ഇറാൻ സംഘർഷം: യു.എസിലേക്കുള്ള മൂന്ന് എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി, കൂടുതൽ സർവീസുകളെ ബാധിക്കും
ഇറാൻ വ്യോമപാത അടച്ചതോടെ ഇന്ത്യയിൽ നിന്ന് പാശ്ചാത്യ രാജ്യങ്ങളിലേക്ക് ഉൾപ്പെടെയുള്ള വിമാനങ്ങൾ കൂടുതൽ ദൂരം പറക്കേണ്ട സാഹചര്യം
ന്യൂഡൽഹി: സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ വ്യോമപാത അടച്ചതോടെ യു.എസിലേക്കുള്ള മൂന്ന് എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി. ഡൽഹി-ന്യൂയോർക്ക്, ഡൽഹി-നെവാർക്, മുംബൈ-ന്യൂയോർക്ക് വിമാനങ്ങളാണ് റദ്ദാക്കിയത്. രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളായിരുന്നു ഇവ. വിമാനങ്ങൾ റദ്ദാക്കിയതോടെ തിരികെയുള്ള സർവീസുകളും റദ്ദാക്കപ്പെടും.
യു.എസും ഇറാനും തമ്മിലുള്ള സംഘർഷാവസ്ഥ രൂക്ഷമായതിനെത്തുടർന്ന് കഴിഞ്ഞദിവസമാണ് ഇറാൻ വ്യോമപാത അടച്ചത്. ഇതോടെ ഇന്ത്യയിൽ നിന്ന് പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ ഇറാന്റെ വ്യോമമേഖല ഒഴിവാക്കി പറക്കേണ്ട സാഹചര്യമാണുള്ളത്. ഇന്ത്യയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള മറ്റ് വിമാന സർവീസുകളും വൈകുകയാണ്.
എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള വിമാന കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇറാനിലെ സാഹചര്യവും യാത്രക്കാരുടെ സുരക്ഷയും പരിഗണിച്ച് ഇറാനിയൻ വ്യോമപാത ഒഴിവാക്കി വിമാനങ്ങൾ സഞ്ചരിക്കുകയാണെന്ന് എയർ ഇന്ത്യ അറിയിച്ചിരുന്നു. ഇത് വിമാനങ്ങൾ വൈകുന്നതിനും റദ്ദാക്കുന്നതിനും കാരണമാകുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ഇറാൻ വ്യോമപാത അടച്ചത് തങ്ങളുടെ അന്താരാഷ്ട്ര സർവീസുകളെ ബാധിച്ചിട്ടുണ്ടെന്ന് ഇൻഡിഗോയും അറിയിച്ചു. സാഹചര്യങ്ങൾ വിലയിരുത്തുകയാണെന്നും സർവീസുകൾ മുടങ്ങുകയാണെങ്കിൽ യാത്രക്കാർക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും ഇൻഡിഗോ വ്യക്തമാക്കി.
ഇറാൻ വ്യോമപാത ഒഴിവാക്കി വിമാനങ്ങൾ പറത്തേണ്ടി വരുന്നത് യാത്രാസമയം വർധിപ്പിക്കുന്നതും ചെലവേറിയതുമാണ്. ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കുമുള്ള വിമാനങ്ങൾ കൂടുതൽ ദൂരം സഞ്ചരിക്കേണ്ട സാഹചര്യവുമുണ്ട്. സംഘർഷ മേഖലയിലൂടെയുള്ള യാത്ര ഒഴിവാക്കാൻ അന്താരാഷ്ട്ര വ്യോമയാന ഏജൻസികളും നിർദേശം നൽകിയിട്ടുണ്ട്.