ഹിന്ദുത്വ ട്വീറ്റ്; കന്നഡ നടന്‍ ചേതന്‍ കുമാറിന് ജാമ്യം
ബെംഗളൂരുവിലെ പ്രാദേശിക കോടതിയാണ് ജാമ്യം അനുവദിച്ചത്
ചേതന്‍ കുമാര്‍
ബെംഗളൂരു: ഹിന്ദുത്വത്തെക്കുറിച്ചുള്ള ട്വീറ്റില്‍ പേരില്‍ അറസ്റ്റിലായ കന്നഡ നടന്‍ ചേതന്‍ കുമാര്‍ അഹിംസക്ക് ജാമ്യം.ബെംഗളൂരുവിലെ പ്രാദേശിക കോടതിയാണ് ജാമ്യം അനുവദിച്ചത്. 'നുണകള്‍ക്ക് മേല്‍ കെട്ടിപ്പടുത്തതാണ് ഹിന്ദുത്വ' എന്ന് ട്വീറ്റ് ചെയ്തതിനാണ് നടനെ അറസ്റ്റ് ചെയ്തത്.
മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബജ്‌റംഗ്ദളിന്‍റെ ബെംഗളൂരു നോർത്ത് യൂണിറ്റ് കൺവീനർ ശിവകുമാറിന്‍റെ പരാതിയെത്തുടർന്ന് ചൊവ്വാഴ്ചയാണ് ശേഷാദ്രിപുരം പൊലീസ് ചേതനെ അറസ്റ്റ് ചെയ്തത്. 25,000 രൂപ വ്യക്തിഗത ബോണ്ടിൽ ജാമ്യത്തിൽ വിട്ടയച്ച ജഡ്ജി ജെ. ലത നടനോട് അന്വേഷണവുമായി സഹകരിക്കാൻ ഉത്തരവിട്ടു.
ചേതന്‍ അഹിംസ എന്നറിയപ്പെടുന്ന ചേതന്‍ കുമാര്‍ ദലിത് ആക്റ്റിവിസ്റ്റ് കൂടിയാണ്. ചേതന്‍റെ പരാമര്‍ശം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്ന പരാതിക്കു പിന്നാലെയാണ് അറസ്റ്റ്. ഒരു മതത്തെയോ മതവിശ്വാസത്തെയോ അവഹേളിച്ചു, സമൂഹത്തില്‍ സ്പര്‍ദ്ധ വളർത്തുന്ന പ്രസ്താവനകൾ നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ചേതനെതിരെ ചുമത്തിയത്. ചേതന്‍ കുമാര്‍ മാര്‍ച്ച് 20നാണ് അറസ്റ്റിന് ആസ്പദമായ ട്വീറ്റ് ചെയ്തത്.നുണകളിൽ കെട്ടിപ്പടുത്തതാണ് ഹിന്ദുത്വമെന്നും ഹിന്ദുത്വത്തെ തോല്‍പ്പിക്കാന്‍ സത്യത്തിനേ കഴിയൂ എന്നും ട്വീറ്റില്‍ പറയുന്നു.