ന്യൂഡൽഹി: കെജ്‌രിവാള്‍ സർക്കാർ- ബിജെപി പോര് ശക്തമായിരിക്കെ ഡൽഹി ലഫ്റ്റനന്റ് ഗവർണർക്കെതിരെ അഴിമതി ആരോപണവുമായി ആം ആദ്മി പാർട്ടി. ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേന നോട്ടുനിരോധന കാലത്ത് 1400 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച് ആംആദ്മി എം.എൽ.എ ദുർഗേഷ് പഥക് ആണ് രംഗത്തെത്തിയത്. ഇതിൽ സി.ബി.ഐ അന്വേഷണം വേണമെന്നാണ് എ.എ.പി ആവശ്യം.
സംഭവത്തിൽ സക്സേനയുടെ രാജിയാവശ്യപ്പെട്ട് ആംആദ്മി നിയമസഭാ അംഗങ്ങളും ഡൽഹി സർക്കാരിനെതിരെ അഴിമതി ആരോപിച്ച് പ്രതിപക്ഷമായ ബിജെപിയും തിങ്കളാഴ്ച രാത്രി മുഴുവൻ ഡൽഹി വിധാൻസഭയിൽ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അഴിമതി സംബന്ധിച്ച് സക്സേനയ്ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആംആദ്മി പാർട്ടി രംഗത്തെത്തിയിരിക്കുന്നത്.
വിഷയത്തിൽ പരാതിയുമായി ആംആദ്മി നേതാക്കൾ സിബിഐയെ സമീപിക്കും. 2016ൽ വിനയ് കുമാർ സക്സേന ഖാദി കമ്മീഷൻ ചെയർമാനായിരിക്കെ കണക്കിൽപ്പെടാത്ത 1400 കോടിയുടെ നിരോധിച്ച നോട്ടുകൾ മാറ്റിയെടുക്കാൻ ജീവനക്കാരെ നിർബന്ധിച്ചെന്ന് എ.എ.പി എം.എൽ.എ ദുർഗേഷ് പഥക് ആരോപിക്കുന്നു. അതേസമയം ആരോപണത്തിൽ വി.കെ സക്സേന പ്രതികരിച്ചിട്ടില്ല.
'കെ.വി.ഐ.സി ചെയര്‍മാനായിരിക്കെ, നോട്ടുനിരോധനം പ്രഖ്യാപിച്ചപ്പോള്‍ അവിടെ ജോലി ചെയ്തിരുന്ന തന്നോട് സക്‌സേന പണം മാറ്റിയെടുക്കാന്‍ നിര്‍ബന്ധിച്ചെന്ന് ചൂണ്ടിക്കാട്ടി ഒരു കാഷ്യര്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അതിനു പിന്നാലെ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത് നിര്‍ഭാഗ്യകരമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നാണ് ഞങ്ങളുടെ ആവശ്യം. അഴിമതി സംബന്ധിച്ച വാര്‍ത്താ റിപ്പോര്‍ട്ടും ഉണ്ട്. പ്രശ്‌നം ബാധിച്ച ജീവനക്കാരുടെ പ്രസ്താവനകളും ഉണ്ട്'- ദുര്‍ഗേഷ് പഥക് പറഞ്ഞു.
'അദ്ദേഹം കെ.വി.ഐ.സി ചെയര്‍മാനായിരിക്കുമ്പോള്‍ കാഷ്യറെ സമ്മര്‍ദത്തിലാക്കി അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറ്റി. ഡല്‍ഹി ബ്രാഞ്ചില്‍ മാത്രം 22 ലക്ഷം രൂപയാണ് മാറ്റിയത്. രാജ്യത്തുടനീളം ഇത്തരത്തിലുള്ള 7000 ശാഖകളുണ്ട്, അതായത് 1400 കോടി രൂപയുടെ അഴിമതി നടന്നു' - എ.എ.പി ആരോപിക്കുന്നു.
ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തു നിന്നും സക്‌സേനയെ പുറത്താക്കണം എന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളേന്തിയും മുദ്രാവാക്യം വിളിച്ചുമാണ് ആംആദ്മി അംഗങ്ങൾ നിയമസഭയില്‍ പ്രതിഷേധിച്ചത്. കൂടാതെ, 'സക്‌സേന കള്ളന്‍', 'സക്‌സേനയെ അറസ്റ്റ് ചെയ്യൂ' എന്നെഴുതിയ പ്ലക്കാര്‍ഡുകളേന്തി സഭാ കോംപ്ലക്‌സിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിലും ആംആദ്മി എംഎല്‍എമാര്‍ പ്രതിഷേധിച്ചു.
അതേസമയം, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ബാങ്ക് ലോക്കർ സംബന്ധിച്ച് അന്വേഷണം നടത്താൻ സിബിഐ ഇന്നെത്തുമാണ് റിപ്പോർട്ട്. കഴിഞ്ഞയാഴ്ച സിസോദിയയുടെ വസതിയിലടക്കം സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെ തുടർന്നാണ് സി.ബി.ഐ നടപടി.
കഴിഞ്ഞമാസം ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ സക്‌സേന സി.ബി.ഐയോട് ശിപാര്‍ശ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സി.ബി.ഐ റെയ്ഡുമായി രംഗത്തെത്തിയത്. വരുംദിവസങ്ങളിൽ സർക്കാർ- ലഫ്റ്റനന്റ് ഗവർണർ പോര് കനക്കുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.