'500 കോടി രൂപയടങ്ങിയ സ്യൂട്ട്കെയ്സ് പരാമര്‍ശം'; നവ്ജ്യോത് കൗർ സിദ്ദുവിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു
മുഖ്യമന്ത്രിയാകാൻ 500 കോടിയുള്ളവർക്കേ സാധിക്കൂ എന്ന വിവാദ പരാമർശത്തിനു പിന്നാലെയാണ് നവ്ജ്യോത് കൗർ സിദ്ദുവിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തത്.
നവ്ജ്യോത് കൗർ സിദ്ദു-നവ്ജ്യോത് സിങ് സിദ്ദു Photo-PTI
ഛണ്ഡീഗഢ്: നവ്ജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ നവ്ജ്യോത് കൗർ സിദ്ദുവിനെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തു. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജാ വാറിങാണ് നടപടിയെടുത്തത്.
മുഖ്യമന്ത്രിയാകാൻ 500 കോടിയുള്ളവർക്കേ സാധിക്കൂ എന്ന വിവാദ പരാമർശത്തിനു പിന്നാലെയാണ് നവ്ജ്യോത് കൗർ സിദ്ദുവിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തത്.
500 കോടി രൂപയടങ്ങുന്ന സ്യൂട്ട്കെയ്സ് നൽകുന്നയാൾ മുഖ്യമന്ത്രിയാകുന്നു എന്നായിരുന്നു നവ്ജ്യോത് കൗറിന്റെ പരാമർശം. ഇത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ബിജെപിയും ആം ആദ്മി പാർട്ടിയും ഇത് വൻതോതിൽ ചർച്ചയാക്കുകയും ചെയ്തിരുന്നു.
തുടർന്ന് ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ പാർട്ടിക്കകത്തു തന്നെ സമ്മർദ്ദമുയർന്നു. ഇതിനുപിന്നാലെയാണ് പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി കോൺഗ്രസ് പഞ്ചാബ് അധ്യക്ഷൻ അമരീന്ദർ സിങ് അറിയിച്ചത്.
അതേസമയം പ്രസ്താവന വലിയ വിവാദമായതോടെയാണ് കൗർ സോഷ്യൽ മീഡിയ വഴി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തന്റെ വാക്കുകൾ വളച്ചൊടിച്ചതിന്റെ ഞെട്ടലിലാണെന്നും കോൺഗ്രസ് പാർട്ടി ഒരിക്കലും ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും കൗർ വ്യക്തമാക്കിയിരുന്നു. വേറെ ഏതെങ്കിലും പാർട്ടിയിൽ പോയി മുഖ്യമന്ത്രിയാകുമോ എന്ന് ചോദിച്ചപ്പോഴാണ് ആ സ്ഥാനം കിട്ടാൻ വേണ്ടി കാശ് കൊടുക്കാൻ കയ്യിൽ പണമില്ല എന്ന് പറഞ്ഞതെന്നും കൗർ വിശദീകരിച്ചിരുന്നു.