ഇന്ധന വിലക്കയറ്റത്തെ ട്രോളിയും വിമര്‍ശിച്ചും അക്ഷയ്കുമാറും അമിതാഭ് ബച്ചനും അനുപം ഖേറും! ഹാ, അതൊക്കെ ഒരു കാലം

രാജ്യത്തെ നിലവിലെ പാചകവാതക വില ലോകത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണെന്നാണ് ആഗോള ഊർജവില സൂചിക വ്യക്തമാക്കുന്നത്. പെട്രോൾവിലയിൽ ലോകത്ത് മൂന്നാം സ്ഥാനത്തും ഡീസൽവിലയിൽ എട്ടാം സ്ഥാനത്തുമാണ് രാജ്യം

Update: 2022-04-12 14:39 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില ദിനംപ്രതിയെന്നോണം കുതിച്ചുയരുകയാണ്. കഴിഞ്ഞ ആറുദിവസമായി പെട്രോൾ-ഡീസൽ വിലയിൽ പുതിയ മാറ്റങ്ങളൊന്നും വന്നിട്ടില്ലെങ്കിലും കീശ കീറുന്ന നിരക്കിലാണ് ആളുകള്‍ ഇപ്പോള്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നിറക്കുന്നത്. രാജ്യത്തെ നിലവിലെ പാചകവാതക വില ലോകത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണെന്നാണ് ആഗോള ഊർജവില സൂചിക വ്യക്തമാക്കുന്നത്. പെട്രോൾവിലയിൽ ലോകത്ത് മൂന്നാം സ്ഥാനത്തും ഡീസൽവിലയിൽ എട്ടാം സ്ഥാനത്തുമാണ് രാജ്യം.

അതിനിടെ, ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ അടുപ്പക്കാരായ പ്രമുഖ സെലിബ്രിറ്റികൾ വർഷങ്ങൾക്ക് മുൻപ് ഇന്ധനവില വർധനയ്‌ക്കെതിരെ നടത്തിയ വിമർശങ്ങൾ പരിശോധിക്കുന്നത് രസകരമാകും. പ്രത്യേകിച്ചും ഇപ്പോൾ വിലവർധനയ്‌ക്കെതിരെ ഒരക്ഷരം ഉരിയാടാത്തവരാണ് ഇവരെല്ലാമെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

മുംബൈയിലെ 'ക്യൂവിൽ കുടുങ്ങിയ' അക്ഷയ്കുമാർ

അന്താരാഷ്ട്രതലത്തിൽ ബി.ജെ.പിയുടെ അപ്രഖ്യാപിത അംബാസഡറാണ് ബോളിവുഡ് നടൻ അക്ഷയ് കുമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും അടുപ്പക്കാരനായ താരം കേന്ദ്ര സർക്കാരിന്റെ വിവാദ നയങ്ങളെയെല്ലാം ന്യായീകരിച്ചും പ്രശംസിച്ചും രംഗത്തെത്താറുണ്ട്. എന്നാൽ, 2012ൽ മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് ഇന്ധന വിലക്കയറ്റത്തിന്റെ രൂക്ഷവിമർശകനായിരുന്നു അക്ഷയ് കുമാർ. എന്നാൽ, ഇപ്പോൾ നൂറും കടന്ന് കുതിച്ചുയരുന്ന ഇന്ധന വിലക്കയറ്റത്തിൽ അദ്ദേഹം ഒരക്ഷരം പോലും മിണ്ടിയിട്ടില്ല.

2012ൽ അക്ഷയ്കുമാർ ട്വിറ്ററിൽ ഇട്ട ഒരു കുറിപ്പ് ഇങ്ങനെയാണ്: ''സുഹൃത്തുക്കളേ, നിങ്ങളുടെ സൈക്കിളുകൾ വൃത്തിയാക്കി റോട്ടിലിറക്കേണ്ട സമയമാണിത്. വിവിധ സ്രോതസുകളിൽനിന്ന് ലഭിക്കുന്ന വിവരപ്രകാരം ഇനിയും പെട്രോൾവില കൂടുമെന്നാണ് അറിയുന്നത്.''


ഈ ട്വീറ്റ് 2018ൽ ഇന്ധനവിലക്കയറ്റത്തിന്റെ സമയത്ത് സമൂഹമാധ്യമങ്ങൾ കുത്തിപ്പൊക്കിയതോടെ അക്ഷയ്കുമാർ തന്നെ ഡിലീറ്റ് ചെയ്‌തെന്നാണ് വിവരം. അതേസമയം, പെട്രോൾ-ഡീസൽ വിലക്കയറ്റത്തെ രൂക്ഷമായി വിമർശിക്കുന്ന താരത്തിന്റെ വേറെയും പഴയ ട്വീറ്റുകൾ ഇപ്പോഴും കാണാവുന്നതാണ്.


ഇനിയും വില കുതിച്ചുയരുന്നതിനുമുൻപ് പെട്രോൾ അടിക്കാൻ മുംബൈ മുഴുവൻ ക്യൂവിൽ ആയിരുന്നതുകൊണ്ട് (കഴിഞ്ഞ ദിവസം) രാത്രി വീട്ടിലെത്താൻ പോലുമായില്ലെന്നാണ് 2011 മേയ് 16ന് ഇട്ട ഒരു ട്വീറ്റിൽ പരിഹസിക്കുന്നത്. 2012 ജൂലൈ 15ലെ ഒരു ട്വീറ്റിലുള്ള പരിഹാസം ഇങ്ങനെയാണ്:'' Rs. 62 എന്ന് (ട്വിറ്ററിൽ) ട്രെൻഡാകുന്നത് കണ്ടപ്പോൾ വിചാരിച്ചത് പെട്രോൾ വില കുറച്ചതാകുമെന്നാണ്. അല്ലെങ്കിൽ 62 കോടിയുടെ പുതിയ അഴിമതി വല്ലതുമായിരിക്കും.''

ബിഗ് ബിയുടെ പെട്രോൾ ട്രോൾ

അക്ഷയ് കുമാർ ഒറ്റയ്ക്കല്ല. ബോളിവുഡിന്റെ ബിഗ് ബിയും മൻമോഹൻ സിങ് സർക്കാരിൻരെ കാലത്ത് പെട്രോൾ-ഡീസൽ വിലക്കയറ്റത്തിന്റെ കടുത്ത വിമർശകനായിരുന്നു. പലപ്പോഴും പരിഹാസങ്ങളിലൂടെയായിരുന്നു അമിതാഭ് ബച്ചൻ തന്റെ അമർഷം രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ ജനം വിലക്കയറ്റം കൊണ്ട് മുൻപെങ്ങുമില്ലാത്ത വിധം വലയുമ്പോൾ അദ്ദേഹത്തിന് ഒന്നും പറയാനില്ലെന്നതാണ് രസകരം.

2012 മേയ് 24ന് ട്വിറ്ററിൽ കുറിച്ച ഒരു കുറിപ്പിലെ പരിഹാസം ഇങ്ങനെയായിരുന്നു: ''പെട്രോൾ വില 7.5 രൂപ കൂടിയിരിക്കുന്നു. പെട്രോൾ പമ്പിലെ ജീവനക്കാരൻ(ചോദിക്കുന്നു): എത്ര അടിക്കണം? മുംബൈക്കാർ: 2-4 രൂപയ്ക്ക് കാറിൻരെ മുകളിൽ ഒഴിച്ചേക്ക്. കത്തിക്കാനാണ്..''

അനുപം ഖേറും അഗ്നിഹോത്രിയും

അടുത്തിടെ ഇറങ്ങിയ ബോളിവുഡ് ചിത്രം 'ദ കശ്മീർ ഫയൽസ്' സംവിധായകനാണ് വിവേക് അഗ്നിഹോത്രി. ചിത്രത്തിലെ മുഖ്യ വേഷം കൈകാര്യം ചെയ്തവരിൽ ഒരാളാണ് അനുപം ഖേർ. ചിത്രത്തിന് ബി.ജെ.പി നേതൃത്വവും ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളും വ്യാപകമായി പിന്തുണയും പ്രചാരണവും നൽകിയപ്പോൽ അതിന്റെ എല്ലാ ആനുകൂല്യങ്ങളും കൈപറ്റിയവരാണ് രണ്ടുപേരും. പരസ്യമായിതന്നെ സംഘ്പരിവാർ അനുഭാവികളായ രണ്ടുപേർക്കും ഇപ്പോൾ ഇന്ധന വിലക്കയറ്റമൊന്നും വലിയ പ്രശ്‌നമൊന്നുമല്ലെങ്കിലും പത്തുവർഷം മുൻപ് ഇതായിരുന്നില്ല സ്ഥിതി.

2012 ഒക്ടോബർ 14ന് അനുപം ഖേർ പങ്കുവച്ച ട്വീറ്റ് അതിനു തെളിവാണ്: എന്റെ ഡ്രൈവറോട് ചോദിച്ചു: ''എന്താ വൈകിയത്?'' (മറുപടി:) ''സർ, സൈക്കിളിലാണ് വന്നത്'' ''അപ്പോൾ മോട്ടോർസൈക്കിളിനെന്തു പറ്റി?'' അവന്റെ മറുപടി: ''സർ, അതിപ്പോൾ വീട്ടിൽ ഒരു കാഴ്ചവസ്തുവായി സൂക്ഷിച്ചിരിക്കുകയാണ്.''

അഗ്നിഹോത്രിയുടെ 2012 ജൂലൈ 24ലെ ട്വീറ്റും അന്നത്തെ അദ്ദേഹത്തിൻരെ വികാരം കൃത്യമായി പങ്കുവയ്ക്കുന്നുണ്ട്, പ്രത്യേകിച്ചും അഴിമതിക്കെതിരായ അമർഷം: ''പെട്രോൾവില പോലെ നിങ്ങളുടെ സന്തോഷവും വർധിക്കട്ടെ.. ഇന്ത്യൻ രൂപയെപ്പോലെ നിങ്ങളുടെ സങ്കടം കുത്തനെ ഇടിയട്ടെ. ഇന്ത്യയിലെ അഴിമതി പോലെ ആനന്ദം നിങ്ങളുടെ ഹൃദയം നിറയ്ക്കട്ടെ..''

2014ല്‍ കൂടിയ അത്ര കുറച്ചോ 2022ൽ?

നിലവിൽ ഡൽഹിയിൽ പെട്രോൾവില ലിറ്ററിന് 105.41 രൂപയാണ്. മുംബൈയിലത് 120.51 രൂപയും! ഡീസൽവില ഡൽഹിയിൽ ലിറ്ററിന് 96.67 ആണെങ്കിൽ മുംബൈയിൽ സെഞ്ച്വറി കടന്ന് 104.77 രൂപയായിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് പെട്രോൾ വില തിരുവനന്തപുരത്ത് 117.19 രൂപ, എറണാകുളത്ത് 115.29, കോഴിക്കോട്ട് 115.62 രൂപ എന്നിങ്ങനെയാണ്. ഡീസലിന് യഥാക്രമം 103.95, 102.16, 102.50 എന്നിങ്ങനെയുമാണ് നിരക്ക്.

എന്നാൽ, കഴിഞ്ഞ ദിവസം 2014ലെയും ഇപ്പോഴത്തെയും ഇന്ധനവില താരതമ്യം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിപ്പിട്ടിരുന്നു. 'പ്രധാൻമന്ത്രി ജൻ ധൻ ലൂട്ട് യോജന' എന്ന പേരിലായിരുന്നു ട്വീറ്റ്. രാജ്യത്ത് മോദി സർക്കാർ അധികാരത്തിൽ വരുന്നതിനു മുൻപും ശേഷവും വിവിധ വാഹനങ്ങൾ ഫുൾ ടാങ്ക് അടിക്കാൻ വേണ്ട ഇന്ധനത്തിൻറെ വിലയാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്.

സ്‌കൂട്ടർ, ബൈക്ക് ഫുൾ ടാങ്ക് അടിക്കാൻ 714 രൂപയാണ് 2014 മേയിൽ വേണ്ടിയിരുന്നത്. ഇന്നത് 1,038 രൂപയായി. അതായത് 324 രൂപയുടെ വർധന. കാർ ഫുൾ ടാങ്ക് അടിക്കാൻ 2014ൽ 2,856 രൂപ മതിയായിരുന്നു. ഇന്ന് 4,152 രൂപ വേണം. അതായത് ഇതിൽ 1,296 രൂപയുടെ വർധനയുമുണ്ടായി.

ട്രാക്ടറിൽ എണ്ണ നിറയ്ക്കാൻ 2,749 രൂപ മതിയായിരുന്നു 2014ൽ. ഇന്നത് 4,563 രൂപയായി. 1,814 രൂപയുടെ വർധന. ട്രക്ക് ഫുൾ ടാങ്കടിക്കാൻ 11,456 രൂപയാണ് 2014ൽ ചെലവാക്കേണ്ടിയിരുന്നത്. ഇന്നത് 19,014 രൂപയായി. 7,558 രൂപയുടെ വർധന.

2014ൽ ക്രൂഡോയിൽ വില ഇപ്പോഴത്തേക്കാളും കൂടുതലുമായിരുന്നുവെന്ന കാര്യവുമുണ്ട്. 2014 മേയ് 26ന് ക്രൂഡ് ഓയിൽ വില 108.05 ഡോളർ ആയിരുന്നുവെങ്കിൽ, 2022 ഏപ്രിൽ നാലിന് 99.42 ഡോളറായി കുറഞ്ഞിട്ടുണ്ട്. അപ്പോഴും ഇന്ധനവില കുതിച്ചുയരുകയായിരുന്നു.

Summary: Old tweets of Akshay Kumar, Amitabh Bachchan and co where they trolled and criticized severely central government on fuel price hike

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News