എംഡിഎംഎ കേസ്: മംഗളൂരുവില്‍ അഞ്ച് പേർക്ക് 12-14 വർഷം കഠിന തടവും ഏഴ് ലക്ഷം പിഴയും, പ്രതികളില്‍ മൂന്ന് മലയാളികള്‍
2022 ജൂൺ ആറിന് മംഗളൂരു സിസിബി പൊലീസ് ഇൻസ്‌പെക്ടറും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
മംഗളൂരു: നഗരത്തിലെ വിദ്യാർഥികള്‍ക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസിൽ അഞ്ച് പ്രതികൾക്ക് എൻഡിപിഎസ് ആക്ട് പ്രകാരം മംഗളൂരു ജില്ലാ സെഷൻസ് കോടതി 12 മുതൽ 14 വർഷം വരെ കഠിനതടവ് ശിക്ഷ വിധിച്ചു. ഏഴ് ലക്ഷം രൂപ പിഴയും അടക്കണം.
ബെഗളൂരു വർത്തൂർ ഗുണ്ടൂർ പാല്യയിൽ നിന്നുള്ള ലുവൽ ഡാനിയേൽ ജസ്റ്റിൻ ബൗലോ എന്ന ഡാനി(34), കാസർകോട് ഉപ്പള സ്വദേശി മുഹമ്മദ് മീസ് എന്ന മുഹമ്മദ് റമീസ്(33), ബംഗളൂരു മടിവാള സ്വദേശിനി ചിഞ്ചു എന്ന സബിത(26), കാസർകോട് കുന്നിൽ സ്വദേശി മൊയ്തീൻ(29), കാസർകോട് ഉപ്പള സ്വദേശി അബ്ദുൾ റഹൂഫ്(30) എന്നിവർക്കാണ് ശിക്ഷ.
എൻഡിപിഎസ് നിയമത്തിലെ സെക്ഷൻ 21, 21 (സി), 27 (ബി) എന്നിവ പ്രകാരം ഡാനിക്ക് 12 വർഷവും ആറ് മാസവും കഠിന തടവും 1,35,000 രൂപ പിഴയും വിധിച്ചു. 14 വർഷവും ആറ് മാസവും തടവും 1,55,000 രൂപ പിഴയുമാണ് റമീസിന് ലഭിച്ചത്. മൊയ്തീൻ റഷീദിന് 12 വർഷവും ആറ് മാസവും തടവും 1,35,000 രൂപ പിഴയും വിധിച്ചു. അബ്ദുൾ റഹൂഫിന് 13 വർഷവും ആറ് മാസവും തടവും 1,45,000 രൂപ പിഴയും വിധിച്ചു. ചിഞ്ചു എന്ന സബിതക്ക് 12 വർഷവും ആറ് മാസവും തടവും 1,35,000 രൂപ പിഴയും വിധിച്ചു.
2022 ജൂൺ ആറിന് മംഗളൂരു സിസിബി പൊലീസ് ഇൻസ്‌പെക്ടറും സംഘവുമാണ് പ്രതികളെ പിടികൂടിയത്. പരിശോധനയിൽ ഇവരില്‍ നിന്നും 125 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. തുടർന്ന് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു, അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷം പ്രിൻസിപ്പൽ ജില്ല- സെഷൻസ് ജഡ്ജി എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തി.