'ഇന്ത്യ ഹിന്ദു രാഷ്ട്രം; എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കൾ'; വാദം ആവർത്തിച്ച് ആർഎസ്എസ് മേധാവി

'ചിലർ ഇത് മനസിലാക്കിയിട്ടുണ്ട്, ചിലർ മനസിലാക്കിയിട്ടും അവരുടെ ശീലങ്ങളും സ്വാർഥതയും കാരണം നടപ്പാക്കുന്നില്ല.'

Update: 2023-09-01 10:49 GMT

ന്യൂഡൽഹി: ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഹിന്ദു എല്ലാ ഇന്ത്യക്കാരെയും പ്രതിനിധീകരിക്കുന്നതായും മോഹൻ ഭാ​ഗവത് പറഞ്ഞു. ഡൽഹിയിൽ ദൈനിക് തരുൺ ഭാരത് പത്രം നടത്തുന്ന ശ്രീ നർകേസരി പ്രകാശൻ ലിമിറ്റഡിന്റെ പുതിയ കെട്ടിടമായ ‘മധുകർ ഭവൻ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആർഎസ്എസ് മേധാവി.

'ഹിന്ദുസ്ഥാൻ ഒരു ഹിന്ദു രാഷ്ട്രമാണ്. അതൊരു യാഥാർഥ്യമാണ്. ആശയപരമായി എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണ്. ഹിന്ദു എന്നാൽ ഭാരതീയൻ എന്നാണ് അർഥം. ഇന്ന് ഭാരതത്തിൽ ഉള്ളവരെല്ലാം ഹിന്ദു സംസ്‌കാരവുമായും ഹിന്ദു പൂർവികരുമായും ഹിന്ദു ഭൂമിയുമായും ബന്ധപ്പെട്ടവരാണ്. അല്ലാതെ മറ്റൊന്നുമല്ല'- ഭാഗവത് പറഞ്ഞു.

Advertising
Advertising

ചിലർ ഇത് മനസിലാക്കിയിട്ടുണ്ട്, ചിലർ മനസിലാക്കിയിട്ടും അവരുടെ ശീലങ്ങളും സ്വാർഥതയും കാരണം നടപ്പാക്കുന്നില്ല. ചിലർക്ക് ഇതുവരെ മനസിലായിട്ടില്ല. അല്ലെങ്കിൽ മറന്നുപോയി. നമ്മുടെ പ്രത്യയശാസ്ത്രം ലോകമെമ്പാടും ആവശ്യപ്പെടുന്നതാണെന്നും വാസ്തവത്തിൽ അതിന് ബദലില്ലെന്നും ഭ​ഗവത് അവകാശപ്പെട്ടു.

നേരത്തെയും ഇതേ വാദവുമായി മോ​ഹൻ ഭാ​ഗവത് രം​ഗത്തെത്തിയിരുന്നു. ഇന്ത്യയിലെ എല്ലാ ജനങ്ങളും ആർഎസ്എസിന് ഹിന്ദുക്കളാണെന്നായിരുന്നു 2019ൽ ഭാഗവത് പറഞ്ഞത്. ആര്‍എസ്എസ് ആരെയെങ്കിലും ഹിന്ദു എന്ന് വിളിക്കുകയാണെങ്കില്‍ അവര്‍ ഇന്ത്യയെ മാതൃരാജ്യമായി കണ്ട് സ്നേഹിക്കുന്നവരാകുമെന്നും ഏത് ഭാഷ സംസാരിക്കുന്നവരാണെങ്കിലും ഏത് മതവിശ്വാസം പിന്തുടരുന്നവരാണെങ്കിലും ആരാധന നടത്തുന്നവരാണെങ്കിലും അല്ലെങ്കിലും ഇന്ത്യയുടെ മക്കള്‍ ഹിന്ദുക്കളാണെന്നും മോഹൻ ഭാഗവത് പറഞ്ഞിരുന്നു.

പ്രസ്താവനയ്‌ക്കെതിരെ വിവിധ കക്ഷിനേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. മോഹൻ ഭാ​ഗവതിനെതിരെ പരാതിയുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് വി ഹനുമന്ത റാവു രം​ഗത്തെത്തുകയും ചെയ്തിരുന്നു. 130 കോടി ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന് പറഞ്ഞ് ജനങ്ങളുടെ വികാരത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി റാവു പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്കെതിരെ മുൻ കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയും രം​ഗത്തെത്തിയിരുന്നു. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളണെന്ന് പറയുന്നത് ശരിയല്ലെന്ന് അത്താവാലെ വ്യക്തമാക്കി.

ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദുത്വം ഇന്ത്യയിലെ ഓരോ പൗരന്‍റെയും സാംസ്കാരിക പൗരത്വമാണെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അവകാശപ്പെട്ടിരുന്നു. 'ഇന്ത്യയിൽ നിന്ന് ഹജ്ജിന് പോകുന്നവരെ അവിടെ ഹിന്ദുവായാണ് കാണുന്നത്. അവരെ അവിടെ ആരും ഹാജിയായി പരിഗണിക്കുന്നില്ല. അവരെ ഇസ്‌ലാമായി സ്വീകരിക്കുന്നില്ല. അവിടെ ഹിന്ദുവിന്‍റെ പേരിലാണ് അറിയപ്പെടുന്നത്. ഇങ്ങനെ നോക്കുമ്പോൾ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. കാരണം, ഇന്ത്യയിലെ എല്ലാ പൗരന്മാരും ഹിന്ദുവാണ്'- എന്നാണ് യോഗി പറഞ്ഞത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News