ക്രിമിനൽ കേസ്: അച്ഛനെ രക്ഷിക്കാൻ അമൃത ഫഡ്‌നാവിസിന് ഒരു കോടി വാഗ്ദാനം ചെയ്ത യുവതി പിടിയിൽ

ഡിസൈനറായി അമൃത ഫഡ്‌നാവിസിനെ സമീപിച്ച ഇവർ കൈക്കൂലി വാഗ്ദാനം ചെയ്യുകയായിരുന്നു

Update: 2023-03-16 15:48 GMT

Amrita Fadnavis, Aniksha Jaisinghani

Advertising

മുംബൈ: വാതുവെപ്പുകാരനായ അച്ഛനെ ക്രിമിനൽ കേസിൽനിന്ന് രക്ഷിക്കാൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസിന് കൈക്കൂലി വാഗ്ദാനം ചെയ്ത യുവതി പിടിയിൽ. വാതുവെപ്പുകാരനായ അനിൽ ജയ്‌സിംഗാനിയുടെ മകൾ അങ്കിഷ് ജയ്‌സിംഗാനിയെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഐപിസിയുടെ അഴിമതി തടയൽ നിയമപ്രകാരമാണ് നടപടി. ഡിസൈനറായി അമൃത ഫഡ്‌നാവിസിനെ സമീപിച്ച ഇവർ ഒരു കോടി വാഗ്ദാനം ചെയ്യുകയായിരുന്നു. മാതാവില്ലാത്തതടക്കം ചൂണ്ടിക്കാട്ടി സഹതാപം തേടിയായിരുന്നു ഇവരുടെ നീക്കം. തുടർന്ന് അമൃത ഫഡ്‌നാവിസ് കേസ് കൊടുത്തതോടെയാണ് ഇവർക്കെതിരെ നിയമനടപടിയുണ്ടായത്.

നിയമവിദ്യാർഥിയായ അങ്കിഷ് താനെ ജില്ലയിലെ ഉൽഹാസ് നഗറിലാണ് താമസിക്കുന്നത്. പിതാവായ അനിലിനെതിരെ വാതുവെപ്പ്, ഭീഷണിപ്പെടുത്തൽ, വഞ്ചന, സർക്കാർ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി മഹാരാഷ്ട്ര, ഗോവ, അസം എന്നിവിടങ്ങളിൽ നിരവധി കേസുകളുണ്ട്. ഇതിനെ തുടർന്നാണ് അങ്കിഷ് പിതാവിനെ രക്ഷിക്കാൻ രംഗത്തിറങ്ങിയത്.

2009ൽ മുംബൈ ക്രൈംബ്രാഞ്ച് മുൻ ഡിസിപി അമർ ജാദവിനെതിരെ ഉയർന്ന കേസിലാണ് ജയ്‌സിംഗാനിയുടെ പേര് പുറത്തുവന്നത്. കിക്കറ്റ് മത്സരങ്ങളിൽ വാതുവെപ്പ് നടത്താൻ നിർബന്ധിച്ച് വാതുവെപ്പുകാരനായ അനിലിന്റെ ഭാര്യയെയും മക്കളെയും ബന്ദിയാക്കിയെന്നായിരുന്നു കേസ്. ഇതിനെ തുടർന്ന് ജാദവിനെ ആറ് വർഷത്തേക്ക് അവധിയിൽ പ്രവേശിപ്പിക്കുകയും ശേഷം വിആർഎസ് എടുത്ത് പൊലീസ് സേനയിൽ നിന്ന് പറഞ്ഞയക്കുകയും ചെയ്യുകയായിരുന്നു.

Aniksha Jaisinghani arrested for offering bribe to Maharashtra Deputy Chief Minister Devendra Fadnavis' wife Amrita Fadnavis to save bookie father from criminal case

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News