്ന് തട്ടിപ്പുകാർ അവർക്ക് ഉറപ്പ് നൽകിയിരുന്നു. ഡിസംബറിൽ മകന്റെ വിവാഹനിശ്ചയത്തിന് മുമ്പ് ക്ലിയറൻസ് ലെറ്റർ നൽകാമെന്ന് തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുകയും വ്യാജ രേഖ ലഭിക്കുകയും ചെയ്തു. ഇത്രയും കാലം താൻ എവിടെയാണെന്നും എന്താണ് ചെയ്യുന്നതെന്നും സ്കൈപ്പ് വഴി റിപ്പോർട്ട് ചെയ്യേണ്ടിവന്നെന്നും പ്രദീപ് സിംഗ് എന്നയാൾ ദിവസവും തന്നെ ബന്ധപ്പെട്ടിരുന്നതായും യുവതി പിടിഐയോട് പറഞ്ഞു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം ഫെബ്രുവരി 25നകം പണം തിരികെ നൽകുമെന്ന് അവർ തന്നോട് പറഞ്ഞതായും യുവതി കൂട്ടിച്ചേർത്തു.
വാഗ്ദാനം ചെയ്ത റീഫണ്ടുകൾ ഫെബ്രുവരിയിൽ നിന്ന് മാർച്ചിലേക്ക് മാറ്റിവെക്കുകയും കുറച്ച് ദിവസങ്ങൾക്ക് ശേഷം ആശയവിനിമയം പെട്ടെന്ന് നിലക്കുകയും ചെയ്തതോടെയാണ് തട്ടിപ്പിനിരയായതായി യുവതിക്ക് മനസിലായത്. ജൂണിൽ മകന്റെ വിവാഹം കഴിഞ്ഞതിനു ശേഷമാണ് യുവതി പൊലീസിൽ പരാതി നൽകിയത്. 'മൊത്തം 187 ഇടപാടുകളിലൂടെ ഏകദേശം 31.83 കോടി രൂപയുടെ നഷ്ടം എനിക്ക് ഉണ്ടായി.' കേസ് സമഗ്രമായി അന്വേഷിക്കണമെന്ന് അധികാരികളോട് അഭ്യർത്ഥിച്ചുകൊണ്ട് അവർ പരാതിയിൽ പറഞ്ഞു. സങ്കീർണ്ണമായ ഈ റാക്കറ്റിനെക്കുറിച്ച് പൊലീസ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.