'ഇഡി കൊണ്ടുവന്നത് കോൺഗ്രസ്, വിനയാകുമെന്ന് അന്നേ മുന്നറിയിപ്പ് നൽകിയിരുന്നു'; അഖിലേഷ് യാദവ്

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നിര്‍ത്തലാക്കണമെന്ന് സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്

Update: 2025-04-16 13:19 GMT
Editor : Jaisy Thomas | By : Web Desk

ലഖ്നൗ: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നിര്‍ത്തലാക്കണമെന്ന് സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. കോൺഗ്രസ് തന്നെയാണ് ഇഡി നിയമം കൊണ്ടുവന്നതെന്നും അന്ന് നിരവധി പാര്‍ട്ടികൾ ഇതിനെ എതിര്‍ത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ച നടപടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ ആദായനികുതി ഉൾപ്പെടെയുള്ള വകുപ്പുകൾ നിലവിലുള്ളതിനാൽ ഇഡി ആവശ്യമില്ലെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. ഇഡി നടപടിയെ പ്രതികാര രാഷ്ട്രീയമെന്ന് വിശേഷിപ്പിച്ച കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

Advertising
Advertising

രണ്ട് ദിവസത്തെ ഒഡിഷ സന്ദർശനത്തിനിടെ ഭുവനേശ്വറിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച യാദവ്, ഇഡി നിർത്തലാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടണമെന്നും ആവശ്യപ്പെട്ടു. "കോൺഗ്രസാണ് ഇഡി നിയമം ഉണ്ടാക്കിയത്. ആ സമയത്ത് പല പാർട്ടികളും നിയമത്തെ എതിർത്തിരുന്നുവെന്നും അത് ആത്യന്തികമായി നിങ്ങൾക്ക് പ്രശ്‌നമുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും നിങ്ങൾ അറിഞ്ഞിരിക്കണം. എനിക്ക് തെറ്റിയിരിക്കാം, പക്ഷേ ഇഡി പോലുള്ള വകുപ്പുകൾ നിർത്തലാക്കണമെന്ന് ഞാൻ കരുതുന്നു, ”എസ്പി മേധാവി പറഞ്ഞു.

ആദായനികുതി വകുപ്പും ജിഎസ്ടിയും നിലവിലുണ്ടായിട്ടും ഇഡി പോലുള്ള ഏജൻസി ഉണ്ടായിരിക്കുന്നത് മറ്റ് ഏജൻസികളിലുള്ള വിശ്വാസക്കുറവ് കാണിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "മറ്റ് സംസ്ഥാനങ്ങളെക്കുറിച്ച് എനിക്ക് സംസാരിക്കാൻ കഴിയില്ലെങ്കിലും, മഹാരാഷ്ട്രയെക്കുറിച്ച് എനിക്ക് വിവരങ്ങൾ ഉണ്ട്, അവിടെ ബിജെപിയെ എതിർക്കുന്ന ഒരു നേതാവിനെയും ഇഡി, സിബിഐ, ആദായനികുതി വകുപ്പിന്‍റെ നടപടികളിൽ നിന്ന് സംരക്ഷിക്കാൻ കഴിയില്ല," അഖിലേഷ് പറഞ്ഞു. സംസ്ഥാനങ്ങൾക്ക് കൂടുതൽ സ്വയംഭരണാവകാശം നൽകുന്നതിനെക്കുറിച്ച് ഒരു കമ്മിറ്റി രൂപീകരിക്കാനുള്ള തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ തീരുമാനത്തെക്കുറിച്ച്, ഒരു സംസ്ഥാനത്തോടും വിവേചനം കാണിക്കരുതെന്ന് യാദവ് പറഞ്ഞു.

"ഭരണഘടനാ നിർമാതാക്കൾ വളരെ ആലോചിച്ച ശേഷമാണ് ഒരു ഫെഡറൽ സംവിധാനം സൃഷ്ടിച്ചത്... ഫെഡറൽ ഘടനയിൽ ഒരു ഇടപെടലും പാടില്ല," അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാതി സെൻസസ് വേണമെന്ന ആവശ്യം ആവർത്തിച്ചുകൊണ്ട്, അതിർത്തി നിർണയ വിഷയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക താനും പങ്കുവെക്കുന്നുവെന്ന് യാദവ് പറഞ്ഞു."ജാതി സെൻസസ് ആവശ്യപ്പെട്ട് കോൺഗ്രസിനെതിരെ പോരാടിയ ഒരു ദിവസമുണ്ടായിരുന്നു. ജാതി സെൻസസ് വേണമെന്ന് കോൺഗ്രസ് ഇന്ന് അംഗീകരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്... അതില്ലാതെ സാമൂഹിക നീതി ഉറപ്പാക്കാൻ കഴിയില്ല," അഖിലേഷ് വ്യക്തമാക്കി. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News