Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ബംഗളൂരു: സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം രണ്ട് കുട്ടികളെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. ആത്മഹത്യക്ക് ശ്രമിച്ച ഭാര്യയെ ബന്ധുക്കൾ രക്ഷപ്പെടുത്തി. ബംഗളൂരു നഗരത്തിന് കിഴക്ക് ഹോസ്‌കോട്ടെ താലൂക്കിലെ ഗോണകനഹള്ളിയിലാണ് സംഭവം.
ശിവകുമാർ (32), മകൾ ചന്ദ്രകല (11), മകൻ ഉദയ് സൂര്യ (ഏഴ്) എന്നിവരെ ഞായറാഴ്ച വൈകുന്നേരം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ മഞ്ജുള (30) അതിജീവിച്ചു. ശിവകുമാറിന് നാല് വർഷം മുമ്പുണ്ടായ അപകടത്തിൽ രണ്ട് കാലുകൾക്കും ഗുരുതരമായി പരിക്കേറ്റിരൂന്നു. ചികിത്സക്കായി കുടുംബം ധാരാളം കടം വാങ്ങിയിരുന്നു. പക്ഷേ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. കുട്ടികൾ അനാഥരാകുന്നത് ഇഷ്ടപ്പെടാത്തതിനാൽ കുട്ടികളോടൊപ്പം ആത്മഹത്യ ചെയ്യാൻ ദമ്പതികൾ തീരുമാനിച്ചുവെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ്, കുട്ടികളെ ഉറക്കത്തിൽ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതായും പിന്നീട് ബക്കറ്റ് വെള്ളത്തിൽ മുക്കികക്കൊല്ലുകയുമായിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിന് മുമ്പ്, മഞ്ജുളയോട് ശിവകുമാർ ലഘുഭക്ഷണം വാങ്ങിത്തരാൻ ആവശ്യപ്പെട്ടു. തിരിച്ചെത്തിയപ്പോഴേക്കും അയാൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
തുടർന്ന് മഞ്ജുള ഒരു ബന്ധുവിനെ വിളിച്ച് സംഭവം വിവരിക്കുകയും താൻ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിന് മുമ്പ് അന്ത്യകർമങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ നൽകുകയും ചെയ്തു. എന്നാൽ ബന്ധു വീട്ടിലേക്ക് ഓടിയെത്തി പൊലീസിനെ അറിയിക്കുകയും കൃത്യസമയത്ത് മഞ്ജുളയെ രക്ഷിക്കുകയുമായിരുന്നു. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.